മൂടാടിയില്‍ രാത്രി കാലങ്ങളില്‍ പൊതുസ്ഥലങ്ങളില്‍ മാലിന്യങ്ങള്‍ വലിച്ചെറിയുന്നവര്‍ക്ക് പിടിവീഴും; പഞ്ചായത്ത് ഉദ്യോഗസ്ഥന്മാരുടെ നേതൃത്വത്തില്‍ നൈറ്റ് സ്‌ക്വാഡ് പ്രവര്‍ത്തന സജ്ജം


മൂടാടി: ഗ്രാമപഞ്ചായത്തില്‍ ഉദ്യോഗസ്ഥന്‍മാരുടെ നേതൃത്വത്തില്‍ നൈറ്റ് സ്‌ക്വാഡ് പ്രവര്‍ത്തനമാരംഭിച്ചു. ഖരമാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ടാണ് നൈറ്റ് സ്‌ക്വാഡിന് രൂപം നല്‍കിയിരിക്കുന്നത്. ഗ്രാമപഞ്ചായത്തിലെ ഉദ്യോഗസ്ഥരാണ് സ്‌ക്വാഡിലെ അംഗങ്ങള്‍.

ആദ്യ ഘട്ട പ്രവര്‍ത്തനമെന്ന നിലയില്‍ മൂടാടിയില്‍ രാത്രി കാലങ്ങളില്‍ മാലിന്യങ്ങള്‍ വലിച്ചെറിയുന്ന സ്ഥലങ്ങളില്‍ പരിശോധന നടത്തി. സന്നദ്ധ പ്രവര്‍ത്തകരുടെ സഹകരണത്തോടെയാണ് പരിശോധന നടത്തിയത്. സെക്രട്ടറി എം.ഗിരീഷ് അസിസ്റ്റന്റ് സെക്രട്ടറി ടി.ഗിരീരീഷ് കുമാര്‍ ഹെഡ് ക്‌ളാര്‍ക് രാഗേഷ് ഡ്രൈവര്‍ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ നേത്യത്വം നല്‍കി.

പഞ്ചായത്തുകളില്‍ ചില കേന്ദ്രങ്ങളില്‍ രാത്രി കാലങ്ങളില്‍ മാലിന്യങ്ങള്‍ തള്ളിയിടുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്ന് സ്‌ക്വാഡ് അംഗമായ പഞ്ചായത്ത് സെക്രട്ടറി എം.ഗിരീഷ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ഇത്തരക്കാരെക്കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്കും നല്‍കാവുന്നതാണ്. വിവരങ്ങള്‍ നല്‍കുന്നവരുടെ വിശദാംശങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഹരിതകര്‍മ്മ സേന, കുടുംബശ്രീ, വാര്‍ഡ് മെമ്പര്‍മാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, വാര്‍ഡുതല സ്‌ക്വാഡുകള്‍, പൊതുജനങ്ങള്‍ എന്നിവരുടെയെല്ലാം സഹകരണത്തോടെ സ്‌ക്വാഡ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാനാണ് ആലോചിക്കുന്നത്. മാലിന്യങ്ങള്‍ പരിശോധിച്ച് അത് തള്ളിയവരെ കണ്ടെത്താനുള്ള ശ്രമങ്ങളും തുടരും. കുറ്റക്കാര്‍ക്കെതിരെ നിയമപ്രകാരമുള്ള ഫൈന്‍ അടയ്ക്കം എല്ലാ ശിക്ഷാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.