ഡീസല്‍ തീര്‍ന്ന് ടൂറിസ്റ്റ് ബസ് കുടുങ്ങി; ആറുമണിക്കൂറിനിപ്പുറവും അയവില്ലാതെ താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്ക്
താമരശ്ശേരി: ടൂറിസ്റ്റ് ബസ് കുടുങ്ങിയതിനെ തുടര്‍ന്ന് താമരശ്ശേരി ചുരത്തില്‍ ഇന്ന് പുലര്‍ച്ചെ മുതല്‍ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് തുടരുന്നു. രാവിലെ ഏഴരയോടെയാണ് ബസ് കുടുങ്ങിയത്. ആറ് മണിക്കൂറിനിപ്പുറവും ഗതാഗതക്കുരുക്ക് തുടരുകയാണ്. അടിവാരം മുതല്‍ ലക്കിടിവരെ വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുകയാണ്.
ചുരത്തില്‍ വ്യൂപോയിന്റിന് അടുത്തായി വയനാട് ഭാഗത്തേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസ് ഡീസല്‍ തീര്‍ന്നതോടെ കുടുങ്ങുകയായിരുന്നു. ഡീസല്‍ എത്തിച്ച് വാഹനം മാറ്റാനെടുത്ത സമയത്തിനിടെ ചുരത്തില്‍ വന്‍ ഗതാഗതക്കുരുക്ക് രൂപപ്പെടുകയായിരുന്നു.
ചെറിയ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയുമായിരുന്നെങ്കിലും വലിയ വാഹനങ്ങള്‍ ചുരത്തില്‍ കുടങ്ങിയതിനാല്‍ ചെറുവാഹനങ്ങള്‍ക്കും കടന്നുപോകാന്‍ കഴിയാത്ത അവസ്ഥ വന്നു. ആദ്യം ചുരം സംരക്ഷമസമിതി പ്രവര്‍ത്തകരും പിന്നീട് ഹൈവേ പൊലീസും ചേര്‍ന്നാണ് ഗതാഗതം നിയന്ത്രിച്ചത്. ക്രിസ്മസ് അവധി കഴിഞ്ഞ് വയനാട്ടില്‍ നിന്ന് മറ്റു ജില്ലകളിലേക്കും തിരികെയും വരുന്നവര്‍ സഞ്ചരിച്ച വാഹനങ്ങളായിരുന്നു കൂടുതലും.
നാലാം വളവ് മുതല്‍ എട്ടാം വളവിന്റെ മുകളില്‍ വരെ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. ഇരുചക്രവാഹനങ്ങളൊഴിച്ച് മറ്റുള്ള വാഹനങ്ങള്‍ക്കെല്ലാം വളരെ പതുക്കെയാണ് പോകാനായത്.