കാറും ബൈക്കും നല്‍കിയവര്‍, സമ്പാദ്യ കുടുക്കള്‍ നല്‍കിയ കുഞ്ഞുങ്ങള്‍, ജനങ്ങള്‍ വിജയിപ്പിച്ച പലതരം ചലഞ്ചുകള്‍; വയനാടിനായി ഡി.വൈ.എഫ്.ഐ പയ്യോളി ബ്ലോക്ക് കമ്മിറ്റി സമാഹരിച്ചത് പതിമൂന്ന് ലക്ഷം രൂപ


പയ്യോളി: റീബില്‍ഡ് വയനാട് ക്യാമ്പയിനിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ പയ്യോളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ ചലഞ്ചുകളിലൂടെ സമാഹരിച്ച തുക കൈമാറി. പതിമൂന്ന് ലക്ഷം രൂപയാണ് രണ്ടുമൂന്നാഴ്ചയ്ക്കുള്ളില്‍ സമാഹരിച്ചത്. തുക ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി പി.സി.ഷൈജുവിന് കൈമാറി.

ബിരിയാണി ചലഞ്ച്, ന്യൂസ് പേപ്പര്‍ ചലഞ്ച്, കോക്കനട്ട് ചലഞ്ച്, ആക്രിസാധനങ്ങള്‍ ശേഖരിക്കല്‍ തുടങ്ങിയവയിലൂടെയാണ് പ്രധാനമായും പണം സമാഹരിച്ചത്. അതിജീവനത്തിന്റെ ചായക്കടയും പയ്യോളിയില്‍ നടത്തിയിരുന്നു. ഡി.വൈ.എഫ്.ഐയുടെ ഈ ഉദ്യമത്തിന് ജനങ്ങളില്‍ നിന്ന് വലിയ പിന്തുണയാണ് ലഭിച്ചതെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്. പള്ളിക്കര മേഖല കമ്മിറ്റിയ്ക്ക് പ്രദേശവാസികളിലൊരാള്‍ പഴയ കാര്‍ നല്‍കി. കുറച്ചുപേര്‍ ബൈക്കുകള്‍ ഈ ഉദ്യമത്തിനായി സംഭാവന നല്‍കി.

ചെറിയ കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ ഈ ധനസമാഹകരണ യജ്ഞത്തില്‍ തങ്ങളാലവുംവിധം ഒപ്പം നിന്നെന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പറയുന്നു. നിരവധി കുട്ടികളാണ് അവരുടെ സമ്പാദ്യ കുടുക്കകളും കുഞ്ഞുകുഞ്ഞ് സമ്പാദ്യങ്ങളും കൈമാറിയത്. കോട്ടക്കല്‍, ഇരിങ്ങല്‍, പയ്യോളി നോര്‍ത്ത്, പയ്യോളി സൗത്ത്, തുറയൂര്‍, പള്ളിക്കര, പുറക്കാട്, മൂടാടി, മുചുകുന്ന്, ഇരിങ്ങത്ത്, തിക്കോടി, നന്തി എന്നിങ്ങനെയായി 12 മേഖലാ കമ്മിറ്റികളാണ് ഡി.വൈ.എഫ്.ഐ പയ്യോളി ബ്ലോക്കിന് കീഴിലുള്ളത്.

Summary: As part of the Rebuild Wayanad campaign,funds collected through various challenges by DYFI Payyoly Block Committee were handed over. Thirteen lakh rupees were collected within two to three weeks. The amount was handed over to DYFI District Secretary PC Shaiju.