അപകടങ്ങളുടെ തുടര്‍ക്കഥയായി തിക്കോടി ബീച്ച്; അപകടത്തില്‍പ്പെട്ടവര്‍ക്ക് രക്ഷകരായെത്തിയത് മത്സ്യത്തൊഴിലാളികള്‍, അടിസ്ഥാന സുരക്ഷാ ക്രമീകരണങ്ങള്‍ പോലും ഇല്ലാത്തതില്‍ വന്‍പ്രതിഷേധം ഉയരുന്നു


തിക്കോടി: തിക്കോടി കല്ലകത്ത് ബീച്ചില്‍ അപകടത്തില്‍പ്പെട്ടവരെ ജീവന്‍പണയം വെച്ച് രക്ഷപ്പെടുത്തിയത് സമീപത്തെ മത്സ്യബന്ധന തൊഴിലാളികള്‍. ബീച്ചില്‍ അടിസ്ഥാന സുരക്ഷാക്രമീകരണങ്ങള്‍ പോലും ഇല്ലാത്തതില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. ബീച്ചിലെത്തുന്നവരുടെ ജീവന് യാതൊരു സുരക്ഷയുമൊരുക്കാത്തതിനാല്‍ പലപ്പോഴും പ്രദേശവാസികളാണ് രക്ഷകാരായി എത്തുന്നത്.

ഇന്നലെ വൈകീട്ടോടെയാണ് തിക്കോടി കല്ലകത്ത് കടലില്‍ ഇറങ്ങിയ അഞ്ച് പേര്‍ തിരയില്‍പ്പെട്ട് നാല് പേര്‍ മരിച്ചത്. സംഭവ സ്ഥലത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളാണ് ഒരാളുടെ ജീവന്‍ രക്ഷിച്ചതും ബാക്കി നാല് പേരുടെ മൃതദേഹം കണ്ടെത്തിയതും. പെട്ടെന്നുണ്ടായ അടിയൊഴുക്കില്‍പ്പെട്ട് അഞ്ച് പേരും ഒഴുകിപോവുകയായിരുന്നു. ഇതോടെ ഇവര്‍ക്കൊപ്പമുണ്ടായിരുന്നവര്‍ ബഹളം വച്ചു.

ബഹളം കേട്ടി ഓടിയെത്തിയ തലോടി സ്വദേശി അനീഷ്, ലക്ഷംവീട് കോളനി സ്വദേശി റഫീഖ് എന്നിവരുടെ നേതൃത്വത്തില്‍ പ്രദേശവാസികളും മത്സ്യതൊഴിലാളികളും കടലില്‍ ഇറങ്ങി ഒരു പെണ്‍കുട്ടിയെ ആണ് ആദ്യം കരയ്ക്ക് എത്തിക്കുകയായിരുന്നു. ഇവര്‍ പറഞ്ഞ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് ബാക്കി നാല് പേരയും കണ്ടെത്തിയത്.
വയനാട് കല്‍പ്പറ്റ സ്വദേശികളായ വാണി (39), അനീസ (38), വിനീഷ് (45), ഫൈസല്‍ (42) എന്നിവരാണ് മരിച്ചത്. തിരയില്‍പ്പെട്ട ജിന്‍സി എന്ന യുവതി അത്ഭുതകരമായി മത്സ്യത്തൊഴിലാളികള്‍ രക്ഷിക്കുകയായിരുന്നു. രണ്ട് പേര്‍ സംഭവസ്ഥലത്ത് വച്ചും രണ്ട് പേര്‍ ആശുത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണപ്പെട്ടത്.

രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയത് പ്രദേശവാസികളായ റിയാസ്, സലീം, കബീര്‍, റിയാസ് വി.എം, ഹാരിസ് ആവിക്കല്‍, സിറാജ് ടി, കരീം, ചന്ദ്രന്‍, മുനീര്‍, റിയാസ് കെ.കെ., അഷ്‌റഫ് യു.പി, ഹനീഫ യു.പി, റഹീസ്, അജ്‌നാസ്, മനാഫ്, ഷംസീര്‍, ഷഫീക്ക് പി.പി, ഹാരിസ്, ഷംസു പി.പി എന്നിവരായിരുന്നു.

