കേരളത്തിലെ പല ക്ഷേത്രങ്ങളിലും കാണാം ഈ കാലാകാരന്റെ സര്‍ഗ്ഗസൃഷ്ടികള്‍; ശില്പ ചിത്രകലകളില്‍ പുതുചലനങ്ങള്‍ തീര്‍ത്ത് മേപ്പയ്യൂര്‍ സ്വദേശി ബിപിന്‍ലാല്‍


മേപ്പയൂർ: ശില്‍പ്പകലയില്‍ ചിത്രകലയിലും പുതു ചലനങ്ങള്‍ തീര്‍ക്കുകയാണ് മേപ്പയ്യൂര്‍ വളളുപറമ്പില്‍ ബിപിന്‍ലാല്‍. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി ചിത്ര ശില്‍പ്പ കലാരംഗത്ത് സജീവായ ബിപിന്‍ലാല്‍ ഉപജീവനവഴിയായി തെരഞ്ഞെടുത്തതും കലാശേഷിയെയാണ്.

ബിപിന്‍ലാല്‍ ഇതിനകം നിരവധി ക്ഷേത്രങ്ങളിലും സ്ഥാപനങ്ങളിലും വീടുകളിലും വൈവിദ്ധ്യങ്ങളായ കലാസൃഷ്ടികള്‍ ചെയ്തിട്ടുണ്ട്. ക്ഷേത്ര കലയുമായി ബന്ധപ്പെട്ട ചുമര്‍ ചിത്രങ്ങള്‍, മുഖപ്പുകള്‍ എന്നിവയും പാരമ്പര്യ രീതിയില്‍ ചെയ്തു വരുന്നു.

ചെറുപ്പം മുതലേ ശില്പകലയോട് താല്‍പര്യം കാട്ടിയിരുന്നെന്നും ഒരു സുഹൃത്ത് വഴി ഇരിങ്ങള്‍ സര്‍ഗ്ഗാലയ കലാഗ്രാമത്തിലെ ആര്‍ട്ടിസ്റ്റ് നവീന്‍ കുമാറിനെ പരിചയപ്പെടാന്‍ ഇടയായതാണ് ജീവിതത്തിലെ വഴിത്തിരിവെന്നാണ് ബിപിന്‍ലാല്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞത്. അദ്ദേഹത്തില്‍ നിന്നാണ് ശില്‍പ്പകലയിലെയും ചിത്രകലയിലെയും ആദ്യപാഠങ്ങള്‍ പരിശീലച്ചത്.

നവീനോടൊപ്പം നിരവധി ക്ഷേത്രങ്ങളില്‍ പഴയ ചുമര്‍ ചിത്രങ്ങള്‍ സംരക്ഷിക്കാനുളള പ്രവര്‍ത്തനത്തില്‍ ബിപിന്‍ലാല്‍ പങ്കാളിയായിട്ടുണ്ട്. പുരാവസ്തു വകുപ്പിന്റെ നേതൃത്വത്തില്‍ പഴയ ചുമര്‍ ചിത്രങ്ങള്‍ സംരക്ഷിക്കാനുളള പ്രവര്‍ത്തനത്തിലും ബിപിന്‍ലാലും ഉണ്ടായിരുന്നു. തൊടിക്കുളം ക്ഷേത്രം, ബാലുശ്ശേരി കോട്ട ക്ഷേത്രം എന്നിവിടങ്ങളില്‍ ചുമര്‍ ചിത്രങ്ങള്‍ പുനരുദ്ധരിച്ചു. കേരളത്തിലങ്ങോളമിങ്ങോളം ക്ഷേത്രങ്ങളുടെ പഞ്ചരം, ഘനദ്വാരം മുതലായ അലങ്കാര പണികളും, പൂര്‍ണ്ണമായ ശില്‍പ്പങ്ങളും തൂണുകളില്‍ അലങ്കാര കൊത്തു പണികളും ചെയ്തിട്ടുണ്ട്. വെളളികുളങ്ങര ശിവക്ഷേത്രം, കൊഴുക്കല്ലൂര്‍ശിവക്ഷേത്രം, മേപ്പയില്‍ ഗണപതി ക്ഷേത്രം, മണിയൂര്‍ തെരു ഗണപതി ക്ഷേത്രം എന്നിവിടങ്ങളില്‍ ശില്‍പ്പങ്ങളും കൊത്തു പണികളും നിര്‍മ്മിച്ചിട്ടുണ്ട്.

സിമന്റിലാണ് ബിപിന്‍ലാല്‍ ശില്പങ്ങള്‍ തീര്‍ക്കുന്നത്. മ്യൂറല്‍ പെയിന്റിങ്ങും ചെയ്യും. കോവിഡ് കാലമായതോടെ അല്പം ബുദ്ധിമുട്ടിലായെങ്കിലും ഈ സമയത്ത് വീട്ടിലിരുന്ന് ചിത്രകലയില്‍ ഏറെ ശ്രദ്ധിക്കാന്‍ പറ്റിയെന്നാണ് അദ്ദേഹം പറയുന്നത്.

സാംസ്‌ക്കാരിക സ്ഥാപനങ്ങളിലും,വീടുകളിലും അലങ്കാര ശില്‍പ്പങ്ങളും തൂണുകളും ചെയ്തു വരുന്നു. സമിന്റില്‍ ജീവന്‍ തുടിക്കുന്ന ധാരാളം ശില്‍പ്പങ്ങള്‍ ബിപിന്‍ലാല്‍ നിര്‍മ്മിച്ചിട്ടുണ്ട്. താന്‍ ആര്‍ജ്ജിച്ച കഴിവുകള്‍ ഈ രംഗത്ത് താല്‍പര്യമുള്ള പുതിയ കുട്ടികള്‍ക്ക് പറഞ്ഞകൊടുക്കാന്‍ ഏറെ താല്‍പര്യമുണ്ടെന്ന് പറയുകയാണ് ബിപിന്‍ലാല്‍. അത്തരം ആളുകള്‍ യാതൊരു മടിയും കൂടാതെ തന്നെ സമീപിക്കാമെന്നും അദ്ദേഹം പറഞ്ഞു.

മേപ്പയ്യൂര്‍ കോക്കര്‍ണ്ണി ക്ഷേത്രത്തിന് മീപനമാണ് ബിപിന്‍ലാലും കുടുംബവും താമസിക്കുന്നത്. ബാബുവിന്റെയും പൗര്‍ണ്ണമിയുടെയും മകനാണ് ബിപിന്‍ലാല്‍. ഭാര്യ അശ്വതി. ബിന്ന അഞ്ജലീന മകളാണ്.