‘സ്റ്റോപ്’ ബോർഡുമായി ഇനി അവർ ഇല്ല; മൂരാട് പഴയ പാലത്തിൽ നിയോഗിച്ചിരുന്ന പോലീസുകാരെയും ഹോം ഗാർഡിനെയും പിൻവലിച്ച് ട്രോഫിക് പോലീസ്
വടകര: ഗുഡ് ബെെ പറഞ്ഞ് അവർ മടങ്ങി, ഇനി മൂരാടിലെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ അവരില്ല. മൂരാട് പുതിയ പാലം താത്ക്കാലികമായി തുറന്നതോടെയാണ് പാലത്തിന് ഇരുവശത്തുമായി നിയമിച്ചിരുന്ന പോലീസുകാരെയും ഹോം ഗാർഡിനെയും വടകര ട്രാഫിക് പോലീസ് പിൻവലിച്ചത്. നാട്ടുകാരോട് യാത്രപറഞ്ഞാണ് അവർ മടങ്ങിയത്.
ഇടുങ്ങിയ പഴയ പാലത്തിലൂടെ സുഗമമായി വാഹനങ്ങൾക്ക് കടന്നുപോകുന്നതിനാണ് ഇരുശവത്തും ഉദ്യോഗസ്ഥരെ ട്രാഫിക് പോലീസ് നിയമിച്ചിരുന്നത്. പാലത്തിൻ്റെ രണ്ടു ഭാഗത്തുമായി ഒരേസമയം നാലു പേർ. അങ്ങനെ രാത്രിയും പകലുമായി നാലു ഷിഫ്റ്റിലായി ഒരുദിവസം 16 പേരുടെ സേവനമാണ് ഇവിടെ ഉണ്ടായിരുന്നത്. മൂരാട് പാലം കടന്നുകിട്ടാൻ തിരക്കുകൂട്ടിയിരുന്ന വാഹനങ്ങളെ നിയന്ത്രിക്കാൻ പാടുപെട്ടവരാണ് പാലത്തിൽ ഡ്യൂട്ടിക്കെത്തിയ ഹോംഗാർഡുകാർ.
വീതികുറവായതിനാൽ രണ്ട് വലിയ വാഹനങ്ങൾക്ക് ഒരേ സമയം പാലത്തിലൂടെ സഞ്ചരിക്കാൻ സാധ്യമല്ലായിരുന്നു. ഇതേ തുടർന്ന് പോലീസിനെ ഉപയോഗിച്ച് ഒരുവശത്തൂകൂടെ മാത്രമാണ് വലിയ വാഹനങ്ങൾ കടത്തിവിട്ടിരുന്നത്. അതിനാൽതന്നെ മറ്റു ഡ്യൂട്ടിക്കാരെ പോലെ ഇവർക്ക് പാലത്തിന് സമീപത്തുനിന്ന് അൽപനേരം പോലും മാറി നിൽക്കുക സാധ്യമല്ലായിരുന്നു. ഒന്നു കണ്ണുതെറ്റിയാൽ വലിയ വാഹനങ്ങൾ പാലത്തിൽ കയറും, പിന്നാലെ ഗതാഗതക്കുരുക്കും. അതായിരുന്നു കാരണം.
ദേശീയപാത ആറിവരിയാക്കി ഉയർത്തുന്ന പ്രവൃത്തി ആരംഭിച്ചതോടെ പാലത്തിലെ ജോലി കൂടുതൽ ബുദ്ധിമുട്ടേറിയതായി. കടുത്ത വെയിലിനൊപ്പം പൊടിശല്യത്തേയും ഇവർ നേരിട്ടിരുന്നു. മരങ്ങളും കടകളും പോയതോടെയാണ് ചൂട് ഇരട്ടിച്ചത്. തീരെ സഹിക്കാൻ പറ്റാത്തത് സ്റ്റോപ്പ് കാണിക്കുമ്പോൾ ചില ഡ്രൈവർമാരുടെ തെറി കേൾക്കേണ്ടിവരുന്നതാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
അവസാന ദിവസത്തെ ഡ്യൂട്ടിക്കാരായ ഹോം ഗാർഡ് നിഷാ ഗിരീഷ്, ആർ. രാധാകൃഷ്ണൻ, പി. വിജിത്ത്, എസ്.എച്ച്.ഒ. ചാലിൽ ബൈജു എന്നിവർക്ക് യാത്രയയപ്പ് നൽകിയാണ് നാട്ടുകാർ മടക്കിയത്. ഫോട്ടോയെടുത്താണ് പോലീസ് ഉദ്യോഗസ്ഥരും ദേശീയപാതാ വിഭാഗം ഉദ്യോഗസ്ഥരും സന്തോഷം പങ്കുവെച്ചത്. മധുരപലഹാരവും നൽകി.