തൊട്ടിൽപാലത്തെ കണ്ടക്ടറുടെ നിർദേശത്തിന് ഗതാഗത മന്ത്രിയുടെ പച്ചക്കൊടി; ഒടുവിൽ ഗംഭീര കളക്ഷൻ നേടി കെ.എസ്.ആർ.ടി.സി
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസിന്‍റെ ഷെഡ്യൂള്‍ പുനഃക്രമീകരിച്ച് നല്‍കിയാല്‍ കളക്ഷന്‍ കൂട്ടാമെന്ന തൊട്ടില്‍പ്പാലം യൂണിറ്റിലെ കണ്ടക്ടറുടെ നിർദേശത്തിന് ഗതാഗത മന്ത്രിയുടെ പച്ചക്കൊടി. തൊട്ടില്‍പാലത്തു നിന്നും പുറപ്പെടുന്ന ബസ് സമയം 11.50 ആയി പുനക്രമീകരിച്ചാല്‍ നാലായിരത്തോളം രൂപയുടെ അധിക ലാഭമുണ്ടാകുമെന്നാണ് കണ്ടക്‌ടര്‍ അജയന്‍ മന്ത്രിയെ അറിയിച്ചത്. തുടർന്ന് ഷെഡ്യൂൾ മാറ്റി നൽകാൻ മന്ത്രി നിർദേശിക്കുകയായിരുന്നു.
സമയം മാറ്റി സര്‍വീസ് നടന്നതോടെ ആദ്യ ദിവസം തന്നെ 7000 ത്തോളം രൂപയും രണ്ടാം ദിവസം 1000 ത്തോളം രൂപയും അധിക ലാഭമുണ്ടാക്കാൻ സാധിച്ചു. ഇതിന് പിന്നാലെ മന്ത്രി കണ്ടക്‌ടറെ നേരിട്ട് ഫോണിൽ വിളിച്ച് അഭിനന്ദനവും അറിയിച്ചു. കെഎസ്ആര്‍ടിസിയുടെ ഔദ്യോഗിക ഫെസ്ബുക്ക് പേജിലൂടെ മന്ത്രി കണ്ടക്‌ടറെ വിളിച്ച് അഭിനന്ദിക്കുന്ന ദൃശ്യങ്ങളും പങ്കുവെച്ചിട്ടുണ്ട്. ഇങ്ങനെയുള്ള കാര്യങ്ങള്‍ കാണുകയാണെങ്കില്‍ ഇനിയും അറിയിക്കണമെന്നും മന്ത്രി കണ്ടക്‌റോട് പറയുന്നതായും കെഎസ്ആര്‍ടിസിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ച ദൃശ്യങ്ങളില്‍ കാണാം.
തിരുനാവായ സ്വദേശിയായ ഗര്‍ഭിണിയെ പ്രസവവേദന വന്നപ്പോള്‍ തൃശ്ശൂര്‍ അമല മെഡിക്കല്‍ കോളജിലേക്ക് എത്തിച്ച ബസിന്‍റെ കണ്ടക്ടര്‍ ആയിരുന്നു അജയൻ. ഗര്‍ഭിണിയെ ആശുപത്രിയിലെത്തിക്കാൻ സമയോചിതമായി ഇടപെട്ടതിന് അഭിനന്ദനം അറിയിക്കാൻ മന്ത്രി അജയനെ ഫോണിൽ വിളിച്ചിരുന്നു. ഈ സമയത്താണ് അജയൻ, തങ്ങളുടെ ബസിൻ്റെ ഷെഡ്യൂൾ മാറ്റിയാൽ വരുമാനം കൂടുമെന്ന് അറിയിച്ചത്. അന്ന് തന്നെ ബസിൻ്റെ ഷെഡ്യൂൾ മാറ്റാൻ മന്ത്രി ഉത്തരവിടുകയായിരുന്നു.
നേരത്തെ ഡിപ്പോ തുടങ്ങിയ കാലത്ത് കേരളത്തില്‍ ഏറ്റവും കളക്ഷനുണ്ടാക്കിയത് തൊട്ടില്‍പ്പാലം ഡിപ്പോ ആയിരുന്നു. പിന്നെ ബസും വരുമാനവും കുറയുന്ന സ്ഥിതിയായി. ഡിപ്പോയും വരുമാനവും മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ മന്ത്രിയും ജീവനക്കാരുമെല്ലാം.