കൊയിലാണ്ടിക്കാരെ.. അപകടം വിളിച്ച് വരുത്തല്ലേ; അത് സീബ്ര ലൈന്‍ അല്ല, റംബിള്‍ സ്ട്രിപ്പാണ്: അധികൃതരും കണ്ണ് തുറക്കണം


കൊയിലാണ്ടി: ദേശീയ പാതയില്‍ തിരക്കേറിയ കൊയിലാണ്ടി നഗരസഭയിലെ പ്രധാന ഇടങ്ങളിലെല്ലാം സീബ്ര ലൈന്‍ മാഞ്ഞുപോയതോടെ റോഡ് മുറിച്ചുകടക്കാന്‍ ജനങ്ങള്‍ ബുദ്ധിമുട്ടുന്നു. വാഹനങ്ങള്‍ക്കുള്ള മുന്നറിയിപ്പിനായി സ്ഥാപിച്ച റംബിള്‍ സ്ട്രിപ്‌സിലൂടെയാണ് സീബ്രാലൈനെന്ന് കരുതി ചിലര്‍ റോഡ് മുറിച്ചുകടക്കുന്നത്. ഇത് അപകടത്തിന് ഇടയാക്കും.

പുതിയ ബസ് സ്റ്റാന്‍ഡിനു മുന്‍വശം, കോടതി സമുഛയത്തിന് മുന്‍വശം, ഗവ.താലൂക്ക് ആശുപത്രിക്കു മുന്‍വശം, റെയില്‍വേ സ്റ്റേഷന്‍ റോഡ് ജംങ്ഷന്‍, സിവില്‍ സ്റ്റേഷനു മുന്‍വശം ഇവിടങ്ങളിലാണ് സീബ്ര ലൈന്‍ മാഞ്ഞു പോയത്. എതു സമയത്തും യാത്രക്കാര്‍ റോഡ് ക്രോസ് ചെയ്യേണ്ട സ്ഥലങ്ങളാണിവ. ഇവിടങ്ങളില്‍ അടുത്തിടെ വാഹനങ്ങള്‍ക്കുള്ള മുന്നറിയിപ്പിനായി സ്ഥാപിച്ച റംബിള്‍ സ്ട്രിപ്‌സിലൂടെയും യെലോ ബോക്‌സ് ജംങ്ഷനിലൂടെയും സീബ്രാലൈനെന്നു തെറ്റിദ്ധരിച്ചാണ് ജനം റോഡ് മുറിച്ചു കടക്കുന്നത്. ഇത് അപകടങ്ങള്‍ക്ക് വഴിവെക്കും.

റംബിള്‍ സ്ട്രിപ്‌സായി റോഡിന് കുറുകെ ഒരുപാട് ചെറിയ വെള്ള നിറത്തില്‍ കട്ടി ലൈനുകള്‍ വരച്ചുവെച്ചിട്ടുള്ളത് വേഗത്തില്‍ വരുന്ന വാഹനങ്ങള്‍ക്കുള്ള മുന്നറിയിപ്പാണ്. ഇവിടെ എത്തുമ്പോള്‍ വേഗത കുറക്കണമെന്നാണ് ഒരു കാര്യം.മറ്റൊന്ന് ദീര്‍ഘദൂര യാത്രയില്‍, പ്രത്യേകിച്ച് രാത്രികാലങ്ങളില്‍ ഡ്രൈവര്‍മാര്‍ ഉറങ്ങിപ്പോകുന്നത് തടയാന്‍ വേണ്ടി കൂടിയാണ്. അമിതവേഗതയില്‍ ഇതിന്റ മുകളിലൂടെ പോയാല്‍ നല്ല കുലുക്കം അനുഭവപ്പെടും. ഇതുവഴി ഏതൊരു ഡ്രൈവറും അര്‍ധമയക്കത്തില്‍നിന്ന് ഉണരും.ഈ വരകളിലൂടെ യാത്രക്കാര്‍ ഒരിക്കലും റോഡ് മുറിച്ചുകടക്കാന്‍ പാടില്ല. സീബ്രാ ലൈനുകളിലൂടെ മാത്രമേ യാത്രക്കാര്‍ റോഡ് മുറിച്ചുകടക്കാന്‍ പാടുള്ളൂ.

ഇവിടെ യാത്രക്കാര്‍ റോഡ് മുറിച്ചുകടക്കാന്‍ നില്‍ക്കുന്നുണ്ടെങ്കില്‍ വാഹനം നിര്‍ത്തികൊടുക്കണം. ഓണമെത്തിയതോടെ ടൗണില്‍ ജനത്തിരക്ക് ഏറുകയാണ്. നഗരസഭ ഇടപെട്ടു അടിയന്തരമായി ദേശീയപാതാ അതോറിറ്റിയെ കൊണ്ട് സീബ്രാലൈന്‍ മുറിഞ്ഞുപോയ ടൗണിലെ പ്രധാന കേന്ദ്രങ്ങളില്‍ അവ സ്ഥാപിക്കാന്‍ നടപടിയെടുക്കണമെന്നതാണ് ജനങ്ങളുടെ ആവശ്യം.


Summary: The zebra lines in Koilandi city have disappeared people uses rumble strip to cross road