ചുട്ടുപൊള്ളുന്ന ചൂടില്‍ അസ്വസ്ഥരാണോ?; അമിതമായ ഊഷ്മാവില്‍ നിന്ന് രക്ഷനേടാനും നിര്‍ജലീകരണം തടയാനും ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍


സംസ്ഥാനത്ത് ചൂട് ദിനംപ്രതി വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ നിര്‍ജലീകരണത്തിന് സാധ്യത ഏറെയാണ്. ശരീരത്തിന് ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ ജലം, ശരീരത്തില്‍ നിന്ന് നഷ്ടമാകുന്ന അവസ്ഥയാണ് നിര്‍ജലീകരണം എന്നു പറയുന്നത്. ഉയര്‍ന്ന അന്തരീക്ഷ ഊഷ്മാവില്‍ നിര്‍ജലീകരണത്തിനുള്ള സാധ്യത കൂടുതലാണ്.

നിലവില്‍ കേരളത്തിലെ മിക്ക നഗരങ്ങളിലെയും ഗ്രാമപ്രദേശങ്ങളിലെയും താപനില ഏതാണ്ട് 40 ഡിഗ്രിയോടത്തു കൊണ്ടിരിക്കുകയാണ്. അതുകൂടാതെ തന്നെ കേരളം തീരപ്രദേശത്തോടത്ത് കിടക്കുന്നതുകൊണ്ട് അന്തരീക്ഷത്തിലെ ഈര്‍പ്പം അഥവാ ഹ്യൂമിഡിറ്റി വളരെയേറെയാണ്. അതും നിര്‍ജലീകരണത്തിന് കാരണമാകുന്നു. നിര്‍ജലീകരണിന്റെ ലക്ഷണങ്ങള്‍, ശ്രദ്ധിക്കേണ്ടവ എന്തൊക്കെ എന്ന് നോക്കാം.

ലക്ഷണങ്ങള്‍

അമിതമായ ദാഹം, വായും ചുണ്ടും ഉണങ്ങുക, തൊണ്ട വറ്റി വരളുക, തലവേദന, അസ്വസ്ഥത, മസിലുകള്‍ കോച്ചി പിടിക്കുക (cramps ), ശരീര വേദന, മൂത്രം കുറച്ച് ഒഴിക്കുക, വിശപ്പ് അനുഭവപ്പെടാതിരിക്കുക, ആശയക്കുഴപ്പം അനുഭവപ്പെടുക, ഓര്‍മ്മക്കുറവ്, ബോധക്ഷയം, അപസ്മാരം എന്നിവയൊക്കെ നിര്‍ജലീകരണത്തിന്റെ ലക്ഷണങ്ങളാണ്.

നിര്‍ജലീകരണത്തില്‍ നിന്നും രക്ഷനേടാനുളള പരിഹാരമാര്‍ഗങ്ങള്‍ നോക്കാം

ചൂടുള്ള കാലാവസ്ഥയില്‍ കൂടുതല്‍ ജലം കുടിക്കാന്‍ ശ്രദ്ധിക്കുക. ഒരു സാധാരണ മനുഷ്യന്‍ ഒരു ദിവസം കുടിക്കേണ്ട ജലം രണ്ട് ലിറ്റര്‍ ആണ്. എന്നാല്‍ ഉയര്‍ന്ന അന്തരീക്ഷ താപനിലയില്‍ രണ്ടര ലിറ്ററോ മൂന്ന് ലിറ്ററോ വരെ നമ്മള്‍ ജലം കുടിക്കേണ്ടതാണ്. ഓരോരുത്തരുടെയും ശരീരത്തിന്റെ അളവില്‍ വ്യത്യാസമുണ്ടാവും എന്നതിനാല്‍, ശരീരത്തിന് ആവശ്യമായ ജലത്തിന്റെ അളവിലും വ്യത്യാസമുണ്ടാകും. ചൂടുള്ള കാലാവസ്ഥയില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് നന്നാവും

1. ദാഹം അനുഭവപ്പെടുമ്പോഴൊക്കെ വെള്ളം കുടിക്കുക.

2. ശുദ്ധജലം കുടിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

3. ജലത്തില്‍ അമിതമായ ഉപ്പും മധുരവും കൂടുന്നത് നിര്‍ജലീകരണത്തിന് കാരണമാവും.

4. കായികധ്വാനം ചെയ്യുന്നവരും വെയിലത്ത് പണിയെടുക്കുന്ന വരും ഓരോ അരമണിക്കൂറിലും ഒരു ഗ്ലാസ്സ് വെള്ളം കുടിച്ചു കൊണ്ടിരിക്കുക. ഓര്‍ക്കുക ജലം ഒറ്റയടിക്ക് കുടിക്കുന്നതിലും നല്ലത് ഇടവിട്ട് ശരീരത്തിന് കിട്ടിക്കൊണ്ടിരിക്കുന്നതാണ്.

5. ഫ്രഷ് ജ്യൂസുകളും എലെസ്‌ട്രൊലൈറ്റ് അടങ്ങിയ പാനീയങ്ങളും നന്ന്. എന്നാല്‍ ഇവയൊന്നും ശുദ്ധജലം കുടിക്കുന്നതിന് പകരം ആവരുത്. സാധാരണ കുടിക്കുന്ന ജലത്തിന് പുറമേ ഇവകൂടി കഴിക്കുന്നത് നന്നാവും.