ഓടുന്ന കാറില്‍ നിന്ന് ഡോര്‍തുറന്ന് പുറത്തേക്ക്, ഡോറില്‍ മുറുകെ പിടിച്ചു കുരുന്നുകൈകള്‍; മൂന്നുവയസ്സുള്ള കുട്ടിയുടെ അതിജീവന വീഡിയോ കാണാം


മാതാപിതാക്കളുടെ ജീവനാണ് കുട്ടികള്‍. അവരുടെ സുരക്ഷയാണ് മറ്റെന്തിനേക്കാളും മാതാപിതാക്കള്‍ക്ക് വലുത്. എന്നാല്‍ ഇക്കാര്യത്തില്‍ രക്ഷിതാക്കള്‍ക്ക് ഉണ്ടാകുന്ന അശ്രദ്ധ കുട്ടികളുടെ ജീവന്‍ തന്നെ അപകടത്തിലാക്കാറുണ്ട്. അത്തരമൊരു അശ്രദ്ധയില്‍ നിന്നും ഭാഗ്യം കൊണ്ട് മാത്രം ഒരു കുഞ്ഞ് രക്ഷപ്പെടുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാകുന്നത്.

ഓടുന്ന കാറില്‍ നിന്ന് പുറത്തേക്ക് വീണ കുഞ്ഞ് ഡോറില്‍ മുറുകെ പിടിച്ചു നില്‍ക്കുന്ന ദൃശ്യമാണ് വീഡിയോയിലുള്ളത്. വെറും 30 സെക്കന്‍ഡുകള്‍ മാത്രമാണ് വീഡിയോയുടെ ദൈര്‍ഘ്യം. ട്രാഫിക്കില്‍ നില്‍ക്കുകയായിരുന്ന ബൈക്കില്‍ സഞ്ചരിച്ച യുവാവാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ ഹെല്‍മെറ്റില്‍ ഘടിപ്പിച്ചിരിക്കുന്ന ക്യാമറയാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്.

ട്രാഫിക്കില്‍ നിന്ന് മുന്നോട്ട് സഞ്ചരിച്ച ബൈക്ക് യാത്രികന്റെ തൊട്ടുമുന്നിലായി ഒരു കാര്‍ പോകുന്നത് ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍ കാറിന്റെ പിറകുവശത്തെ വാതില്‍ ശരിയായി അടച്ചിട്ടില്ലെന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഏതാനും മീറ്റര്‍ ദൂരം കാര്‍ മുന്നോട്ട് നീങ്ങിയതും പിറക് വശത്തെ ഡോര്‍ തുറന്നു. ഇതോടെ വാതിലിന് അരികിലിരുന്ന കുഞ്ഞ് ഓടുന്ന കാറില്‍ നിന്നും പുറത്തേക്ക് വീഴാന്‍ തുടങ്ങുന്നതും വീഡിയോയില്‍ വ്യക്തമായി കാണാം.

ഏകദേശം മൂന്ന് വയസ് മാത്രം പ്രായം തോന്നിക്കുന്ന കുഞ്ഞാണ് പുറത്തേക്ക് ചാടിയത്. പുറത്തേക്ക് വീണ കുഞ്ഞ് ഡോറിന്റെ പിടിയില്‍ തൂങ്ങിപ്പിടിച്ചു. ഇത്തരത്തില്‍ കുറച്ച് ദൂരം മുന്നോട്ട് പോയതിന് ശേഷമാണ് കാര്‍ നിര്‍ത്തുന്നത്. പരിഭ്രാന്തരായ മാതാപിതാക്കള്‍ ഉടന്‍ വാഹനം നിര്‍ത്തി കുഞ്ഞിനെ കൈകളിലെടുത്തു. ഈ സമയവും അവന്റെ കൊച്ചുകൈകള്‍ ഡോറിന്റെ പിടികളില്‍ മുറുക്കെ പിടിച്ചിരുന്നു.

ഈ പ്രായത്തില്‍ സ്വയം രക്ഷനേടിയ കുരുന്നിനെ കണ്ട് അമ്പരക്കുകയാണ് സോഷ്യല്‍ മീഡിയ. സുരക്ഷിതമായി കുഞ്ഞിനെ കിട്ടിയ സന്തോഷത്തില്‍ അവന്റെ മാതാപിതാക്കള്‍ സന്തോഷത്തോടെ വാഹനമെടുത്ത് പോകുന്നതോടെയാണ് ദൃശ്യങ്ങള്‍ അവസാനിക്കുന്നത്.

വീഡിയോ കാണാം: