അയൽവാസിയുടെ കുടുബത്തിന്റെ ജീവനും സ്വത്തിനും ഭീഷണി; ഓംബുഡ്സ്മാൻ ഉത്തരവിനെ തുടര്‍ന്ന് ചെങ്ങോട്ടുകാവിലെ ലീഗ് നേതാവിന്റെ വീട്ടുവളപ്പിലെ മരങ്ങൾ മുറിച്ചുനീക്കി
കൊയിലാണ്ടി: അയൽവാസിയുടെ കുടുബത്തിൻ്റെ ജീവനും സ്വത്തിനും ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി ചെങ്ങോട്ടുകാവ് പഞ്ചായത്ത് മുന്‍ അംഗം സാദിഖ് ടി.വിയുടെ വീട്ടുവളപ്പിലെ മരങ്ങളും ചില്ലകളും പഞ്ചായത്ത് അധികൃതര്‍ മുറിച്ചുമാറ്റി. അയൽവാസിയായ ഒ.കെ മമ്മത് കോയയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഉത്തരവ്.
മമ്മത് കോയയുടെ കുടുബത്തിൻ്റെ ജീവനും സ്വത്തിനും ഭീഷണിയായ മരങ്ങളും ചില്ലകളും മുറിച്ചു മാറ്റുന്നതിനുളള ഓംബുഡ്സ്മാൻ ഉത്തരവിൻ്റെ അടിസ്ഥാനത്തില്‍ സാദിഖിന്റെ പറമ്പിലെ ചെമ്പക മരവും കവുങ്ങും മറ്റു ചില മരങ്ങളുടെ ചില്ലകളുമാണ് മുറിച്ചുമാറ്റിയത്.
മരങ്ങൾ മുറിച്ച് മാറ്റുന്നതിന് പഞ്ചായത്ത് നോട്ടീസ് നൽകിയിരുന്നെങ്കിലും സാദിഖ് ഉത്തരവ് പാലിക്കാത്തതിനെ തുടര്‍ന്ന് മമ്മത് കോയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു വേണ്ടിയുള്ള ഓംബുഡ്സ്മാനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് തദ്ദേശ വകുപ്പ് ജോയൻറ് ഡയരക്ടറിൽ നിന്നുള്ള റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തില്‍ മരങ്ങൾ മുറിച്ച് നീക്കുന്നതിന് ഓംബുഡ്‌സ്മാൻ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
മരം മുറിച്ചു മാറ്റുന്നതിന് കഴിഞ്ഞ ദിവസം പഞ്ചായത്ത് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിരുന്നെങ്കിലും വീട്ടുടമസ്ഥൻ സ്ഥലത്തില്ലാത്തതിനാൽ ഉത്തരവ് നടപ്പാക്കാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് കൊയിലാണ്ടി പോലീസിൻ്റെ സഹായത്തോടെ പഞ്ചായത്ത് അധികൃതർ തൊഴിലാളികളുമായി എത്തി മരം മുറിച്ചു മാറ്റുകയായിരുന്നു. മരം മുറിക്കുന്നതിന് പഞ്ചായത്തിന് വന്ന ചെലവ് ഉടമയിൽ നിന്ന് ഈടാക്കും.