അരിക്കുളം പഞ്ചായത്തില്‍ ഒരിടത്ത് പോലും നാളീകേര സംഭരണമില്ല, സര്‍ക്കാറിന്റെ വാക്ക് ജലരേഖയായി; അഡ്വ. പി.എം നിയാസ്
അരിക്കുളം: അരിക്കുളം പഞ്ചായത്തില്‍ ഒരിടത്ത് പോലും നാളീകേര സംഭരണം നടക്കുന്നില്ലെന്നും സര്‍ക്കാറിന്റെ വാക്ക് ജലരേഖയാണെന്നും കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പി.എം നിയാസ്. അരിക്കുളം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി കൃഷിഭവന് മുന്നില്‍ സംഘടിപ്പിച്ച ധര്‍ണാ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള ഭരണത്തിന്റെ കടിഞ്ഞാണ്‍ കോര്‍പ്പറേറ്റുകളുടെ കൈയ്യിലാണെന്നും സാധാരണക്കാരുടെ ജീവല്‍ പ്രധാനമായ പ്രശ്‌നങ്ങള്‍ക്കു നേരെ പിണറായി സര്‍ക്കാര്‍ കണ്ണടയ്ക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. കേരകര്‍ഷകന്‍ കുത്തുപാളയെടുക്കേണ്ട സാഹചര്യമാണുള്ളത്. തെരഞ്ഞെടുക്കപ്പെട്ട ഏജന്‍സികള്‍ മുഖേന 34 രൂപ നിരക്കില്‍ നാളീകേര സംഭരണം നടത്തും എന്ന സര്‍ക്കാര്‍ വാക്ക് ജലരേഖയായി മാറി.
അരിക്കുളം പഞ്ചായത്തില്‍ ഒരിടത്തു പോലും നാളീകേര സംഭരണം നടക്കുന്നില്ല. പൊതിച്ച തേങ്ങയുടെ താങ്ങുവില കിലോയ്ക്ക് 50 രൂപയാക്കി നിജപ്പെടുത്തി കൃഷിഭവന്‍ മുഖേന നാളീകേരം സംഭരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡണ്ട് ശശി ഊട്ടേരി ചടങ്ങിന് അധ്യക്ഷ്യം വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡണ്ട് കെ.പി.രാമചന്ദ്രന്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി. സെക്രട്ടറി ഇ. അശോകന്‍ മാസ്റ്റര്‍, മുന്‍ ബ്‌ളോക്ക് പ്രസിഡണ്ട് കെ.പി. വേണുഗോപാലന്‍, പഞ്ചായത്ത് യു.ഡി.എഫ്. ചെയര്‍മാന്‍ സി.രാമദാസ്, ബ്‌ളോക്ക് സെക്രട്ടറി കെ. അഷറഫ് മാസ്റ്റര്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് അനസ് കാരയാട്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിന്ദു പറമ്പടി, ശ്യാമള ഇടപ്പള്ളി, മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് പി.എം.രാധ എന്നിവര്‍ സംസാരിച്ചു.
സുമേഷ് സുധര്‍മ്മന്‍, ഹാഷിം കാവില്‍, പ്രകാശന്‍ അച്ചുതാലയം, ബാലകൃഷ്ണന്‍ ചെറിയ കോയിക്കല്‍, കെ. ശ്രീകുമാര്‍, മുത്തു കൃഷ്ണന്‍,തങ്കമണി ദീപാലയം, പി.കെ.ബാബു, കെ.കെ.കോയക്കുട്ടി, മുന്‍ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബീന വരമ്പിച്ചേരി, ലത കെ പൊറ്റയില്‍ എന്നിവര്‍ നേതൃത്വം നല്‍കി. രാമചന്ദ്രന്‍ നീലാംബരി സ്വാഗതവും ശശീന്ദ്രന്‍ പുളിയത്തിങ്കല്‍ നന്ദിയും പറഞ്ഞു.