ഇരുവീട്ടിലും കള്ളന്‍ കയറിയത് അടുക്കള വാതില്‍വഴി, ബൈക്ക് നഷ്ടപ്പെട്ടെന്ന് മനസിലായത് ഏറെ നേരത്തിനുശേഷം; പൂക്കാട്ടെ മോഷണത്തെക്കുറിച്ച് വീട്ടുകാര്‍ പറയുന്നു


പൂക്കാട്: പൂക്കാട് മോഷണം നടന്ന വീടുകളില്‍ മോഷ്ടാവ് അകത്തുകയറിയത് അടുക്കള ഭാഗത്തെ വാതില്‍ പൊളിച്ചത് വീട്ടുകാര്‍. പിന്‍വശത്തെ വാതിലും ഗ്രില്‍സുള്ള വീടുകളില്‍ ഗ്രില്‍സും തകര്‍ത്തശേഷമാണ് മോഷ്ടാവ് അകത്തേക്ക് കടന്നത്. മഴയായതുകൊണ്ടാവാം ശബ്ദം പോലും കേട്ടിരുന്നില്ലെന്നും വീട്ടുകാര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

പൂക്കാട് കലാലയത്തിന് സമീപമുള്ള നിതിന്റെ വീട്ടില്‍ നിന്നും ബൈക്കാണ് നഷ്ടപ്പെട്ടത്. അകത്തുകയറി ബൈക്കിന്റെ ചാവി എടുത്താണ് ബൈക്ക് കൊണ്ടുപോയിരിക്കുന്നതെന്ന് നിതിന്‍ പറയുന്നു. രാത്രി ഒന്നരയോടെയായിരിക്കാം മോഷണം നടന്നത്. ഇന്‍വര്‍ട്ടര്‍ വര്‍ക്കു ചെയ്യുന്നില്ലെന്ന് പറഞ്ഞ് താഴത്തെ നിലയില്‍ കിടക്കുകയായിരുന്ന ചേച്ചി വിളിച്ചതുകൊണ്ടാണ് ഉറക്കമുണര്‍ന്നതെന്ന് നിതിന്‍ പറഞ്ഞു. താഴെ ഇറങ്ങി ഇന്‍വര്‍ട്ടര്‍ ഓണ്‍ ചെയ്തപ്പോള്‍ അടുക്കള വാതില്‍ തുറന്നതുകണ്ട് ചേച്ചി കാര്യം തിരക്കിയപ്പോഴാണ് അപ്പുറത്തേക്ക് പോയത്. വാതില്‍ പൂട്ട് പൊളിച്ച നിലയിലായിരുന്നു. പുറത്തെ ഗ്രില്‍സും തകര്‍ത്തിരുന്നു.

പൊലീസിനെ വിവരം അറിയിച്ചപ്പോള്‍ മോഷണം നടന്ന ശ്രീധരന്‍മാഷുടെ വീട്ടില്‍ അവരെത്തിയിരുന്നു. പൊലീസിനെ കാത്തിരിക്കുമ്പോള്‍ വെറുതെ പോര്‍ച്ചിലേക്ക് നോക്കിയപ്പോഴാണ് ബൈക്ക് കാണാനില്ലെന്ന് മനസിലായത്. തുടര്‍ന്ന് ചാവി അന്വേഷിച്ചപ്പോള്‍ ചാവിയും നഷ്ടമായിരുന്നെന്ന് നിതിന്‍ പറഞ്ഞു.

നിതിന്റെ വീട്ടില്‍ നിന്നും ഏതാണ്ട് 200 മീറ്റര്‍ പരിധിയില്‍ വരുന്നതാണ് മോഷണം നടന്ന ഇ.പി.ശ്രീധരന്‍ മാഷുടെ വീട്. അവിടെയും പിറകുവശത്തുകൂടിയാണ് മോഷ്ടാവ് കയറിയത്. മോഷണം നടന്ന മുറിയില്‍ ആരുമുണ്ടായിരുന്നില്ല. അലമാര തുറന്ന് ആഭരണങ്ങള്‍ എടുത്തശേഷം അലമാരയിലെ ബാഗിലുണ്ടായിരുന്ന കുറച്ച് രൂപയും എടുത്ത് ബാഗ് വീട്ടില്‍ തന്നെ ഉപേക്ഷിച്ച നിലയിലായിരുന്നു.

സമീപത്തെ മറ്റൊരു വീട്ടിലും മോഷ്ടാവ് എത്തിയെങ്കിലും ശബ്ദം കേട്ട് ആളുകള്‍ ഉണര്‍ന്നതോടെ ബൈക്കില്‍ സ്ഥലം വിടുകയായിരുന്നു. മോഷ്ടാവിനായി കൊയിലാണ്ടി പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. മോഷണം നടന്ന വീടുകളില്‍ വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളും ശേഖരിക്കുന്നുണ്ട്.