വീണ്ടും അരങ്ങിനെ ഞെട്ടിച്ച് തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍; ‘ഓസ്‌കാര്‍ പുരുഷുവിന്’ സംസ്ഥാന തലത്തിലും ഒന്നാം സ്ഥാനം


തിരുവങ്ങൂര്‍: സംസ്ഥാന സ്‌ക്കൂള്‍ കലോത്സവത്തില്‍ എച്ച് എസ് വിഭാഗം മലയാള നാടക മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി വീണ്ടും സദസിനെ ഞെട്ടിച്ച് തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍. മത്സരത്തില്‍ ദല ആര്‍.എസ് മികച്ച നടിയായി തിരഞ്ഞെടുത്തു. കീര്‍ത്തന എസ് ലാല്‍ പ്രത്യേക പരാമര്‍ശത്തിനും അര്‍ഹയായി.

വീരാന്‍കുട്ടിയുടെ ‘മണികെട്ടിയതിനുശേഷമുള്ള പൂച്ചയുടെയും എലികളുടെയും ജീവിതം’ എന്ന കവിതയെ അധികരിച്ച് ഒരുക്കിയ സ്വതന്ത്ര നാടക ആവിഷ്‌കാരമായ ‘ഓസ്‌കാര്‍ പുരുഷു’ എന്ന നാടകമാണ് കുട്ടികള്‍ അരങ്ങിലെത്തിച്ചത്‌. സ്‌കൂളിലെ അധ്യാപകന്‍ കൂടിയായ പ്രശസ്ത നാടകകൃത്ത് ശിവദാസ് പൊയില്‍ക്കാവാണ് നാടകത്തിന്റെ രചയിതാവും സംവിധായകനും.

ദല ആര്‍.എസ്, കീര്‍ത്തന എസ്.ലാല്‍, ആയിഷ ഹെബാന്‍, ലക്ഷ്മിപ്രിയ, ശ്രീപാര്‍വ്വതി, ലിയാന ബീവി, ശിവാനി ശിവപ്രകാശ്, ദൃശ സായി, വിശാല്‍, അര്‍ജുന്‍ ബാബു എന്നിവരാണ് നാടകത്തിലെ പ്രധാന അഭിനേതാക്കള്‍. സനിലേഷ് ശിവനാണ് നാടകത്തിന്റെ സഹസംവിധായകന്‍. ആസിഫ് അലി ചിത്രം കക്ഷി അമ്മിണിപ്പിള്ളയുടെ തിരക്കഥാകൃത്താണ് സനിലേഷ്.

പുഴു എന്ന മമ്മൂട്ടി ചിത്രത്തിന് രംഗകല നിര്‍വ്വഹിച്ച നീധീഷ് പൂക്കാടും ഹാറുണ്‍ അല്‍ ഉസ്മാനുമാണ് ഓസ്‌കാര്‍ പുരുഷുവിന്റെ കലാസംവിധാനം നിര്‍വ്വഹിച്ചത്. ഇരുവരും സ്‌ക്കൂളിലെ അധ്യാപകരാണ്‌. ചമയം ലിഗേഷ് പൂക്കാട്.

2008 മുതല്‍ കോഴിക്കോട് ജില്ലയിലെ പ്രതിനിധീകരിച്ച് നാടക മത്സരങ്ങളില്‍ സംസ്ഥാന തലത്തില്‍ പങ്കെടുത്തത് തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളാണ്. ഒമ്പതുവര്‍ഷത്തോളമായി കലോത്സവ വേദിയിലെത്തുന്ന സ്‌ക്കൂളിന് പലപ്പോഴും ഒന്നാം സ്ഥാനമോ രണ്ടാം സ്ഥാനമോ ലഭിക്കാറുമുണ്ട്‌.

കലോത്സവത്തിലെ വിജയത്തോടൊപ്പം ഓസ്‌കാര്‍ പുരുഷുവിനായി പങ്കെടുത്ത നാടക റിഹേഴ്‌സല്‍ ക്യാംപ് പരിസരമാക്കി സിനിമ ഒരുങ്ങുന്നതിന്റെ സന്തോഷത്തിലാണ് കുട്ടികളിപ്പോള്‍. ഏപ്രിലില്‍ ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും സനിലേഷ് ശിവനാണ്.