പ്രായം 70, ഓടിയും നടന്നും കേരളത്തിനായി നേടിയത് രണ്ട് മെഡലുകൾ; നാഷണൽ മാസ്റ്റേഴ്സ് മീറ്റിൽ താരമായി ചക്കിട്ടപ്പാറയുടെ സ്വന്തം പരിശീലകന്‍ കെ.എം പീറ്റര്‍ കരിമ്പനക്കുഴി


ചക്കിട്ടപ്പാറ: കൊല്‍ക്കത്തയില്‍ നടക്കുന്ന മാസ്റ്റേഴ്‌സ് അത്‌ലറ്റിക്‌സ് നാഷനല്‍ മീറ്റില്‍ കേരളത്തിനായി രണ്ട് സ്വര്‍ണ്ണ മെഡല്‍ സ്വന്തമാക്കി ചക്കിട്ടപ്പാറ സ്വദേശി. ചക്കിട്ടപ്പാറയുടെ സ്വന്തം കായിക പരിശീലകനായ കെ.എം പീറ്റര്‍ കരിമ്പനക്കുഴിയാണ് മത്സരത്തില്‍ മിന്നുന്ന പ്രകടനം കാഴ്ച്ചവെച്ചത്.

പുരുഷന്‍മാരുടെ സെവന്റി പ്ലസ് വിഭാഗത്തില്‍ 5 കിലോമീറ്റര്‍ ഓട്ടത്തിലും, നടത്തത്തിലുമാണ് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. ജാവലിന്‍ത്രോ മത്സരത്തിലും മികച്ച പ്രകടനം കാഴ്ച്ച വെക്കാറുള്ള ഇദ്ദേഹത്തിന് ഇന്നലെ നടക്കാനിരുന്ന മത്സരം മാറ്റിയതിനെത്തുടര്‍ന്ന് മത്സരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇത് കേരളത്തിന് വലിയ നഷ്ടമാണ്.

ചെറുപ്പം മുതല്‍ തന്നെ ചിട്ടയായ കായിക പരിശീലനം നടത്തിയിരുന്ന ഈ എഴുപതുകാരന്‍ ഒളിംപ്യന്‍ ജിന്‍സണ്‍ ജോണ്‍സന്റെ ഗുരുവാണ്. ചക്കിട്ടപാറ പഞ്ചായത്ത് സ്റ്റേഡിയത്തില്‍ 20 വര്‍ഷമായി ഇദ്ദേഹത്തിന്റെ കായിക പരിശീലനത്തിലൂടെ നൂറുകണക്കിനു ദേശീയ സംസ്ഥാന താരങ്ങളെ വാര്‍ത്തെടുക്കാന്‍ സാധിച്ചു.

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവ് നയന ജയിംസ്, കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡല്‍ ജേതാവ് ജിബിന്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ ഉള്‍പ്പെടെ പീറ്ററിന്റെ ശിഷ്യരാണ്.

തിരുവനന്തപുരത്തു നടന്ന കേരള സ്റ്റേറ്റ് മാസ്റ്റേഴ്‌സ് അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിലും മികച്ച പ്രകടനം കാഴ്ച്ചവച്ചാണ് ഇദ്ദേഹം നാഷണല്‍ മീറ്റിലേക്കെത്തിയത്.

summary: the native of Chakkittapara won two gold medals for Kerala in the Masters athletic National Meet