പൊയില്‍ക്കാവ് ദുര്‍ഗ്ഗാദേവി ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം


പൊയില്‍ക്കാവ്: ദുര്‍ഗ്ഗാ ദേവി ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം. ഭണ്ഡാരത്തിലുണ്ടായിരുന്ന നോട്ടുകളാണ് എടുത്തത്. എത്ര രൂപ നഷ്ടമായി എന്നത് വ്യക്തമല്ല.

ഇന്ന് പുലര്‍ച്ചെയാണ് മോഷണവിവരം അറിയുന്നത്. ക്ഷേത്ര നടപ്പന്തലിനകത്തുള്ള ഇരുമ്പുകൊണ്ടുണ്ടാക്കിയ ഭണ്ഡാരമാണ് കുത്തിത്തുറന്നത്. ഭണ്ഡാരത്തിലെ നാണയങ്ങള്‍ ഉപേക്ഷിച്ച നിലയിലാണ്.

കൊയിലാണ്ടി എസ്.ഐ. തങ്കരാജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളടക്കം പൊലീസ് ശേഖരിക്കുന്നുണ്ട്.

ദിവസങ്ങള്‍ക്ക് മുമ്പാണ് കുറുവങ്ങാട് പുതിയകാവില്‍ ക്ഷേത്രത്തിലും സമാനമായ രീതിയില്‍ ഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിച്ചത്. ക്ഷേത്രത്തിലെ മൂന്ന് ഭണ്ഡാരവും ഓഫീസിലെ അലമാരയും കുത്തിത്തുറന്ന നിലയിലായിരുന്നു. ജനുവരി 28ന് നടന്ന സംഭവത്തില്‍ ഇതുവരെ പ്രതിയെ പിടികൂടാനായിട്ടില്ല എന്നിരിക്കെയാണ് വീണ്ടും സമാനമായ രീതിയില്‍ മോഷണം നടന്നിരിക്കുന്നത്.