കോഴിക്കോട് – കണ്ണൂര്‍ റൂട്ടില്‍ സ്വകാര്യ ബസ് തൊഴിലാളികള്‍ പ്രഖ്യാപിച്ച സമരം ആരംഭിച്ചു; വലഞ്ഞ് യാത്രക്കാര്‍


കൊയിലാണ്ടി: കോഴിക്കോട് – കണ്ണൂര്‍ റൂട്ടില്‍ ഒരു വിഭാഗം സ്വകാര്യ ബസ് ജീവനക്കാര്‍ പ്രഖ്യാപിച്ച ബസ് സമരം ഭാഗികം. രാവിലെ വടകര – കൊയിലാണ്ടി റൂട്ടില്‍ ചുരുക്കം ബസുകളാണ് സര്‍വ്വീസ് നടത്തിയത്. ഇതോടെ യാത്രക്കാര്‍ വലഞ്ഞിരിക്കുകയാണ്. സ്ഥിരമായി പോവുന്ന ബസിനെ കാത്ത് നില്‍ക്കുന്നവര്‍ക്ക് അപ്രതീക്ഷിതമായി പ്രഖ്യാപിച്ച സമരം വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കിയിരിക്കുന്നത്.

എന്നാല്‍ കൊയിലാണ്ടി – വടകര റൂട്ടില്‍ ലോക്കല്‍ ബസുകളും, ലിമിറ്റഡ് സ്‌റ്റോപ്പ്‌ ബസുകളും പൂര്‍ണമായി സര്‍വ്വീസ് നിര്‍ത്തിവെച്ചിരിക്കുകയാണ്. കോഴിക്കോട് – കണ്ണൂര്‍ റൂട്ടിലും ലിമിറ്റഡ് സ്‌റ്റോപ്പ്‌ ബസുകള്‍ സര്‍വ്വീസ് നടത്തുന്നില്ലെന്നാണ് ജീവനക്കാര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞത്.

എന്നാല്‍ സമരവുമായി ബന്ധപ്പെട്ട് പ്രതികരണം ചോദിച്ചപ്പോള്‍ സമരമില്ലെന്നും ലോക്കല്‍ ബസുകളും, കോഴിക്കോട് – കണ്ണൂര്‍ റൂട്ടിലെ ലിമിറ്റഡ് സ്‌റ്റോപ്പ് ബസുകളും സാധാരണപോലെ സര്‍വ്വീസ് നടത്തുന്നുണ്ടെന്നാണ്‌ ട്രേഡ് യൂണിയന്‍ അംഗങ്ങള്‍ പറയുന്നത്. കഴിഞ്ഞ ദിവസമാണ് സ്വകാര്യ ബസ് ജീവനക്കാര്‍ സോഷ്യല്‍മീഡിയ വഴി ബസ് തൊഴില്‍ ബഹിഷ്‌ക്കരണം പ്രഖ്യാപിച്ചത്.

കുണ്ടും കുഴിയും വെള്ളക്കെട്ടും നിറഞ്ഞ ദേശീയപാതയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക, മടപ്പള്ളിയില്‍ റോഡ് മുറിച്ചു കടക്കുകയായിരുന്ന വിദ്യാര്‍ത്ഥിനികളെ ബസ് ഇടിച്ച സംഭവത്തില്‍ ബസ് ഡ്രൈവറുടെ ലൈസന്‍സ് ആജീവനാന്തം വിലക്കിയ നടപടി പുന:പരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്‌ ജീവനക്കാര്‍ ഇന്ന് തൊഴില്‍ ബഹിഷ്‌ക്കരണം പ്രഖ്യാപിച്ചത്.

എന്നാല്‍ മുന്‍കൂറായോ നോട്ടീസ് നല്‍കുകയോ സംഘടനകളുമായോ അതിന്റെ കോഡിനേഷനുകളുമായോ ഒന്നും ചര്‍ച്ച നടത്താതെയാണ് ജീവനക്കാര്‍ സോഷ്യല്‍മീഡിയ വഴി തൊഴില്‍ ബഹിഷ്‌ക്കരണം പ്രഖ്യാപിച്ചത് എന്നാണ് തൊഴിലാളി സംഘടനകള്‍ പറയുന്നത്. അതുകൊണ്ടുതന്നെ അത്തരത്തിലുള്ള തൊഴില്‍ ബഹിഷ്‌ക്കരണം അംഗീകരിക്കാനാവില്ലെന്നാണ് സംഘടനകള്‍ ഇന്നലെ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചത്.