പിറന്ന മണ്ണിന് വേണ്ടി കുഞ്ഞാലിമരക്കാര്‍ നടത്തിയ ചെറുത്ത് നില്‍പ്പ് അവതരിപ്പിക്കാന്‍ പൂക്കാട് കലാലയം; തിക്കോടിയന്‍ രചിച്ച പുതുപ്പണം കോട്ട അരങ്ങിലേക്ക്


പൂക്കാട്: കോട്ടക്കല്‍ കുഞ്ഞാലി മരക്കാരുടെ ജീവിതം പ്രമേയമാക്കി തിക്കോടിയന്‍ രചിച്ച ‘പുതുപ്പണം കോട്ട നാടകം വീണ്ടും അരങ്ങിലേക്ക്. സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പൂക്കാട് കലാലയമാണ് നാടകം അരങ്ങിലെത്തിക്കുന്നത്. ആഗസ്ത് 31ന് വൈകിട്ട് ഏഴുമണിക്ക് നാടകം അവതരിപ്പിക്കും.

ഉപജാപകരുടെ കെണിയില്‍പ്പെട്ട സാമൂതിരിയും പറങ്കിപ്പടയുടെ അതിക്രമവും പിറന്ന മണ്ണിന് വേണ്ടിയുള്ള കുഞ്ഞാലി മരക്കാരുടെ ചെറുത്തും നില്‍പ്പും പ്രമേയമാകുന്ന നാടകത്തില്‍ രഘുനാഥ് മേലൂരാണ് കുഞ്ഞാലി മരയ്ക്കാരായി എത്തുന്നത്. ശശിധരന്‍ ചെറൂരാണ് സംവിധാനം.

ശശികുമാര്‍ പാലയ്ക്കല്‍, ബേബി ബാബു, അശോകന്‍ കോട്ട്, സി വി ബാലകൃഷ്ണന്‍, ഉണ്ണി കുന്നോല്‍, ശ്രീനിവാസന്‍ പൊയില്‍ക്കാവ്, വിനോദ് കുമാര്‍, ഉണ്ണികൃഷ്ണന്‍ പാല്യേക്കണ്ടി, സതേഷ് തിരുവങ്ങൂര്‍, സജിത, നിഷിദ, അഥീന എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

പ്രേംകുമാര്‍ വടകര, യു.കെ രാഘവന്‍, ശശി കോട്ട്, ഹരിദാസ്, എ.കെ രമേശ്, കാശി പൂക്കാട് എന്നിവരാണ് നാടകത്തിന്റെ പിന്നണിയില്‍.