തലേദിവസം വന്ന് സ്ഥലം ഉറപ്പിക്കും, മോഷണ ശേഷം പോവുന്നത്‌ ടൂറിന്, കോഴിക്കോട്ടെ കുപ്രസിദ്ധ കള്ളന്‍ സക്കറിയയുടെ പേരിലുള്ളത് നൂറിലധികം കേസുകള്‍


കോഴിക്കോട്: കോഴിക്കോട് മൂന്ന് കടകളില്‍ മോഷണം നടത്തിയ പ്രതി മോഷണത്തില്‍ കുപ്രസിദ്ധന്‍. കൊടുവള്ളി സ്വദേശിയായ കുപ്രസിദ്ധ മോഷ്ടാവ് കളരാന്തിരി സക്കറിയ(41) ആണ് പിടിയിലായത്. ഇയാളുടെ പേരില്‍ നൂറിലധികം കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൂടാതെ മോഷണ ശേഷം ഇയാള്‍ ടൂറിന് പോകുന്നത് പതിവാണെന്ന് പോലീസ് പറയുന്നു.

തലേദിവസം വന്ന് കടയും പരിസരവും കണ്ടുറപ്പിച്ച് പോകും. തൊട്ടടുത്ത തക്കത്തിന് മോഷ്ടിച്ചിരിക്കും. ഇതാണ് രീതിയെന്ന് പൊലീസ് വിശദീകരിച്ചു. 110 ഓളം കേസുകളാണ് ഇയാളുടെ പേരില്‍ ഉള്ളത്. പതിനാലാം വയസ്സില്‍ തുടങ്ങിയ മോഷണം നാല്‍പ്പത്തിയൊന്നാം വയസ്സിലും തുടര്‍ന്നുവരികയാണ്. മോഷ്ടിച്ച പണവുമായി വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേയ്ക്കാണ് ഇയാള്‍ പോവുക. പണം തീരുന്നത് വരെ ആര്‍ഭാട ജീവിതം നയിക്കും.

പണം തീരുന്നതിനനുസരിച്ച് കടകള്‍ നോക്കി വെച്ച് മോഷ്ടിക്കും. പിടിവീണാല്‍ അതിനിടയ്ക്ക് പിടിയിലായാല്‍ അറസ്റ്റും വിചാരണയും ശിക്ഷയും നേരിടും. അങ്ങനെയൊരു ശിക്ഷ കഴിഞ്ഞ് ജൂണ്‍ 6ന് ജയില്‍ മോചിതനായിട്ടേ ഉള്ളൂ സക്കറിയ. ഒടുവില്‍ കഴിഞ്ഞ ദിവസമാണ് കസബ പോലീസ് ഇയാളെ പിടികൂടിയത്.

കോട്ടപ്പറമ്പ് റോഡില്‍ മൂന്ന് ഇലക്ട്രിക് കടകള്‍ കുത്തിത്തുറന്ന് പണവും മൊബൈല്‍ ഫോണും കവര്‍ന്ന സംഭവത്തിലാണ് ഇയാള്‍ പിടിയിലായിരിക്കുന്നത്. നഗരത്തിലെ 19 സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചത് വഴിയാണ് പൊലീസ് പ്രതിയിലേക്കെത്തുന്നത്. വയനാട് സുല്‍ത്താന്‍ ബത്തേരി ടൗണില്‍ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കോട്ടപ്പറമ്പിലെ ഫെഡ്എക്സ് ഇലക്ട്രിക്കല്‍സില്‍ നിന്ന് 5000 രൂപ, ഈസ്റ്റ് കോട്ടപ്പറമ്പ് റോഡിലെ രാജേശ്വര്‍ കേബിള്‍ ആന്‍ഡ് ഇലക്ട്രി ക്കല്‍സില്‍നിന്ന് 28,000 രൂപ, ലഗാരോ ഇന്റര്‍ നാഷണലില്‍ നിന്ന് പൂട്ടു പൊളിച്ച് 10,000 രൂപയും 12,000 രൂപ വിലവരുന്ന മൊബൈല്‍ ഫോണുമാണ് കവര്‍ന്നത്. മോഷണം നടന്ന് 24 മണിക്കൂറിനകമാണ് പ്രതി പിടിയിലായത്. ഇയാള്‍ക്കെതിരെ സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ നൂറിലേറെ കേസുകളുണ്ടന്ന് കസബ എസ്.ഐ ജഗത് മോഹന്‍ ദത്ത് പറഞ്ഞു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.