കണ്ണൂരില്‍ സഹോദരനെയും കുടുംബത്തെയും തീകൊളുത്തിയ ശേഷം യുവാവ് ജീവനൊടുക്കി; പൊള്ളലേറ്റവരില്‍ ആറുവയസുകാരനും


കണ്ണൂര്‍: പാട്യത്ത് കുടുംബാംഗങ്ങളെ തീ കൊളുത്തി യുവാവ് ജീവനൊടുക്കി. പാട്യം പത്തായക്കുന്ന് സ്വദേശി രഞ്ജിത്ത് ആണ് ജീവനൊടുക്കിയത്. സഹോദരനും സഹോദരന്റെ ഭാര്യക്കും ആറ് വയസുള്ള മകനുമാണ് പൊള്ളലേറ്റത്.

പൊള്ളലേറ്റ രജീഷ്, ഭാര്യ സുബിന, മകന്‍ ദക്ഷന്‍ തേജ് എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുബിനക്ക് 80 ശതമാനവും രജീഷിന് 50 ശതമാനവും പൊള്ളലേറ്റിട്ടുണ്ട്. പൊള്ളലേറ്റവരെ നാട്ടുകാര്‍ ആശുപത്രിയിലേക്ക് കൊണ്ട് പോയ സമയത്താണ് കിടപ്പുമുറിയില്‍ കയറി രഞ്ജിത്ത് തൂങ്ങി മരിച്ചത്.

രാത്രി വീട്ടിലെത്തിയ രഞ്ജിത്ത് കുടുംബാംഗങ്ങളുടെ ദേഹത്ത് ടിന്നര്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. മാതാവിന്റെ മുമ്പില്‍ വച്ചാണ് സഹോദരനെയും കുടുംബത്തെയും ആക്രമിച്ചത്.

സ്വത്ത് വീതം വെക്കുന്നത് സംബന്ധിച്ച് കുടുംബാംഗങ്ങളുമായി തര്‍ക്കം നിലനിന്നിരുന്നെന്നാണ് നാട്ടുകാര്‍ പറയുന്നത്. സഹോദരങ്ങള്‍ തമ്മില്‍ തര്‍ക്കം പതിവായിരുന്നെന്നും രഞ്ജിത്ത് വീട്ടിലെത്തി നിരന്തരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.