തോരായിക്കടവ് പാലനിര്‍മ്മാണം പുരോഗമിക്കുന്നു; പൈലിംങ് പ്രവൃത്തി തുടങ്ങി



കൊയിലാണ്ടി: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ തോരായിക്കടവ് പാലം നിര്‍മ്മാണം ആരംഭിച്ചു. പാലം നിര്‍മ്മാണത്തിന്റെ ഭാഗമായി പൈലിങ് പ്രവൃത്തിയാണ് തുടങ്ങിയിരിക്കുന്നത്. ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ തുവ്വക്കോടിനെയും അത്തോളി ഗ്രാമ പഞ്ചായത്തിലെ കൊടശ്ശേരിയെയും ബന്ധിപ്പിക്കുന്ന തരത്തിലാണ് പാലം നിര്‍മ്മിക്കുന്നത്.

ഓഗസ്റ്റ് മൂന്നിന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പാലം നിര്‍മ്മാണത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചിരുന്നു. ഇതോടെ അത്തോളി- പൂക്കാട് നിവാസികളുടെ ഏറെക്കാലത്തെ ആവശ്യമാണ് നിറവേറാന്‍ പോവുന്നത്.

കിഫ്ബി ഫണ്ടില്‍ നിന്നും 23.82 കോടി രൂപ ചിലവഴിച്ചാണ് പാലം നിര്‍മ്മിക്കുന്നത്. ബോ സ്ട്രിങ് ആര്‍ച്ച് രൂപത്തിലാണ് പാലം നിര്‍മ്മാണം. 265 മീറ്റര്‍ നീളവും 11 മീറ്റര്‍ വീതിയിലുമാണ് പാലം നിര്‍മ്മിക്കുന്നത്. പാലത്തിന്റെ നടുവില്‍ 55 മീറ്റര്‍ നീളത്തിലും ജലവിതാനത്തില്‍ നിന്ന് ആറ് മീറ്റര്‍ ഉയരത്തിലുമാണ് നിര്‍മ്മാണ ഘടന നിശ്ചയിച്ചിരിക്കുന്നത്. മഞ്ചേരി ആസ്ഥാനമായുളള പി.എം.ആര്‍. കമ്പനിക്കാണ് കരാര്‍ നല്‍കിയിരിക്കുന്നത്. 18 മാസമാണ് നിര്‍മ്മാണ കാലാവധി.

പാലം പണി പൂര്‍ത്തിയാവുന്നതോടെ ടൂറിസം മേഖലയ്ക്ക് ഗുണകരമാവും. അത്തോളി- ബാലുശ്ശേരി ഭാഗങ്ങളില്‍ നിന്നും നേരിട്ട് പൂക്കാട് എത്താന്‍ സാധിക്കും. ഇതോടെ കാപ്പാട് ടൂറിസം കൂടുതല്‍ വികസിക്കുമെന്നാണ് കണക്കുകൂട്ടല്‍. വയനാട്- തുഷാരഗിരി- കാപ്പാട് എന്നീ ടൂറിസം മേഖലയ്ക്കും തോരായിക്കടവ് പാലം ഗുണകരമാവും.