പട്ടാപ്പകല്‍, വീട്ടുജോലിയ്ക്കിടെ ശബ്ദം കേട്ട് നോക്കിയപ്പോള്‍ മുറിയിലൊരാള്‍; ഏവരേയും ഞെട്ടിച്ച് മുക്കത്തെ വീട്ടില്‍ നടന്ന മോഷണം


മുക്കം: രാത്രിസമയത്തോ, വീട്ടില്‍ ആരുമില്ലാത്തപ്പോഴോ ഒന്നുമല്ല, വീട്ടില്‍ ആളുകള്‍ ഉള്ള സമയത്തും മോഷണം നടക്കാം. മുക്കത്തെ വീട്ടില്‍ കഴിഞ്ഞദിവസം രാവിലെ പത്തുമണിയോടെ നടന്ന മോഷണ സംഭവം ഏവരേയും ഞെട്ടിച്ചിരിക്കുകയാണ്.

കയ്യിട്ടാപ്പൊയിലില്‍ മരപ്പാടിമ്മല്‍ വിലാസിനിയുടെ വീട്ടിലാണ് കള്ളന്‍കയറിയത്. അലമാരയിലുണ്ടായിരുന്ന 2000 രൂപയും കുട്ടിയുടെ സ്വര്‍ണവളയുമാണ് നഷ്ടമായത്.

വിലാസിനിയെ കണ്ടതോടെ ഇയാള്‍ മുന്‍വശത്തെ വാതില്‍ തുറന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. പുറത്ത് റോഡരികില്‍ സ്‌കൂട്ടറുമായി ഒരാള്‍ കൂടിയുണ്ടായിരുന്നു. ഒച്ചവെച്ചപ്പോഴേക്കും ഇരുവരും സ്‌കൂട്ടറില്‍ രക്ഷപ്പെടുകയായിരുന്നു.

പിന്നീട് നടത്തിയ പരിശോധനയിലാണ് പണവും സ്വര്‍ണവും നഷ്ടപ്പെട്ടതായി മനസിലായത്. മുക്കം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡോഗ് സ്‌ക്വാഡും ഫിംഗര്‍ പ്രിന്റ് അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി.