ഒരൊറ്റമഴയില്‍ വെള്ളക്കെട്ടില്‍ മുങ്ങിയത് നിരവധി റോഡുകള്‍; മരംപൊട്ടിവീണത് ഉള്‍പ്പെടെ നാശനഷ്ടങ്ങള്‍ പലത്, കൊയിലാണ്ടിയിലെ വിവിധയിടങ്ങളില്‍ മഴക്കെടുതിമൂലം നാശനഷ്ടം


കൊയിലാണ്ടി: ഇന്നലെ പെയ്ത ശക്തമായ മഴയില്‍ കൊയിലാണ്ടി ഉള്‍പ്പെടെ വിവിധയിടങ്ങളില്‍ വലിയ നാശഷ്ടങ്ങളും വെളളക്കെട്ടുകളുമാണ് ഉണ്ടായത്. കൊല്ലം- നെല്ല്യാടി റോഡിലെ അണ്ടര്‍പാസ് വെളളത്തിലാവുകയും ചെളി നിറഞ്ഞത് കാരണം രണ്ട് സ്‌കൂട്ടര്‍ യാത്രക്കാര്‍ ഇവിടെ അപകടത്തില്‍പ്പെടുകയും ചെയ്തിരുന്നു. ഇന്നലെ വൈകുന്നേരത്തോടെയാണ് മഴ കനത്തത്.

പയ്യോളിയിലെ വിവിധയിടങ്ങളില്‍ ശക്തമായ മഴയിലും കാറ്റിലും മരങ്ങള്‍ വീടിന് മുകളിലേയ്ക്ക് വീണ് നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പയ്യോളി പെരുമാള്‍പുരത്ത് ബൈപ്പാസിലും വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. ഇന്നലെ ബാലുശ്ശേരി വ്യൂവേഴ്‌സ് കോളനിയിലെ ഇരുപത് വീടുകളില്‍ വെളളം കയറിയതായും ഇവരെ സ്ഥലത്ത് നിന്നും മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ടെന്നും തഹസില്‍ദാര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

കോഴിക്കോട് കണ്ണൂര്‍ ദേശീയപാതയില്‍ പൂക്കാട് ടൗണിന് തെക്ക് ഭാഗത്ത് പണ്ടോര പെറ്റ് മാളിനടുത്ത് റോഡ് ഡൈവേര്‍ട്ട് ചെയ്യുന്ന സ്ഥലത്ത് വലിയ കുഴി രൂപപ്പെട്ടിരുന്നു. ഇവിടെയും വെള്ളക്കെട്ട് രൂപപ്പെട്ട് വലിയ ബുദ്ധിമുട്ടാണ് ഉണ്ടായത്.
കൂടാതെ ഇന്ന് കൊല്ലത്ത് ദേശീയപാതയില്‍ മരം പൊട്ടി വീണ് ഗതാഗതം തടസ്സപ്പെട്ടിരുന്നു. ഇന്ന് രാവിലെ ഒമ്പതു മണിയോടെ കൂടിയാണ് കൊയിലാണ്ടി കൊല്ലംചിറക്ക് സമീപം കുട്ടികളുടെ പാര്‍ക്കിന് മുന്‍പില്‍ മരത്തിന്റെ കൊമ്പ് പൊട്ടി റോഡിലേക്ക് വീണത്. കൂടാതെ അത്തോളി കൊടശ്ശേരി ഭാഗത്തും ഇന്നലെ പെയ്ത മഴയില്‍ റോഡില്‍ വലിയതോതില്‍ വെളളക്കെട്ട് രൂപപ്പെട്ടിരുന്നു. നന്മണ്ട പഞ്ചായത്തിലെ നന്മിണ്ട 14 പുതുവായി എന്ന സ്ഥലത്ത് ഇന്നലെ രാത്രി 9 മണിയോടുകൂടി മഴവെള്ളം കയറി നാലു വീട്ടുകാര്‍ ഒറ്റപ്പെട്ടിരുന്നു. ഇവരെ കൊയിലാണ്ടിയില്‍ നിന്നും അഗ്നിരക്ഷാസേനയെത്തി ഫ്‌ലോട്ടിങ് സ്ട്രക്ചര്‍,ലൈഫ് ജാക്കറ്റ് എന്നിവ ഉപയോഗിച്ച് മൂന്നു മണിക്കൂര്‍ത്തെ പരിസ്രമത്തിനൊടുവില്‍ നാല് വീട്ടുകാരെയും സുരക്ഷിത സ്ഥലങ്ങളില്‍ എത്തിച്ചിരുന്നു.

പേരാമ്പ്ര ചെമ്പ്ര റോഡ് ജംഗ്ഷനില്‍ വലിയരീതിയിലുളള വെളളക്കെട്ടാണ് ഉണ്ടായത്. ഇതിലൂടെ ഇരുചക്രവാഹനക്കാര്‍ തുഴഞ്ഞ് പോകേണ്ട അവസ്ഥയായിരുന്നു ഇന്നലെ പെയ്ത മഴയില്‍ സംഭവിച്ചത്. ചെറിയതോതിലുള്ള മഴ പെയ്താല്‍കൂടി ഇവിടെ വലിയ വെളളക്കെട്ടാണ് രൂപപ്പെടുന്നത്. മഴ കനക്കുന്നതോടെ ഇതിലൂടെയുളള യാത്ര ദുഷ്‌ക്കരമാകുമെന്നാണ് യാത്രക്കാര്‍ പറയുന്നത്.

കൊയിലാണ്ടിയില്‍ നിലവില്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കേണ്ട രീതിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും വരുംദിവസങ്ങളില്‍ മഴ കനക്കുമെന്ന് മുന്നറിയിപ്പ് ഉളളതിനാല്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും തഹസില്‍ദാര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. 24 മണിക്കൂറും കണ്‍ട്രോള്‍ റൂം ഇതിനായി സജ്ജമാണെന്നും സഹായം ആവശ്യമുളളവര്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണമെന്നും തഹസില്‍ദാര്‍ കൊയിലാണ്ടി ന്യൂസ്‌ഡോട് കോമിനോട് പറഞ്ഞു. കണ്‍ട്രോള്‍ റും നമ്പര്‍- 0496-2623100.