പഞ്ചാര മാവിനെയും കൂട്ടരെയും സ്‌നേഹിച്ച മറിയാമ്മയായി തകര്‍ത്തഭിനയിച്ച് മാളവിക.എസ്; ജില്ലാ കലോത്സവത്തില്‍ യു.പി വിഭാഗം മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട് വൃന്ദാവനം എ.യു.പി സ്‌കൂളിലെ അഞ്ചാം ക്ലാസുകാരി


പേരാമ്പ്ര: കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവത്തില്‍ യു.പി വിഭാഗം മികച്ച നടിയായി കുന്നുമ്മല്‍ ചാലില്‍ സജിയുടെ മകള്‍ എസ്. മാളവിക തിരഞ്ഞെടുക്കപ്പെട്ടു. ‘പഞ്ചാരമാവ്’ എന്ന നാടകത്തിലെ അഭിനയത്തിനാണ് ഈ കൊച്ചു മിടുക്കി മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

നാടകത്തില്‍ മുന്നേ അഭിനയിച്ചിട്ടൊന്നുമില്ല, ആദ്യമായി മത്സരിക്കുന്നത് സബ് ജില്ലാ കലോത്സവത്തിലാണ്. അതിനെത്തുടര്‍ന്നാണ് ജില്ലാ തലത്തിലേക്ക് എത്തിയത്. ആ മത്സരത്തില്‍ തന്നെ മികച്ച നടിയായി മകള്‍ തിരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്ന് മാളവികയുടെ അമ്മയും അംഗനവാടി അധ്യാപികയുമായ
സുജാത പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

ലിനീഷ് നരയംകുളം സംവിധാനം ചെയ്ത് കെ. രഞ്ജിത്ത് രചിച്ച പഞ്ചാരമാവെന്ന നാടകം വിദേശത്തുള്ള മക്കള്‍ തനിച്ചാക്കിപ്പോയ മറിയാമ്മ എന്ന സ്ത്രീയെയും പഞ്ചാരമാവിന്റെയും അതിലെ അണ്ണാരക്കണ്ണന്‍, പക്ഷികള്‍ എന്നിവരെയൊക്കെ പ്രമേയമാത്തിയാണ് കഥ പറയുന്നത്. ഇതില്‍ മറിയാമ്മയാണ് മാളവിക.

നാടകത്തിലുപരി രചനാ മത്സരങ്ങളിലും മോണോആക്ടിലും നൃത്ത മത്സരങ്ങളിലും എല്ലാം പങ്കെടുക്കാറുണ്ട്. പഠനത്തിലും ഒട്ടും പുറകിലല്ല മാളവിക. കഴിഞ്ഞ വര്‍ഷത്തെ എല്‍.എസ്.എസ് പരീക്ഷയിലും വിജയിച്ചിട്ടുണ്ടെന്നും പറഞ്ഞു.

വൃന്ദാവനം എ.യു.പി സ്‌കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയാണ് മാളവിക. സഹോദരന്‍ മാനവ്.

[