ദൈവങ്ങള്‍ മണ്ണിലിറങ്ങി മനുഷ്യരോട് സംസാരിക്കുന്നു, വടകരയില്‍ ഇത് തെയ്യക്കാലം


അനൂപ് അനന്തന്‍

കാലം മാറി കോലവും. പക്ഷെ, മാറ്റമില്ലാതെ ചിലതുണ്ട് നമുക്ക് ചുറ്റും. അതിൽ അത്രമേൽ പ്രിയപ്പെട്ട ഒന്നാണ് തെയ്യങ്ങൾ, തെയ്യക്കോലങ്ങൾ. വർഷങ്ങളേറെ കഴിഞ്ഞിട്ടും മാറ്റമില്ലാത്ത ചമയങ്ങളുമായി നമ്മുടെ തെയ്യങ്ങൾ ക്ഷേത്രങ്ങളിലും കാവുകളിലും നിറഞ്ഞാടുകയാണിപ്പോൾ. ഇത് തെയ്യക്കാലം കൂടിയാണല്ലോ. കാവുകളും ക്ഷേത്രങ്ങളും പുരാവൃത്ത സ്മൃതികളുമായി ഉണർന്നു കഴിഞ്ഞു. ഇതു കണ്ടറിഞ്ഞ വിശ്വാസിയും അവിശ്വാസിയും ഒരു പോലെ പറയും ഈ തെയ്യങ്ങൾ കളർഫുള്ളാണെന്ന്. അത്രമാത്രം ഹൃദ്യമാണ് തെയ്യക്കോലവും തെയ്യക്കാലവും. കഴിഞ്ഞ വർഷങ്ങളിൽ കോവിഡ് ഭീതിയിൽ നിലച്ചുപോയവയെല്ലാം ആവേശത്തോടെ തിരിച്ചു വരികയാണ്.

ഫോട്ടോ: അര്‍ജുന്‍ പി.എൻ. വടകര

മനുഷ്യനിൽ നിന്നും ദൈവത്തിലേക്ക്

സമാനതകളില്ലാത്തൊരു സങ്കൽപമാണ് തെയ്യത്തിന്‍റെത്. മനുഷ്യനും ദൈവവും തമ്മിലുള്ള അകലം കുറഞ്ഞുവരുന്ന സവിശേഷതയാണ് ഏറ്റവും പ്രധാനം.

മനുഷ്യന്‍ ദേവതാരൂപം ധരിച്ച് ഉറഞ്ഞു തുള്ളി, ദേവതയെ പ്രീതിപ്പെടുത്തുന്നതിലൂടെ നാടിനു ഐശ്വര്യം ലഭിക്കുമെന്ന വിശ്വാസമാണ് തെയ്യത്തിന്‍റെ അടിസ്ഥാനം. അമ്മ ദൈവങ്ങള്‍, മന്ത്രമൂര്‍ത്തികള്‍, ഇതിഹാസ കഥാപാത്രങ്ങള്‍, വനദേവതകള്‍, നാഗകന്യകകള്‍, വീരന്മാര്‍, സമൂഹത്തിലെ തിന്മകള്‍ക്കെതിരെ പൊരുതി വീരമൃത്യുവരിച്ചവര്‍-ഇവരെല്ലാം തെയ്യങ്ങളായി പ്രത്യക്ഷപ്പെടുന്നുണ്ടീ നാട്ടിൽ.

മുന്നൂറ്റാന്‍, അഞ്ഞൂറ്റാന്‍, പുലയര്‍, കോപ്പാളര്‍, വണ്ണാന്‍, മലയന്‍, മാവിലന്‍, വേലന്‍ തുടങ്ങിയ വിഭാഗത്തിൽപ്പെട്ടവരാണ് സാധാരണ തെയ്യക്കോലങ്ങള്‍ കെട്ടുന്നത്.

ചെണ്ട, ഇലത്താളം, കുഴല്‍ എന്നിവയാണ് പ്രധാന വാദ്യോപകരണങ്ങള്‍. പുലയര്‍ മുതലായ സമുദായക്കാര്‍ തുടിയും ഉപയോഗിക്കാറുണ്ട്. തോറ്റം പാട്ടുകളിലൂടെയാണ് അതാതു തെയ്യത്തിന്റെ സവിശേഷത പറയുന്നത്. തോററത്തേക്കാള്‍ വേഷവും ഉടയാടകളും വെള്ളാട്ടത്തിനുണ്ടാകും. മുഖത്ത് തേപ്പും തലയില്‍ ചെറിയ മുടിയും വെക്കും. എല്ലാ തെയ്യങ്ങള്‍ക്കും വെള്ളാട്ടമുണ്ടാകാറില്ല.

ഫോട്ടോ: അര്‍ജുന്‍ പി.എൻ. വടകര

തോറ്റവും വെള്ളാട്ടവും കഴിഞ്ഞാണ് മുഖത്തെഴുത്തും ആടയാഭരണങ്ങളും മുടിയും വെച്ച തെയ്യത്തിന്‍റെ പുറപ്പാട്. പ്രകൃതിയോട് ഇണങ്ങി നില്‍ക്കുന്ന നിറങ്ങളാണ് മുഖത്തെഴുത്തിന് ഉപയോഗിക്കുക. ചായില്യം, കരിമഷി, അരിപ്പൊടി തുടങ്ങിയവ വര്‍ണ്ണങ്ങളായി ഉപയോഗിക്കുന്നു.

