അലി അരങ്ങാടത്തിന്റെ ‘ഒടുക്കത്തെ അത്താഴം’ വേദിയിലേക്ക്


എ.സജീവ്കുമാര്‍

ഒരു മനുഷ്യനില്‍ തന്നെ യേശുവും യൂദാസുമുണ്ടെന്ന യാഥാര്‍ത്ഥ്യം സമൂഹത്തിലേക്കെത്തിക്കാനായി വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇബ്രാഹിം വെങ്ങര രചിച്ച ഒടുക്കത്തെ അത്താഴം ആദ്യമായി വേദിയിലേക്ക്. ലിയോണാര്‍ദോ ഡാവിഞ്ചി ഇറ്റലിയിലെ സാന്താ മരിയാ ദെല്ലാ ഗ്രാസി എന്ന സന്യാസിമീതിന്റെ തീന്‍ മുറിയിലെ ഭിത്തിയില്‍ വരച്ച അവസാനത്തെ അത്താഴമെന്ന വിശ്വ പ്രസിദ്ധ രചനയുടെ പശ്ചാത്തലമാണ് ഈ നാടകത്തിന്റെ പിന്നിലുള്ളത്.

മാറാരോഗമായ പ്ലേഗ് പിടിപെട്ട് മരിച്ച ആയിരങ്ങള്‍ നിറഞ്ഞ നാട്ടില്‍ ഒരു വലിയ കുഴിയില്‍ ഒന്നിച്ച് മൂടാനായി ശവമൊന്നിച്ച് ഒരു വണ്ടിയില്‍ കൊണ്ടു പോകുന്ന ഡാവിഞ്ചിയില്‍ നിന്നാണ് നാടകം ആരംഭിക്കുന്നത്. അവസാനത്തെ അത്താഴമെന്ന ചിത്രം വരയ്ക്കുന്നതിനായി ബാലനായ യേശുവിനേയും യൂദാസിനേയും തേടുന്ന ചിത്രകാരന്റെ ആന്തരിക സംഘര്‍ഷങ്ങളാണ് നാടകത്തില്‍ മികച്ചു നില്‍ക്കുന്നത്. കൊയിലാണ്ടിയില്‍ 25ന് നടക്കുന്ന നന്മയുടെ വാര്‍ഷികത്തിന് ഒരു നാടകമതരിപ്പിക്കാനുള്ള സംഘാടകരുടെ നിര്‍ദ്ദേശമാണ് നാടക സിനിമാ നടനും സംവിധായകനുമായ അലി അരങ്ങാടത്തിനെ ഈ നാടകത്തിലെത്തിക്കുന്നത്.

പുതിയ കാലത്തിന് പറ്റിയ നാടകം വേണമെന്ന് വെങ്ങരയോട് പറഞ്ഞപ്പോഴാണ് എണ്‍പതുകളില്‍ എഴുതിയ ഈ നാടകത്തെ കുറിച്ച് എഴുത്തുകാരന്‍ പറഞ്ഞത്. എണ്‍പതുകളില്‍ അച്ചടിമഷി പുരണ്ടിട്ടും പല പ്രശ്‌നങ്ങളാല്‍ അവതരിപ്പിക്കാന്‍ കഴിയാത്ത നാടകമായിരുന്നു ഇതെന്ന് ഇബ്രാഹിം വെങ്ങര പറഞ്ഞു. ഡാവിഞ്ചിയായി സംവിധായകനായ അലി അരങ്ങാടത്തു തന്നെയാണ് വേഷമിടുന്നത്. പഴയ കാല ശ്രദ്ധേയനായ നടന്‍ അരങ്ങാടത്ത് വിജയന്‍ രംഗത്തുവരുന്നുണ്ട് എന്നത് ഈ നാടകത്തിന്റെ ഒരു പ്രത്യേകതയാണ്.

വിദേശങ്ങളിലടക്കം വാരിയംകുന്നത്ത് എന്ന ഏകപാത്ര നാടകവുമായി മുപ്പതിലധികം വേദികള്‍ പിന്നിട്ട അലി അരങ്ങാടത്തും നിരവധി നാടകങ്ങളില്‍ ഒന്നിച്ചഭിനയിച്ച രാഗം മുഹമ്മദലിയുമൊന്നിച്ച് വീണ്ടും രംഗത്തു വരുന്നു എന്നത് ഈ നാടകത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. വി.കെ.രവി, രഘുനാഥ്, ശ്രീജ രഘുനാഥ്, ഹരിദാസന്‍, രാഖേഷ് പുല്ലാട്ട്, പാര്‍ത്ഥിവ് ജിജേഷ്, ഹരീഷ് തുടങ്ങി ഒട്ടേറെ പേര്‍ പ്രധാന റോളുകളില്‍ എത്തുന്നുണ്ട്. പ്രേംരാജ് പാലക്കാടാണ് സംഗീത സംവിധാനം.25 ന്റെ അവതരണത്തില്‍ രചയിതാവായ ഇബ്രാഹിം വെങ്ങരയെത്തുന്നുണ്ട്