സ്‌കൂളിന് സോളാര്‍ സ്ട്രീറ്റ് ലൈറ്റ്, വയനാട്ടിലെ ദുരിതബാധിതര്‍ക്ക് വേണ്ടി പലഹാരം വിറ്റ് ധനസമാഹരണം; കണ്ടുപിടുത്തത്തിലും സന്നദ്ധ പ്രവര്‍ത്തനത്തിലും ഒരുപോലെ മികവ് തെളിയിച്ച് കൊയിലാണ്ടി ഗവ: മാപ്പിള വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍


കൊയിലാണ്ടി: ഒരുദിവസം കൊണ്ട് ഭക്ഷ്യമേള നടത്തി സമാഹരിച്ച ഇരുപത്തി അയ്യായിരം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കായി നല്‍കി കൊയിലാണ്ടി ഗവ: മാപ്പിള വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വി.എച്ച്.എസ്.ഇ വിഭാഗം വിദ്യാര്‍ത്ഥികള്‍. ആഗസ്ത് 23 ന് സംഘടിപ്പിച്ച ഭക്ഷ്യമേളയിലാണ് വിദ്യാര്‍ത്ഥികള്‍ ഇത്രയും തുക സമാഹരിച്ചത്. രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ സ്‌കൂളിലും സമീപത്തുമായി തട്ടുകട രീതിയില്‍ നടത്തിയ ഭക്ഷ്യമേളയില്‍ നിരവധി ആളുകളാണ് പങ്കാളികളായത്.

ഓരോ വിദ്യാര്‍ത്ഥികളും വീടുകളില്‍ നിന്നും ഉണ്ടാക്കി കൊണ്ടുവന്ന് അന്‍പത് തരം ചായക്കടികളാണ് ഭക്ഷ്യമേളയിലൂടെ വിറ്റുപോയത്. പ്രദേശവാസികളും അധ്യാപകരും വിദ്യാര്‍ത്ഥികളുട ഈ സന്നദ്ധ പ്രവര്‍ത്തനത്തില്‍ സഹായം നല്‍കി. വിദ്യാര്‍ത്ഥികള്‍ സമാഹരിച്ച തുക കൊയിലാണ്ടി നഗരസഭ ചെയര്‍പേഴ്സണ്‍ സുധ കിഴക്കേപ്പാട്ട് വിദ്യാര്‍ത്ഥി പ്രതിനിധികളായ ഹിബ ഫാത്തിമ, ഫാത്തിമ സഫ എന്നിവരില്‍ നിന്നും ഏറ്റുവാങ്ങി.

കൂടാതെ സ്‌കൂളിലെ വി.എച്ച്.എസ്.ഇ ഇലക്ട്രോണിക്സ് വിഭാഗം വിദ്യാര്‍ത്ഥികള്‍ സ്‌കൂളിന്റെ മുന്‍ഭാഗത്തായി സ്ഥാപിച്ച സോളാര്‍ സ്ട്രീറ്റ് ലൈറ്റിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മവും നടന്നു. ലാബ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അധ്യാപകരുടെ പിന്തുണയോടെയാണ് ഇലക്ട്രോണിക്‌സ് വിഭാഗം വിദ്യാര്‍ത്ഥികള്‍ സോളാര്‍ സ്ട്രീറ്റ് ലൈറ്റ് നിര്‍മ്മിച്ചത്. ഇത് റിമോര്‍ട്ട് ഉപയോഗിച്ച് ലൈറ്റ് കുറയ്ക്കുവാനും മറ്റും സാധിക്കുന്ന തരത്തിലുള്ളതാണെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. മുന്‍പും വിദ്യാര്‍ത്ഥികള്‍ പഠനത്തിന്റെ ഭാഗമായി നഗരസഭയിലെ രണ്ട് വാര്‍ഡുകളിലെ വീടുകളില്‍ പോയി ലൈറ്റ് മുതലായവയുടെ റിപ്പയറിംങ്ങും സൗജന്യമായി എല്‍.ഇ.ഡി ബള്‍ബുകളും നല്‍കിയിരുന്നതായി പ്രിന്‍സിപ്പല്‍ പറഞ്ഞു.

തുക കൈമാറല്‍ ചടങ്ങില്‍ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ നിജില പറവക്കൊടി, വാര്‍ഡ് കൗണ്‍സിലര്‍ റഹ്‌മത് കെ.ടി.വി പിടി.എ പ്രസിഡന്റ് ഷൗക്കത്തലി, പ്രിന്‍സിപ്പല്‍മാരായ ലൈജു, രതീഷ് എസ്.വി.എച്ച്.എം ദീപ, പി.ടി.എ വൈസ് പ്രസിഡന്റ് നാസര്‍, സത്താര്‍ എന്നിവര്‍ പങ്കെടുത്തു. സോളാര്‍ സ്ട്രീറ്റ് ലൈറ്റിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം കൊയിലാണ്ടി നഗരസഭ ചെയര്‍പേഴ്സണ്‍ സുധ കിഴക്കേപ്പാട്ട് നിര്‍വഹിച്ചു. പ്രസ്തുത ചടങ്ങില്‍ വി.എച്ച്.സ്.ഇ അധ്യാപിക ബീന എം. അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു.

Summary: The students of VHSE section of Mapila Vocational Higher Secondary School, Govt. Koyalandi donated twenty five thousand rupees collected by holding a food fair to the Chief Minister’s Relief Fund.