ദുബായിക്ക് വിസിറ്റ് വിസയില്‍ പോകാന്‍ തയ്യാറെടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്; രണ്ട് മാസത്തേക്ക് വേണ്ടത് 1.13ലക്ഷം, സൂക്ഷിച്ചില്ലെങ്കില്‍ പണി കിട്ടും!


ദുബായ്: ദുബായിലേയ്ക്ക് ഇനി വിസിറ്റ് വിസയില്‍ പോകുന്നത് അത്ര എളുപ്പമാവില്ല .സന്ദര്‍ശക വിസ സംബന്ധിച്ച നിയമങ്ങളില്‍ പുതിയ മാറ്റം അവതരിപ്പിച്ചിരിക്കുകയാണ് യുഎഇ. റിട്ടേണ്‍ ടിക്കറ്റും വിസയും കൂടാതെ ഹോട്ടല്‍ ബുക്കിംഗിന്റെ രേഖകളും ചെലവുകള്‍ക്കായി ഒരു നിശ്ചിത തുകയും കൈയ്യില്‍ കരുതണമെന്നാണ് യു.എ.ഇ യുടെ പുതിയ നിര്‍ദ്ദേശം.

പുതിയ നിയമങ്ങള്‍ പാലിക്കാത്തവര്‍ക്ക് 5000 ദിര്‍ഹം വീതം പിഴ ചുമത്തുമെന്ന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഒരു മാസത്തെ വിസയ്ക്ക് 3000 ദിര്‍ഹവും (68,000 രൂപ) രണ്ട് മാസത്തെ വിസയ്ക്ക് 5000 ദിര്‍ഹവും (1 13 ലക്ഷം) വീതം യാത്രക്കാര്‍ കരുതണം. ഇത് അക്കൗണ്ടിലോ ക്രെഡിറ്റ് കാര്‍ഡിലോ കരുതാം. കൂടാതെ മതിയായ രേഖകളില്ലാതെ യാത്രക്കാര്‍ യു.എ.ഇ യില്‍ ഇറങ്ങിയാല്‍ അതിന്റെ ഉത്തരവാദിത്തം എയര്‍ലൈന്‍ കമ്പനികള്‍ക്കായിരിക്കും. അതിനാല്‍ തന്നെ വിമാനക്കമ്പനികള്‍ ഇതുസംബന്ധിച്ചുളള പരിശോധനകളും കര്‍ശനമാക്കിയിട്ടുണ്ട്.


സന്ദര്‍ശകര്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ

1.സന്ദര്‍ശനത്തിന്റെ ഉദ്ദേശ്യം, താമസ സൗകര്യങ്ങള്‍, ചെലവുകള്‍ക്കുള്ള ഫണ്ട് എന്നിവ സംബന്ധിച്ച് ക്യത്യമായ പരിശോധന ഉണ്ടാകും. മതിയായ രേഖകള്‍ ഇല്ലെങ്കില്‍ യാത്രക്കാരെ തടഞ്ഞ് വെയ്ക്കും.

2 ടൂറിസ്റ്റ് വിസയിലുള്ള സന്ദര്‍ശകര്‍ക്ക് ജോലിയെടുക്കാനുള്ള അനുമതി ഉണ്ടായിരിക്കില്ല.

3. തൊഴില്‍ വിസയില്‍ എത്തുന്ന സന്ദര്‍ശകര്‍ പ്രവേശനത്തിന് ശേഷം വിസ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണം

4. സന്ദര്‍ശകര്‍ അവരുടെ ഹോട്ടല്‍ താമസം, റിട്ടേണ്‍ ടിക്കറ്റുകള്‍, ലഭ്യമായ ഫണ്ടുകള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കണം

5 സുഹൃത്തുക്കളെയോ ബന്ധുക്കളെയോ സന്ദര്‍ശിക്കുന്നവര്‍ അവരുടെ ആതിഥേയരുടെ വിസയുടെയും പാസ്‌പോര്‍ട്ടുകളുടെയും പകര്‍പ്പുകള്‍, ബന്ധപ്പെടാനുള്ള വിശദാംശങ്ങളും താമസവിവരങ്ങളും സഹിതം നല്‍കണം.

കഴിഞ്ഞ ദിവസം രേഖകളില്ലാതെ എയര്‍പോര്‍ട്ടിലെത്തിയ പലരുടേയും യാത്ര മുടങ്ങി. വീസയും വിമാന ടിക്കറ്റും മാത്രമായി എയര്‍പോര്‍ട്ടില്‍ എത്തിയ നൂറുകണക്കിന് പേരാണ് യാത്ര ചെയ്യാനാകാതെ വീട്ടിലേക്ക് മടങ്ങിയത്. കോഴിക്കോട് എയര്‍പോര്‍ട്ടില്‍ 5 ആളുകള്‍ക്ക് യാത്ര ചെയ്യാന്‍ സാധിച്ചില്ല. 30 ഓളം യാത്രക്കാര്‍ക്ക് കോഴിക്കോട് നിന്ന് യാത്ര ചെയ്യാന്‍ സാധിക്കാതെ വന്നതായി അധികൃതര്‍ അറിയിച്ചു. മാത്രമല്ല യാത്ര മുടങ്ങിയവര്‍ക്ക് ടിക്കറ്റ് തുക തിരിച്ച് നല്‍കാനോ പകരം മറ്റൊരു ദിവസം യാത്ര അനുവദിക്കാനോ വിമാന കമ്പനികള്‍ തയ്യാറായില്ല.