എസ്.എസ്.എല്‍.സി മുല്യനിര്‍ണ്ണയം പൂര്‍ത്തിയായി; ഫലങ്ങള്‍ മെയ് ആദ്യവാരത്തോടെ പ്രസിദ്ധീകരിക്കും


മലപ്പുറം: എസ്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി. പരീക്ഷകളുടെ മൂല്യനിര്‍ണയം പൂര്‍ത്തിയായി. ഏപ്രില്‍ മൂന്നിന് അരംഭിച്ച മൂല്യനിര്‍ണ്ണയം ശനിയാഴ്ചയോടെയാണ്(20.4.2024) പൂര്‍ത്തിയായത്. മെയ് ആദ്യവാരം എസ്.എസ്.എല്‍.സി. ഫലം പ്രസിദ്ധീകരിക്കാനാവുമെന്നാണു വിലയിരുത്തല്‍.

അടുത്തയാഴ്ചയോടെ ഹയര്‍സെക്കന്‍ഡറി, വെക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകളുടെ മൂല്യനിര്‍ണയവും പൂര്‍ത്തിയാകും. 70 ക്യാമ്പുകളിലായി 14,000 ത്തോളം അധ്യാപകരാണ് എസ്.എസ്.എല്‍.സി മൂല്യനിര്‍ണ്ണയത്തില്‍ പങ്കെടുത്തത്.

ഹയര്‍സെക്കന്‍ഡറിയില്‍ 77 ക്യാമ്പുകളിലായി 25,000-ത്തോളം അധ്യാപകര്‍ പങ്കെടുക്കുന്നു. ഹയര്‍സെക്കന്‍ഡറിയിലും മിക്കവാറും ക്യാമ്പുകള്‍ ശനിയാഴ്ചയോടെ പൂര്‍ത്തിയായി.

ഹയര്‍സെക്കന്‍ഡറിയിലെ 25 എണ്ണം ഡബിള്‍ വാലുവേഷന്‍ ക്യാമ്പുകള്‍ ആണ്. ഈ വര്‍ഷം പ്രതീക്ഷിച്ചതിലും വേഗത്തിലാണ് മൂല്യനിര്‍ണയം പൂര്‍ത്തിയായത്. ഒന്നും രണ്ടും വര്‍ഷ ഹയര്‍സെക്കന്‍ഡറി ക്ലാസുകളിലെ എട്ടരലക്ഷത്തോളം കുട്ടികളുടെ 52 ലക്ഷത്തില്‍പ്പരം ഉത്തരക്കടലാസുകള്‍ ആണ് മൂല്യനിര്‍ണയം നടത്തിയത്. മെയ് പത്തോടെ ഫലം പ്രസിദ്ധീകരിക്കാനാണ് ശ്രമം.