തീരദേശ വിഷയങ്ങളിൽ വേഗത്തിൽ പരിഹാരം കാണുമെന്ന് മന്ത്രി സജി ചെറിയാൻ; ജനകീയപങ്കാളിത്തത്താൽ ശ്രദ്ധേയമായി കൊയിലാണ്ടിയിലെ തീരസദസ്സ് 


കൊയിലാണ്ടി: തീരദേശ വിഷയങ്ങളിൽ വേഗത്തിൽ പരിഹാരം കാണുമെന്നും ഇതിനായി മോണിറ്ററിംഗ് കമ്മിറ്റി രൂപീകരച്ചിട്ടുണ്ടെന്നും ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. കൊയിലാണ്ടിയിലെ തീരസദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തീരസദസ്സിലൂടെ ലഭിച്ച പരാതികളിൽ ഉടനടി പരിഹാരിക്കാനാവുന്നത് തീർപ്പാക്കിയിട്ടുണ്ട്. ശേഷിക്കുന്നവ ആറ് മാസത്തിനുള്ളിൽ പരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് 57ഫിഷറീസ് സ്കൂളുകൾക്ക് പുതിയ കെട്ടിടം നിർമ്മിച്ച് നൽകിയിട്ടുണ്ട്. തീരദേശ മേഖലയിൽ മികച്ച വിദ്യാഭ്യാസത്തിനുള്ള സാഹചര്യമൊരുക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്കായി കെ ഡിസ്കുമായി സഹകരിച്ച് തൊഴിൽമേള സംഘടിപ്പിക്കും. മൂല്യ വർദ്ധിത ഉത്പ്പന്നങ്ങൾ നിർമ്മിക്കുന്നതിനായി സംരംഭങ്ങൾ ആംഭിക്കും. ഇത്തരത്തിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ച് തീരമേഖലയെ ശക്തിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ആഴക്കടൽ മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ആറ് മാസം വരെ കടലിൽ താമസിച്ച് മത്സ്യബന്ധനം നടത്തുന്നതിന് സൗകര്യമുള്ള അത്യാധുനിക ബോട്ടുകൾ വിതരണം ചെയ്തുവരുന്നു. വരും വർഷം ആംബുലൻസ് ബോട്ടുകളും ലഭ്യമാക്കും.

മത്സ്യതൊഴിലാളികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വനിതകൾക്ക് ഡ്രസ് കോഡ്, വാഹനങ്ങൾ എന്നിവ നൽകുന്ന കാര്യം പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു. പെൻഷനുമായി ബന്ധപ്പെട്ട് ലഭിക്കുന്ന അപേക്ഷകളിൽ 45 ദിവസത്തിനുള്ളിൽ തുടർ നടപടികൾ സ്വീകരിക്കണമെന്ന് മന്ത്രി ഉദ്യോസ്ഥർക്ക് നിർദേശം നൽകി. ചെറുതും വലുതുമായ യാനങ്ങളുടെ പെർമിറ്റ് ഫീസ് സംബന്ധിച്ച പ്രശ്നം പരിശോധിച്ച് പരിഹരിക്കുമന്നും മന്ത്രി പറഞ്ഞു.

