ഒളിവില്‍ പോയത് രണ്ട് ദിവസം മുമ്പ്, ദുരുപയോഗം ചെയ്തത് നിരവധി സ്ത്രീകളുടെ ചിത്രങ്ങള്‍; ഫോട്ടോ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച തിക്കോടി സ്വദേശിയായ യുവാവിനായി തിരച്ചില്‍ ശക്തം
പയ്യോളി: സ്ത്രീകളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച യുവാവിനായി പയ്യോളി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. തിക്കോടി പതിനൊന്നാം വാര്‍ഡിലെ തെക്കേ കൊല്ലന്‍കണ്ടി ശങ്കര നിലയില്‍ വിഷ്ണു സത്യന് (27) എതിരെയാണ് പൊലീസ് കേസെടുത്തത്.
ഫോട്ടോ മോര്‍ഫ് ചെയ്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി പ്രദേശവാസികളിലൊരാളായ സ്ത്രീയാണ് പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനിടയിലാണ് നിരവധി സ്ത്രീകളുടെ ചിത്രങ്ങള്‍ ഇയാള്‍ ദുരുപയോഗം ചെയ്തതായി കണ്ടെത്തിയത്. മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ അശ്ലീല ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്യുകയും പണസമ്പാദനം നടത്തുകയുമായിരുന്നു ഇയാള്‍ ചെയ്തത്.
പ്രതിയെ ഉടന്‍ അറസ്റ്റു ചെയ്യണമെന്നും ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ നടപടിവേണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു. പ്രദേശത്തെ നിരവധി സ്ത്രീകളുടെ ചിത്രങ്ങള്‍ ഇയാള്‍ ദുരുപയോഗം ചെയ്തിട്ടുണ്ടെന്നാണ് അറിയുന്നതെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.
വിഷ്ണു സത്യനെ ഉടനെ അറസ്റ്റു ചെയ്യണമെന്ന് തിക്കോടിയില്‍ ചേര്‍ന്ന ആക്ഷന്‍ കമ്മിറ്റി രൂപീകരണ യോഗം പൊലീസിനോട് ആവശ്യപ്പെട്ടു. യോഗത്തില്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ആര്‍.വിശ്വന്‍ അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ കമ്മിറ്റിയിഗം ഡി.ദീപ, ബിജു കളത്തില്‍, ടി.കെ.മഹേഷ്‌കുമാര്‍, പി.കെ.ശശികുമാര്‍, യു.കെ.അനിത, നാരായണി കുറ്റിവയല്‍ക്കുനി, നജീബ് മാണിക്കോത്ത് കണ്ടി, ലജീഷ് കുനീമ്മല്‍ എന്നിവര്‍ പ്രസംഗിച്ചു. ആര്‍.വിശ്വനെ ആക്ഷന്‍ കമ്മിറ്റി ചെയര്‍മാനായും, ടി.കെ.മഹേഷ് കുമാറിനെ കണ്‍വീനറായും തെരഞ്ഞെടുത്തു.