ഇനി അരീക്കൽതോടിൽ തെളിനീരൊഴുകും; ശുചീകരണ യഞ്ജത്തിനൊരുങ്ങി തിക്കോടി ഗ്രാമ പഞ്ചായത്ത്
തിക്കോടി: അരീക്കൽ തോട് പുനർജനിക്കും, തിക്കോടിയുടെ കൂട്ടായ പരിശ്രമത്തിലൂടെ. ജലാശയങ്ങളേയും മാലിന്യമുക്തമായും വൃത്തിയായും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ഹരിത കേരളം മിഷൻ വിഭാവനം ചെയ്ത തെളിനീരൊഴുകും നവകേരളം സമ്പൂർണ്ണ ജല ശുചിത്വ യജ്ഞം ക്യാമ്പയിന്റെ ഭാഗമായി തിക്കോടി ഗ്രാമ പഞ്ചായത്തിലെ അരിക്കൽ തോട് ശുചീകരണ യജ്ഞത്തിനു ആരംഭമായി. ശുചീകരണ യജ്ഞത്തിന്റെ ഉദ്ഘാടനം ബഹു: എം ൽ എ ശ്രീമതി കാനത്തിൽ ജമീല നിർവ്വഹിച്ചു. ബഹു: തിക്കോടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ജമീല സമദ് അധ്യക്ഷനായ ചടങ്ങിൽ ബഹു: ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ രാമചന്ദ്രൻ കുയ്യണ്ടി സ്വാഗതം പറഞ്ഞു.
ഹിറ്റാച്ചി ഉപയോഗിച്ചാണ് തോടിനകത്തുള്ള ചളി നീക്കം ചെയ്തത്. പ്ലാസ്റ്റിക് മാലിന്യങ്ങളാൽ സമ്പന്നമായ തോട്ടിൽ കാട്ടുചെടികളും മരങ്ങളും സമൃദ്ധമായി വളർന്നിട്ടുണ്ട്. ജലത്തിന്റെ സുഗമമായ ഒഴുക്കിനെ ഇവയെല്ലാം തടസ്സമാണ്. പ്രദേശത്ത് പൂഴി കലർന്ന മണ്ണാണുള്ളത് അതിനാൽ തന്നെ തോടിനിരുവശത്തുമുള്ള മണ്ണ് മഴക്കൊപ്പം ഇടിഞ്ഞുവീഴാനുള്ള സാധ്യതയുണ്ട്. തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി കയർ ഭൂവസ്ത്രം വിരിച്ച് രാമച്ചം പോലുള്ള സസ്യങ്ങൾ ഇരുവശത്തും നട്ടുപിടിപ്പിക്കുന്ന പദ്ധതികൾ ചെയ്യാമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ജമീല സമദ് പറഞ്ഞു ശുചീകരണത്തിന്റെ ഭാഗമായി ശേഖരിച്ച പാഴ്വസ്തുക്കൾ തരം തിരിച്ച് ഹരിത കർമ്മ സേനക്കു കൈമാറുമെന്നും അറിയിച്ചു.
2, 3, 5, 11, 16, 17 വാർഡുകളിലായി കടന്നുപോകുന്ന അരീക്കൽ തോട് രണ്ട് ഘട്ടങ്ങളായാണ് ശുചീകരണം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. പുതിയ കുളങ്ങര മുതൽ പുറക്കാട് റോഡ് വരെയുള്ള വാർഡുകളിൽ ആണ് ആദ്യ ഘട്ട ശുചീകരണം. പുറക്കാട് മുതൽ നെയ് വാരണി വാർഡ് വരെയുള്ള ശുചീകരണം രണ്ടാം ഘട്ടത്തിലായാണ് നടക്കുക. ആദ്യ ഘട്ട ശുചീകരണത്തിനാണ് ഇന്ന് തുടക്കമിട്ടത്. ഏപ്രിൽ 20 ന് ശുചീകരണത്തിന്റെ മുന്നോടിയായി ജലനടത്തം സംഘടിപ്പിച്ചിരിന്നു.
ചടങ്ങിൽ ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ പി. പ്രകാശ് തെളിനീരൊഴുകും നവകേരളത്തിന്റെ ഭാഗമായുള്ള ജലപ്രതിജ്ഞ ചൊല്ലി കൊടുക്കുകയും പരിപാടിയിലെ മുഴുവൻ ജനങ്ങളും പ്രതിജ്ഞ ഏറ്റുചൊല്ലുകയും ചെയ്തു. തുടർന്ന് തെളി നീരൊഴുകും നവകേരളം പദ്ധതി വിശദീകരിക്കുകയും ചെയ്തു.
ബ്ലോക്ക് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സുരേഷ് ചങ്ങാടത്ത്, വികസന കാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർ പേഴ്സൺ പ്രനില സത്യൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ആർ. വിശ്വൻ, ആരോഗ്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർ പേഴ്സൺ ഷക്കീല ,ബ്ലോക്ക് മെമ്പർമാരായ എം കെ ശ്രീനിവാസൻ, രാജീവൻ കൊടലൂർ,തിക്കോടി ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ എൻ എം ടി അബ്ദുള്ളകുട്ടി,ദിബിഷ എം,സന്തോഷ് തിക്കോടി, മജീദ്,സ്വാഗതസംഘം ചെയർമാൻ എം കെ പ്രേമൻ,ശുചിത്വ മിഷൻ അസി: കോർഡിനേറ്റർ ഐ ഇ സി ഉഷാകുമാരി , ജൂനീയർ ഹെൽത്ത് ഇൻസപക്ടർ മനോജ് കുമാർ. പി , ജോഗേഷ് കെ.ടി, സ്റ്റാഫ്നേഴ്സ് വഹാബ്, നഴ്സിങ്ങ് അസിസ്റ്റന്റ് റീത്ത സുരേന്ദ്രൻ , ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ രുദ്രപ്രിയ ജി.ആർ, ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ അഷിത, ജനപ്രതിനിധികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു. പഞ്ചായത്ത് സെക്രട്ടറി രാജേഷ് ശങ്കർ ചടങ്ങിന് നന്ദി അർപ്പിച്ചു സംസാരിച്ചു.