തിക്കോടി അടിപ്പാത: കേന്ദ്ര മന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് മുഹമ്മദ് റിയാസ്, കലക്ട്രേറ്റില്‍ സംയുക്ത യോഗം വിളിക്കാനും തീരുമാനം


പയ്യോളി: ദേശീയപാതയില്‍ തിക്കോടി ടൗണില്‍ അടിപ്പാത അനുവദിക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസുമായി ചര്‍ച്ച നടത്തി. കാനത്തില്‍ ജമീല, തിക്കോടി പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ്, പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ ആര്‍.വിശ്വന്‍, സി.പി.എം പയ്യോളി ഏരിയ സെക്രട്ടറി എം.പി.ഷിബു, ജില്ലാ കമ്മിറ്റി അംഗം ഡി.ദീപ, തിക്കോടി ലോക്കല്‍ സെക്രട്ടറി ബിജു കളത്തില്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

തിക്കോടി അടിപ്പാതയ്ക്കുവേണ്ടി നേരത്തെ കൊടുത്ത പ്രൊപ്പോസല്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് മന്ത്രി അറിയിച്ചു. അടിപ്പാത വിഷയം ചര്‍ച്ച ചെയ്യാന്‍ ഒക്ടോബര്‍ അഞ്ചിന് രാവിലെ പതിനൊന്ന് കലക്ട്രേറ്റില്‍ ജില്ലാ കലക്ടറുടെയും ദേശീയപാത ഉദ്യോഗസ്ഥരുടെയും യോഗം വിളിക്കാനും തീരുമാനമായി.

തിക്കോടിയില്‍ നിലവിലെ അലൈന്‍മെന്റ് പ്രകാരം ദേശീയപാത പ്രവൃത്തി പൂര്‍ത്തിയായാല്‍ പഞ്ചായത്ത് ഓഫീസ്, ബാങ്ക്, ജില്ലാ തലത്തിലുള്ള കൃഷി ഭവന്‍, തിക്കോടി റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ എത്തിപ്പെടുകയെന്നത് റോഡിന്റെ മറുഭാഗത്തുള്ളവരെ സംബന്ധിച്ച് ബുദ്ധിമുട്ടാകും. മേഖലയിലെ പ്രധാന സ്‌കൂളുകളായ സി.കെ.ജി സ്‌കൂളുകളിലേക്കും പയ്യോളി ഹൈസ്‌കൂളിലേക്കും തീരദേശമേഖലയില്‍ നിന്നും നിരവധി കുട്ടികള്‍ പോകുന്നുണ്ട്. അടിപ്പാത ഇല്ലാതായാല്‍ ഇവരുടെ യാത്ര ബുദ്ധിമുട്ടിലാകും. നിലവില്‍ രണ്ടര കിലോമീറ്റര്‍ അകലെ നന്തിയിലും മറുഭാഗത്ത് ഏതാണ്ട് ഒരു കിലോമീറ്റര്‍ അകലെ പഞ്ചായത്ത് സ്റ്റോപ്പിലുമാണ് അടിപ്പാതയുള്ളത്. ഇതുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളും എന്‍.എച്ച്. അധികൃതര്‍ക്കും പലതവണ നിവേദനം സമര്‍പ്പിക്കുകയും നേരില്‍ കാണാവുന്നവരെ കണ്ട് ആശങ്ക അറിയിക്കുകയും ചെയ്‌തെങ്കിലും അനുകൂലമായ നടപടിയില്ലാത്തതിനാലാണ് ജനങ്ങള്‍ സമരവുമായി രംഗത്തെത്തിയത്.

Summary: Thikodi Underpass issue discussion with minister