”അടിപ്പാത ഒരുതരി മാറില്ല, വേണമെങ്കില്‍ റോഡ് മാറ്റിപ്പണിതോ” ബൈപ്പാസില്‍ കൊല്ലം-നെല്ല്യാടി റോഡിന് തലവേദനയായി തലതിരിഞ്ഞ അണ്ടര്‍പാസ്
കൊയിലാണ്ടി: നന്തി ചെങ്ങോട്ടുകാവ് ബൈപ്പാസില്‍ കൊല്ലം മേപ്പയ്യൂര്‍ റോഡില്‍ നിര്‍മ്മിച്ച ആദ്യ അണ്ടര്‍പ്പാസ് വിവാദമാകുന്നു. നിലവിലെ കൊല്ലം മേപ്പയ്യൂര്‍ റോഡിന് എതിര്‍ദിശയിലാണ് അണ്ടര്‍പാസ് നിര്‍മ്മിച്ചിരിക്കുന്നത്. ഇത് ഉപയോഗപ്രദമാകണമെങ്കില്‍ കൂടുതല്‍ സ്ഥലം ഏറ്റെടുത്ത് ഈ ഭാഗത്തുള്ള റോഡ് മാറ്റിപ്പണിയേണ്ട സ്ഥിതിയാണ്.
കൊല്ലം-മേപ്പയ്യൂര്‍ റോഡില്‍ ഗതാഗത തടസമുണ്ടാകാതിരിക്കാനാണ് അണ്ടര്‍പാസ് ഈ തരത്തില്‍ നിര്‍മ്മിക്കുന്നതെന്നും പിന്നീട് ഹൈഡ്രോളിങ് കംപ്രസര്‍ ഉപയോഗിച്ച് മാറ്റി സ്ഥാപിക്കുമെന്നുമായിരുന്നു നിര്‍മ്മാണത്തിന്റെ ആദ്യഘട്ടത്തില്‍ അറിയിച്ചിരുന്നത്. എന്നാല്‍ അണ്ടര്‍പാസ് മാറ്റി സ്ഥാപിക്കാന്‍ കഴിയില്ലെന്നാണ് ദേശീയ പാതാ അതോറിറ്റി അധികൃതര്‍ ഇപ്പോള്‍ പറയുന്നത്.
കൊല്ലം-നെല്ല്യാടി റോഡിന്റെ ദിശപോലും നോക്കാതെ ദേശീയപാത മാത്രം നോക്കിയാണ് അണ്ടര്‍പാസ് നിര്‍മിച്ച തെന്നും ഇത് ജില്ലയിലെ മേജര്‍ ഡിസ്ട്രിക് റോഡായ കൊല്ലം മേപ്പയൂര്‍ റോഡിനെ സാരമായി ബാധിച്ചിട്ടുണ്ടെന്നുമാണ് കൊല്ലം മേപ്പയ്യൂര്‍ റോഡിന്റെ ചുമതലയുള്ള അസി. എഞ്ചിനിയര്‍ കെ.ശില്‍പ്പ പറഞ്ഞു.
അണ്ടര്‍പാസിന്റെ നിര്‍മാണവേളയില്‍ ഹൈഡ്രോളിക് കംപ്രസര്‍ ഉപയോഗിച്ച് അണ്ടര്‍പാസ് റോഡിനു സമാന്തരമായി മാറ്റിവെക്കുമെന്നു കേട്ടിരുന്നെങ്കിലും കെ.ആര്‍.എഫ്.ബി ദേശീയപാതാ അതോറിറ്റിക്ക് നല്‍കിയ നോട്ടീസിനുശേഷം നടത്തിയ ജോയിന്റ് ഇന്‍സ്പക്ഷനിലാണ് അണ്ടര്‍ പാസ് മാറ്റി സ്ഥാപിക്കില്ലെന്നും റോഡ് സര്‍വീസ് റോഡില്‍ പ്രവേശിച്ച് അതിലൂടെ കൊല്ലം മേപ്പയൂര്‍ റോഡ് കടന്നുപോകണമെന്നും അറിയിച്ചത്. റോഡ് നേര്‍ദിശയില്‍ കൊണ്ടുപോകണണെങ്കില്‍ ഇനി ഏറ്റെടുക്കെണ്ടി വരുമെന്ന് കെ.ആര്‍.എഫ്.ബി എന്‍ജിനിയര്‍ പറഞ്ഞു.
അണ്ടര്‍ പാസ് നിര്‍മിച്ചപ്പോള്‍ ബൈപ്പാസിന് സമാന്തരമായി നിര്‍മിക്കുകയും ഉള്ളിലൂടെ കടന്നു പോകേണ്ട റോഡിനെക്കുറിച്ച് ശ്രദ്ധിക്കാതെ അണ്ടര്‍ പാസ് നിര്‍മിച്ചതില്‍ നാട്ടുകാര്‍ക്കും പ്രതിഷേധമുണ്ട്.