കൊയിലാണ്ടി തീരദേശ സദസ്സിന് മുന്നോടിയായി മന്ത്രിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെയും മത്സ്യത്തൊഴിലാളി പ്രതിനിധികളുടെയും ചർച്ച നടന്നു. ഹാർബറിൽ നിന്ന് കാപ്പാട് ഭാഗത്തേക്കുള്ള കവലാട് ബീച്ച് വരെയുള്ള തീരദേശ റോഡിൽ ആദ്യത്തെ രണ്ട് കിലോമീറ്റർ റീടാർ ചെയ്യുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കും. അവശേഷിക്കുന്ന ഭാഗത്ത് കടൽ ഭിത്തി നിർമ്മിച്ച് റോഡ് നവീകരിക്കുന്നതിനായുള്ള പ്രോപ്പോസൽ തയ്യാറാക്കി സമർപ്പിക്കണമെന്നും മന്ത്രി പറഞ്ഞു. കോൾഡ് സ്റ്റോറേജ്, ഇന്റേണൽ റോഡ്, നെറ്റ് റിപ്പയറിംഗ് സെന്റർ ഉൾപ്പെടെ നവീകരണത്തിനായി 21 കോടി രൂപയുടെ അനുമതി ലഭിച്ച കൊയിലാണ്ടി ഹാർബറിനെ മോഡൽ ഹാർബറാക്കി മാറ്റും. സി.ആർ.സെഡ് പരിധിയിൽ 50 മീറ്ററിനും100 മീറ്ററിനും ഇടയിൽ ഉൾപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ഭവന നിർമ്മാണവുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിച്ച് വേണ്ട നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

കൊയിലാണ്ടിയിൽ പ്രവർത്തിപ്പിക്കുന്ന ഹാർബർ എഞ്ചിനിയറിംഗ് സബ് ഡിവിഷൻ ഓഫീസ് മാറ്റരുതെന്ന ആവശ്യം മന്ത്രി അംഗീകരിച്ചു. ലെെഫ് പദ്ധതിയിൽ ഉൾപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് വീട് നിർമ്മിക്കുന്നതിനായി ഫിഷറീസ് വകുപ്പിന്റെ സ്ഥലം ലഭ്യമാക്കുന്നത് പരിഗണിക്കും. മത്സ്യത്തൊഴിലാളി സഹകരണ സംഘം ജീവനക്കാരുടെ ശമ്പള പരിഷ്ക്കരണം നടപ്പാക്കുന്ന കാര്യം പരിശോധിച്ച് വരികയാണ്. 2022 മാർച്ച് 31 ന് മുന്നേ ലഭിച്ച മത്സ്യത്തൊഴിലാളികളുടെ പെൺമക്കൾക്കായുള്ള വിവാഹ ധനസഹായം അടിയന്തിരമായി വിതരണം ചെയ്യണമെന്ന് മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ 14,15,17 വാർഡുകളിൽ ഡ്രെയ്നേജ് നിർമ്മിക്കുന്നതിന് ഫണ്ട് ലഭ്യമാക്കുന്ന കാര്യം പരിഗണിക്കണമെന്ന് ജില്ലാ പഞ്ചായത്തിനോട് മന്ത്രി ആവശ്യപ്പെട്ടു. അടുത്ത സാമ്പത്തിക വർഷം ഇത് പരിഗണനയിലെടുക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഏഴ് കുടിക്കൽ തോടിലെ മണ്ണ് രണ്ടാഴ്ച്യ്ക്കകം നീക്കണം. സുനാമി കോളനിയിലെ 25 വീടുകളുടെ നവീകരണത്തിന് ഫണ്ട് അനുവദിക്കും. കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനായി ജൽ ജിവൻ മിഷന്റെ പ്രവർത്തനങ്ങൾ എല്ലായിടത്തും പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

കാനത്തിൽ ജമീല എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷീജ ശശി, വൈസ് പ്രസിഡന്റ് എം.പി ശിവാനന്ദൻ, കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധാ കിഴക്കേപ്പാട്ട്, ഡെപ്യൂട്ടി കലക്ടർ കെ. ഹിമ, മുൻ എംഎൽഎ കെ.ദാസൻ, ഫിഷറീസ് അഡീഷണൽ ഡയറക്ടർ ശ്രീലു, ഡെപ്യൂട്ടി ഡയറക്ടർ ബി.കെ സുധീർ കിഷൻ, വിവിധ ട്രേഡ് യൂണിയൻ നേതാക്കൾ, മത്സ്യത്തൊഴിലാളി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച തീരദേശത്തെ പ്രതിഭകളെ ആദരിച്ചു. വിവിധ ആനുകൂല്യങ്ങളുടെ വിതരണവും മന്ത്രി നിർവഹിച്ചു.