തെയ്യങ്ങളുടെ മാറ്റത്തിനനുസരിച്ച് മുഖത്തെഴുത്തും മാറും. ഓട്, വെള്ളി, സ്വര്‍ണ്ണം, കുരുത്തോല, പട്ട്, ചെക്കിപ്പൂവ് ഇവ കൊണ്ടാണ് അലങ്കാരങ്ങള്‍. ഒരോ തെയ്യത്തിന്റേയും സ്വഭാവത്തിന് അനുസരിച്ചു കൂടിയാണ് മുഖത്തെഴുത്തും മുടിയും ആടയാഭരണങ്ങളും. തീപന്തങ്ങള്‍ വെച്ചാടുന്ന തെയ്യങ്ങളുമേറെയാണ്. തീച്ചാമുണ്ടി പോലുള്ള തെയ്യങ്ങള്‍ അഗ്നിയില്‍ ചാടും. വർഷത്തിലൊരിക്കലാണ് കാവുകളിലും മററും തെയ്യം കെട്ടിയാടുന്നത്.

ഉമയന്‍കുന്നിൽ തുടങ്ങി കടമേരിയിലെത്തുമ്പോള്‍

മലബാറിൽ ഏറ്റവും പ്രസിദ്ധമായ തെയ്യം തിറ അരങ്ങേറുന്നത് കടത്തനാട്ടിലാണ് (ഇന്നത്തെ വടകര). ഒക്ടോബര്‍മാസം മുതൽ മെയ് വരെയാണ് വടകരയിലെ തെയ്യക്കാലം. തീക്കുനിയിലെ ഉമയന്‍കുന്ന് പരദേവതാക്ഷേത്രത്തില്‍ തുടങ്ങി കടമേരി ഭഗവതിക്ഷേത്രത്തില്‍ അവസാനിക്കുന്നതാണ് കടത്തനാട്ടിലെ തിറക്കാലം.

ഇരുദേശങ്ങളും തമ്മിൽ കിലോമീററ്ററുകളുടെ വ്യത്യാസം മാത്രമെയുള്ളൂവെങ്കിലും ഉമയന്‍കുന്നിൽ തുടങ്ങിയ തിറ ഏറെ ദൂരം സഞ്ചരിച്ചാണ് കടമേരിയിലെത്തുന്നത്. അതാകട്ടെ, ഏഴ് മാസം കഴിഞ്ഞും. ഈ കാലയളവിൽ ഓരോ പ്രദേശത്തും വൈവിധ്യമാർന്ന തെയ്യങ്ങൾ കെട്ടിയാടും. കൊടിയേറ്റം നടന്ന് മൂന്നുദിവസങ്ങളിലായാണ് മിക്കയിടത്തും ക്ഷേത്രോത്സവങ്ങള്‍ നടക്കാറ്.

തെയ്യം അഥവാ ദൈവം

ഡോ. ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ടിന്‍റെ അഭിപ്രായത്തില്‍ തെയ്യത്തിന് ദൈവം എന്ന സംസ്കൃതപദവുമായി ബന്ധമുണ്ട്. തീ കൊണ്ടുള്ള ആട്ടമാകാം തെയ്യാട്ടമെന്ന് ഡോ. ചേലനാട്ട് അച്യുതമേനോന്‍ അഭിപ്രായപ്പെടുന്നു. ഏതാണ്ട് 240 തെയ്യങ്ങളാണ് ഇന്ന് നിലവിലുള്ളത്. ചുവപ്പാണ് തെയ്യക്കോലങ്ങളില്‍ കൂടുതലായി ഉപയോഗിക്കുന്ന നിറം.

മുഖമെഴുത്തിന് മണിക്കൂറുകള്‍ തന്നെയെടുക്കും. വര്‍ഷങ്ങളോളമുള്ള കഠിനപരിശ്രമത്തിലൂടെയാണ് ഈ കലാകാരന്മാരെല്ലാം കഴിവുകള്‍ സ്വന്തമാക്കുന്നത്. പതിനഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന കരിവെള്ളൂർ മണക്കാടൻ ഗുരുക്കളാണ്
തെയ്യത്തിന് ഇന്നുള്ള രൂപവും ഭാവവും നല്‍കിയത്. ഇദ്ദേഹം തെയ്യങ്ങളുടെ തമ്പുരാന്‍ എന്നറിയപ്പെടുന്നു. തെയ്യങ്ങള്‍ക്കിടയിലെ സൗന്ദര്യപ്രതീകമായ മുച്ചിലോട്ട് ഭഗവതിയെ ആദ്യമായി കെട്ടിയാടിയത് മണക്കാടന്‍ ഗുരുക്കളായിരുന്നു.

തീരാക്കഥകളാണ് ഓരോ തെയ്യത്തിന്‍റെയും പിറവിക്ക് പിന്നിലുള്ളത്. ചരിത്രം തേടിപ്പോയില്ലെങ്കിലും നാട്ടുകൂട്ടായ്മയുടെ മഹോത്സവമായി മാറുന്ന തെയ്യക്കാലത്തെ നെഞ്ചേറ്റുന്നവർ ഏറെയാണ്. അതിന്‍റെ ദൃഷ്ടാന്തമാണ് ഓരോ വർഷവും കാവുകളിലും ക്ഷേത്രങ്ങളിലുമെത്തുന്ന ആയിരങ്ങൾ…