രാത്രികാല പഠനം കഴിഞ്ഞ് തിരുവങ്ങൂര്‍ സ്‌കൂളില്‍ നിന്നും കയറിയ വിദ്യാര്‍ഥികളെ പാതിവഴിയില്‍ ഇറക്കിവിട്ടു, വീട്ടിലെത്തിച്ചത് നാട്ടുകാര്‍ ഇടപെട്ട്; സ്വകാര്യ ബസിനെതിരെ നടപടിയെടുക്കുമെന്ന് പൊലീസ്
തിരുവങ്ങൂര്‍: രാത്രികാല പഠനം കഴിഞ്ഞ് തിരുവങ്ങൂര്‍ സ്‌കൂള്‍ പരിസരത്തുനിന്നും ബസില്‍ കയറിയ വിദ്യാര്‍ഥികളെ പാതിവഴിയില്‍ ഇറക്കിവിട്ടതായി പരാതി. പൂക്കാടിനും തിരുവങ്ങൂരിനും ഇടയിലുള്ള വെറ്റിലപ്പാറ സ്റ്റോപ്പിലാണ് കുട്ടികളെ ഇറക്കിവിട്ടത്.
ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യയാത്രാ സമയം കഴിഞ്ഞുവെന്ന് പറഞ്ഞാണ് ഏഴ് കുട്ടികളെ ബസ്സില്‍ നിന്നും നിര്‍ബന്ധപൂര്‍വ്വം ഇറക്കിവിട്ടത്. റോഡ് പണി നടക്കുന്ന സ്ഥലത്ത് കുട്ടികള്‍ പെരുവഴിയിലായതോടെ നാട്ടുകാര്‍ ഇടപെട്ട് സ്‌കൂള്‍ അധികൃതരെ വിളിച്ചുവരുത്തി മറ്റൊരു വാഹനത്തില്‍ കയറ്റി വിടുകയായിരുന്നു. കൊയിലാണ്ടി കുറുവങ്ങാട്, പൂക്കാട് തോരായികടവ്, ചെങ്ങോട്ടുകാവ് തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള കുട്ടികളെയാണ് ഇറക്കിവിട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് ഏഴ് വിദ്യാര്‍ഥികളും കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ബി.ടി.സിയെന്ന ബസിനെതിരെയാണ് പരാതി ലഭിച്ചതെന്ന് സി.ഐ.സുനില്‍കുമാര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് ബസ് ജീവനക്കാരെ വിളിപ്പിച്ചിട്ടുണ്ട്. തുടര്‍നടപടികള്‍ക്കായി ആര്‍.ടി.ഒയ്ക്ക് റിപ്പോര്‍ട്ട് കൈമാറുമെന്നും സി.ഐ അറിയിച്ചു.