അവസാനമായി ഒരാളെ കൂടി കണ്ടെത്താന്‍ ഉണ്ട് എന്ന് മനസ്സിലാക്കിയപ്പോള്‍ സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സും പോലീസും സംവിധാനങ്ങള്‍ ഇല്ലാതെ പകച്ചു നിന്നപ്പോള്‍ സ്ഥിരമായി കല്ലുമ്മക്കായ പറിക്കുന്ന തൊഴിലാളികള്‍ കടലില്‍ ഇറങ്ങി രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു.

തിക്കോടി ബീച്ചില്‍ ദിനംപ്രതി നൂറുകണക്കിനാളുകളാണ് എത്തുന്നത്. അവധി ദിവസങ്ങളിലും വിശേഷദിവസങ്ങളിലും വന്‍ജനത്തിരക്കാണ് ഇവിടെ ഉണ്ടാവാറ്. കടലില്‍ കുളിക്കുവാനായി ചെറിയകുട്ടികളും മുതിര്‍ന്നവരുമടക്കം രാവിലെയും വൈകീട്ടുമെന്നില്ലാതെ ദിവസേന എത്തുന്നുണ്ട്. എന്നാല്‍ ഇതിനനുസരിച്ചുള്ള സുരക്ഷാസൗകര്യങ്ങളൊന്നും ബീച്ചില്‍ ഇല്ല താനും. ലൈഫ് സെക്യൂരിറ്റി ഗാര്‍ഡ്, കടലില്‍ ഇറങ്ങുന്നവര്‍ക്ക് സുരക്ഷമാനദണ്ഡങ്ങള്‍ സൗകര്യങ്ങള്‍ ഒന്നും തന്നെ ബീച്ചില്‍ ഇല്ല. അതിനാല്‍ തന്നെ പെട്ടെന്ന് സംഭവിക്കുന്ന അപകടങ്ങള്‍ക്ക് ഏറെയും രക്ഷകരായി എത്തുന്നത് മതസ്യത്തൊഴിലാളികളും പ്രദേശവാസികളുമാണ്.

കഴിഞ്ഞദിവസം കല്ലകത്ത് കടപ്പുറത്ത് അഭ്യാസപ്രകടനത്തിനിടെ മാരുതി ജിപ്സി മറിഞ്ഞ് അപകടമുണ്ടായിരുന്നു. അപകടത്തില്‍ വാഹനത്തിലുണ്ടായിരുന്ന മലപ്പുറം സ്വദേശികളായ നാലുപേര്‍ക്ക് പരിക്കേറ്റിരുന്നു. ഇവരെയും പ്രദേശത്തുണ്ടായിരുന്ന മറ്റ് വിനോദത്തിനായി എത്തിയവരും പ്രദേശവാസികളും ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. അപകടമുണ്ടായാല്‍ കോസ്റ്റ്ഗാര്‍ഡിനെയും പോലീസിനെയും വിവരമറിയിച്ച് എത്തുമ്പോഴേയ്ക്കും ഓരുപാട് സമയമെടുക്കുന്നുണ്ട്. ബീച്ചില്‍ ലെഫ് സെക്യൂരിറ്റി ഗാര്‍ഡുകളെ നിയമിക്കണമെന്നാണ് നാട്ടുകാരുടെയും വിനോദത്തിനായി എത്തുന്നവരുടെയും ആവശ്യം. അപകടങ്ങള്‍ പതിവാകുന്ന തിക്കോടി ബീച്ചില്‍ വേണ്ട സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കാത്തതില്‍ ഇതിനോടകം തന്നെ വലിയ പ്രതിഷേധങ്ങളാണ് ഉയരുന്നത്.