മത്സരം അവസാനിക്കാറായപ്പോൾ കോടതി വിധി എത്തി, ‘നിങ്ങൾക്ക് പങ്കെടുക്കാം’; പൊരുതി, മത്സരിച്ചു, ജില്ലയിൽ ഒന്നാമതായി; 15-ാം തവണയും കോൽക്കളിയിൽ വിജയമാവർത്തിച്ച് തിരുവങ്ങൂർ എച്ച്. എസ്.എസ്


വടകര: ആകാംഷ നിറഞ്ഞ നിമിഷങ്ങൾക്കൊടുവിൽ അവരെ തേടി ആ വാർത്തയെത്തി, നിങ്ങൾക്ക് ജില്ലാ കലോത്സവത്തിൽ മത്സരിക്കാം. കോടതി വിധിയുമായെത്തി അവർ നേടിയെടുത്തു അർഹതപ്പെട്ട വിജയം. കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവത്തിലാണ് തിരുവങ്ങൂർ ഹയർ സെക്കന്ററി സ്കൂൾ ടീം വിജയിച്ച് കയറിയത്.

കൊയിലാണ്ടി സബ് ജില്ലാ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം കോൽക്കളിയിൽ രണ്ടാം സ്ഥാനമാണ് സ്കൂളിന് ലഭിച്ചത്. തോറ്റുകൊടുക്കാൻ തയ്യാറാകാതെ അവർ അപ്പീലുമായി ഡി.ഇ.ഒയെ സമീപിച്ചു. എന്നാൽ നിരാശയായിരുന്നു ഫലം. പിൻമാറാതെ വീണ്ടും പൊരുതി. കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയാണ് അവർ വേദിയിലെത്തിയത്.

മുത്തു നബിയുടെ ഹള്റത്തിൽ എന്ന് തുടങ്ങുന്ന പാട്ടിന്റ താളത്തിൽ ചുവട് വെച്ച് ആർജ്ജവത്തോടെ കളിച്ചപ്പോൾ അവർ നേടിയെടുത്തത് സംസ്ഥാന തല മത്സരത്തിലേക്കുള്ള യോഗ്യത കൂടിയാണ്. മാപ്പിളപ്പാട്ടിന്റ ഈണത്തിൽ മെയ്വഴക്കത്തോടെ ചുവടുകൾ വെച്ചവർ കോൽക്കളിയിൽ വീണ്ടും ആതിപഥ്യം ഉറപ്പിച്ചു. 14 വർഷമായി ജില്ലയെ പ്രതിനിധീകരിച്ച് കോൽക്കളിയിൽ സംസ്ഥാന തലത്തിൽ മത്സരിക്കാൻ സ്കൂളിന് സാധിച്ചിട്ടുണ്ട്. തുടർച്ചയായി മൂന്നുതവണ സംസ്ഥാനതലത്തിലും ഒന്നാമതായിരുന്നു.

നാല് ടീമുകളും കൂടെ മത്സരിക്കാൻ ബാക്കി നിൽക്കേയാണ് കോടതിയിൽ നിന്ന് അനുകൂല വിധി ലഭിച്ചത്. കുട്ടികളെയെല്ലാം ഒരുക്കി നിർത്തി വിധിക്കായി കാത്തിരിക്കുകയായിരുന്നെന്ന് ഖാലിദ് ഗുരുക്കൽ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. അർഹതയ്ക്കുള്ള അം​ഗീകാരമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുഹമ്മദ് ആദിൽ, മുഹമ്മദ് നിഹാൽ, റുക്ക്നുദീൻ, അലി ഹംദാൻ, മുഹമ്മദ് റിസ്വാൻ,മുഹമ്മദ് അമൽ, മുഹമ്മദ് ഷഹീം, അജ്സൽ, ഇർഫാൻ, ഹാദിക്ക്, അമീൻ, അന്നാ , സ്വാലിഹ്, ദശകുമാരചരിത എന്നിവരാണ് മികച്ച പ്രകടനം കാഴ്ചവച്ചത്. കഴിഞ്ഞ മൂന്ന് മാസക്കാലമായി മത്സരത്തിനായ കഠിന പരിശ്രമത്തിലായിരുന്നു വിദ്യാർത്ഥികൾ.

Summary: Thiruvangoor hss won first place in Kolkali in district art festival.