‘ഇന്നലെ വൈകുന്നേരം വരെ ഞങ്ങളോടൊക്കെ ചിരിച്ച് കളിച്ച് സംസാരിച്ചവനാണ്, പറഞ്ഞുപറഞ്ഞിരിക്കെ അമ്മയെ തനിച്ചാക്കി അവനും യാത്രയായി’; തിരുവങ്ങൂര്‍ സ്റ്റാന്റിലെ ഓട്ടോറിക്ഷാ ഡ്രൈവറായ വയലില്‍ രതീഷിന്റെ വേർപാട് താങ്ങാനാകാതെ സഹപ്രവർത്തകർ


തിരുവങ്ങൂര്‍: ”ഇന്നലെ വൈകുന്നേരം ആശുപത്രിയില്‍ പോകുന്നതുവരെ ഞങ്ങളോടൊക്കെ പതിവുപോലെ ചിരിച്ച് കളിച്ച് സംസാരിച്ചവനാണ്. പറഞ്ഞ് പറഞ്ഞ് അവനും മടങ്ങി” തിരുവങ്ങൂര്‍ ഓട്ടോ സ്റ്റാന്റില്‍ ജോലി ചെയ്തിരുന്ന വയലില്‍ രതീഷിന്റെ സഹപ്രവര്‍ത്തകരുടെ വാക്കുകളാണിത്. ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് കുറച്ചുകാലമായി ചികിത്സതേടുന്നുണ്ടായിരുന്നു രതീഷ്. കുറച്ചുമുമ്പ് ഒരു സര്‍ജറിയും കഴിഞ്ഞതാണ്. അതിനുശേഷം ഓട്ടോ സ്റ്റാന്റില്‍ വരികയും പതിവുപോലെ ജോലി കാര്യങ്ങളില്‍ സജീവവുമായിരുന്നെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.

രണ്ട് മൂന്ന് ദിവസമായി രതീഷ് ജോലിയ്‌ക്കെത്തിയിരുന്നില്ല. വീടിനടുത്തെ ക്ഷേത്രത്തില്‍ ഉത്സവാഘോഷങ്ങള്‍ നടക്കുന്നതിനാല്‍ അതിന്റെ തിരക്കിലായിരുന്നു. ഇന്നലെ വൈകുന്നേരവും ചില സുഹൃത്തുക്കളെ കണ്ടപ്പോള്‍ പതിവുരീതിയില്‍ ഇടപെടുകയും ചെയ്തിരുന്നു. എന്തെങ്കിലും ബുദ്ധിമുട്ടോ അസ്വസ്ഥതയോ ഉണ്ടായിരുന്നതായി തോന്നിയിരുന്നില്ലെന്നും സുഹൃത്തുക്കള്‍ പറയുന്നു. പിന്നീട് വേദന അനുഭവപ്പെട്ടതോടെയാണ് രതീഷ് ആശുപത്രിയില്‍ ചികിത്സ തേടിയതും മരണം സംഭവിച്ചതും.

രതീഷിന്റെ വിയോഗത്തോടെ വീട്ടില്‍ അമ്മ ദേവി തനിച്ചായി. അച്ഛന്‍ ഗോപി നേരത്തെ മരണപ്പെട്ടിരുന്നു. ഒരു വര്‍ഷം മുമ്പ് സഹോദരന്‍ ജിതേഷും മരണപ്പെട്ടിരുന്നു. ദേവിയുടെ എല്ലാ പ്രതീക്ഷയും ആശ്രയവും രതീഷായിരുന്നു.

മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഇന്ന് മൂന്നുമണിയോടെ സംസ്‌കരിച്ചു.