35ാം ദിവസം കുറ്റപത്രം സമര്‍പ്പിച്ചു, രണ്ടുമാസത്തിനുശേഷം വിചാരണ, 26 ദിവസംകൊണ്ട് വിചാരണ പൂര്‍ത്തിയാക്കി; ആലുവയില്‍ അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ വിധി പ്രസ്താവം നവംബര്‍ നാലിന്
ആലുവ: ആലുവയില്‍ അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ശനിയാഴ്ച വിധി പറയും. 223 ജൂലൈ 28ന് നടന്ന സംഭവത്തില്‍ അതിവേഗം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാണ് വിധി പറയുന്നത്.
കൃത്യം നടന്ന് 35ാം ദിവസം കുറ്റപത്രം, രണ്ടുമാസത്തിന് ശേഷം വിചാരണ, ഒടുവില്‍ 26 ദിവസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കി വിധി പ്രസ്താവിക്കുകയാണ്.
ബിഹാര്‍ സ്വദേശിയായ അസ്ഫാക് ആല(29)മാണ് കേസിലെ പ്രതി. കുഞ്ഞിനെ വീടിന് സമീപത്തുനിന്ന് തട്ടിക്കൊണ്ടുപോയ ഇയാള്‍, ബലാത്സംഗം ചെയ്തശേഷം അതിദാരുണമായി കൊലപ്പെടുത്തിയെന്നും മൃതദേഹം ആലുവ മാര്‍ക്കറ്റിന് സമീപം ഉപേക്ഷിച്ചെന്നുമാണ് കേസ്.
ജൂലായ് 28 വൈകിട്ടോടെയാണ് അഞ്ചുവയസ്സുകാരിയായ പെണ്‍കുട്ടിയെ കാണാനില്ലെന്ന വിവരം പുറംലോകമറിയുന്നത്. വീടിന് സമീപത്തുനിന്ന് കുഞ്ഞിനെ കാണാതായതോടെ വീട്ടുകാരും നാട്ടുകാരും തിരച്ചില്‍ തുടങ്ങി. പോലീസിനെയും വിവരം അറിയിച്ചു. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ ഒരാള്‍ കൂട്ടിക്കൊണ്ടുപോകുന്നത് ശ്രദ്ധയില്‍പ്പെട്ടത്.
മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ദൃശ്യങ്ങളിലുള്ള അസ്ഫാക് ആലം എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ഇയാള്‍ ലഹരിയിലായതിനാല്‍ കൃത്യമായ വിവരങ്ങള്‍ ലഭിച്ചിരുന്നില്ല. പിറ്റേദിവസം ഉച്ചയോടെയാണ് പ്രതി കുറ്റം സമ്മതിച്ചത്. പിന്നാലെ ആലുവ മാര്‍ക്കറ്റിന് സമീപം ചാക്കില്‍കെട്ടിയ നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.