മദ്യപിച്ച് പ്രശ്നമുണ്ടാക്കി നാട്ടിലേക്ക്, കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങി മദ്യം വാങ്ങിയ ശേഷം അപ്രത്യക്ഷനായി; ദുബായിൽ നിന്ന് നാട്ടിലെത്തിയ തിക്കോടി സ്വദേശിയെ കാണാനില്ലെന്ന് പരാതി


തിക്കോടി: കരിപ്പൂരില്‍ വിമാനമിറങ്ങിയ തിക്കോടി സ്വദേശിയെ കാണാതായതായി പരാതി. വിദേശത്ത് നിന്നും കഴിഞ്ഞ ഞായറാഴ്ച നാട്ടിലെത്തിയ കരിയാറ്റി കുനി ഗോവിന്ദൻ്റെ മകൻ ഗണേശനെയാണ് (44) കാണാതായത്. കാണാതായതുമായി ബന്ധപ്പെട്ട് സഹോദരൻ്റെ പരാതിയിൽ പയ്യോളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ദുബായിൽ പെട്രോള്‍ പമ്പ് ജീവനക്കാരനായ ഗണേശന്‍ ജോലിസ്ഥലത്ത് മദ്യപിച്ച് പ്രശ്നമുണ്ടാക്കിയതിനെ തുടര്‍ന്ന് ഇയാളുടെ അടുത്ത ബന്ധു ഏപ്രില്‍ പതിനഞ്ചിന് ഗണേശനെ എയർ ഇന്ത്യ ഫ്ലൈറ്റിൽ കയറ്റി നാട്ടിലേക്കയയ്ക്കുകയായിരുന്നു. പതിനാറിന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയെങ്കിലും പിന്നീട് ഇയാള്‍ വീട്ടിലെത്തിച്ചേര്‍ന്നില്ല.

കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഗണേശന്‍ മദ്യം വാങ്ങാനായി പോവുന്നതിന്റെയും അവിടെ നിന്ന് ടാക്സിയില്‍ കയറുന്നതിന്റെയുമെല്ലാം സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചെന്ന് പയ്യോളി പൊലീസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ടാക്സിയില്‍ കയറുന്നതിന് മുമ്പ് തന്നെ ഗണേശന്‍ മദ്യപിച്ചതായി സംശയമുണ്ട്. യാത്രക്കിടെ ഇയാള്‍ ടാക്സി ഡ്രൈവറെ മദ്യപിക്കാന്‍ ക്ഷണിച്ചതായും ജോലിസമയമാണെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം ക്ഷണം നിരസിച്ചതായും ടാക്സിയില്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് സമീപം ഇറങ്ങിയ ഗണേശന്‍ എറണാകുളത്തേക്കുള്ള ബസിൽ കയറിയതായും ഡ്രൈവറില്‍ നിന്ന് വിവരം ലഭിച്ചിട്ടുണ്ടെന്നും പയ്യോളി പൊലീസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

നാട്ടില്‍ സ്ഥിര മദ്യപാനിയായി നടന്ന ഗണേശന്‍‌ ഭാര്യയുമായി പിരിഞ്ഞ് അമ്മയോടൊപ്പം തിക്കോടിയിലെ വീട്ടിലായിരുന്നു താമസമെന്നും മദ്യപാനത്തില്‍ നിന്ന് ഇയാളെ പിന്തിരിപ്പിക്കാന്‍ അടുത്ത ഒരു ബന്ധു ഇടപെട്ട് ജോലി ശരിയാക്കി ഗണേശനെ ദുബായിലേക്ക് കൊണ്ടുപോവുകയായിരുന്നെന്നും പൊലീ്സ് പറഞ്ഞു.

ഗണേശന്‍ ഇടയ്ക്ക് ഗുരുവായൂരില്‍ പോകാറുളളതായി വിവരം ലഭിച്ച പയ്യോളി പൊലീസ് അവിടെ വരെ പോയി നേരിട്ട് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. എറണാകുളത്ത് ബേക്കറി നടത്തുന്ന സുഹൃത്തിന്റെയടുത്ത് പോകാനുള്ള സാധ്യതകള്‍ പരിഗണിച്ച് അവിടേക്കും വിളിച്ചന്വേഷിച്ചിരുന്നു. ഇനി എറണാകുളത്ത് നേരിട്ട് പോയി അന്വേഷിക്കാനുള്ള തീരുമാനത്തിലാണ് പയ്യോളി പൊലീസ്.