” 17 വര്‍ഷമായി തിരയുന്ന മകന്‍ തൊട്ടടുത്തിരുന്നിട്ടും തിരിച്ചറിയാനാകാതെ അച്ഛന്‍, അടുത്തിരിക്കുന്നത് അച്ഛനാണെന്ന് അറിയാതെ ആ മകനും” പേരാമ്പ്ര സ്വദേശിനിയുടെ മകന്‍ വര്‍ഷങ്ങള്‍ക്കുശേഷം അച്ഛന്റെ കൈകളിലെത്തിയ കഥ


പേരാമ്പ്ര: രണ്ടാം വയസില്‍ തനിക്ക് നഷ്ടമായ കുഞ്ഞ്, അതിനെ അന്വേഷിച്ച് കഴിഞ്ഞ് പോയത് 17 വര്‍ഷങ്ങള്‍ ഒടുവില്‍ മകന്‍ തൊട്ടടുത്തിരുന്നിട്ടും തിരിച്ചറിയാതെ ആ അച്ഛന്‍. സിനിമയെ വെല്ലുന്ന ജീവിതകഥയാണ് കഴിഞ്ഞദിവസം കോഴിക്കോട് വെള്ളിമാടുകുന്നിലെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഓഫീസില്‍ അരങ്ങേറിയത്.

മുക്കത്ത് താമസിക്കുന്ന കോണ്ടാക്ടറായ മധ്യവയസ്‌കനാണ് ഈ കഥയിലെ നായകന്‍. പേരാമ്പ്ര കടിയങ്ങാട് സ്വദേശിനിയെ വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രണയിച്ച് വിവാഹം ചെയ്തു. ബന്ധുക്കളുടെ എതിര്‍പ്പ് വകവെക്കാതെയായിരുന്നു വിവാഹം. ഇരുവര്‍ക്കും ഒരു മകന്‍ ജനിച്ച് രണ്ടുവര്‍ഷത്തിനുശേഷം യുവതി മരിച്ചു. അതോടെ കുഞ്ഞിനെ അച്ഛനില്‍ നിന്ന് അടര്‍ത്തിമാറ്റി യുവതിയുടെ ബന്ധുക്കള്‍ കൊണ്ടുപോയി.

അമ്മയുടെ ബന്ധുക്കള്‍ കുഞ്ഞിനെ സി.ഡബ്ല്യു.സിയുടെ ബോയ്‌സ് ഹോമിലാക്കി. അണ്മ മരിച്ചെന്നും പിതാവ് നാടുവിട്ട് പോയെന്നുമായിരുന്നു ബന്ധുക്കള്‍ പറഞ്ഞത്. എന്നാല്‍ പിന്നീട് പാരമ്പര്യ സ്വത്തിലുള്ള കുട്ടിയുടെ അവകാശം മനസിലാക്കി ഇവര്‍ ഏഴുവര്‍ഷത്തിനുശേഷം കുട്ടിയെ തിരിച്ചുകൊണ്ടുപോയി. എന്നാല്‍ കുട്ടിയെ നോക്കാനുള്ള കഴിവില്ലെന്നും പറഞ്ഞ് 14ാം വയസില്‍ വീണ്ടും ബോയ്‌സ് ഹോമിലെത്തിച്ചു.

ഇതിനിടെ കുട്ടിയെക്കുറിച്ച് സംശയം തോന്നിയ സി.ഡബ്ല്യു.സി അധികൃതര്‍ രഹസ്യമായി അന്വേഷണം ആരംഭിച്ചു. കുട്ടി കോടികളുടെ സ്വത്തിന് അവകാശിയാണെന്നും കണ്ടെത്തി. ഇതിനിടെ ബന്ധുക്കള്‍ സി.ഡബ്ല്യു.സിയിലെത്തി. എന്നാല്‍ മറ്റുബന്ധുക്കള്‍ ആരെങ്കിലും എത്തിയാല്‍ കുട്ടിയെ വിട്ടുകൊടുക്കണമെന്നായി അധികൃതര്‍. ഈ നിബന്ധനയില്‍ മറ്റു ബന്ധുക്കള്‍ക്കൊപ്പം കുട്ടിയെ വിട്ടയച്ചു.

കുട്ടിയുടെ അച്ഛനെക്കുറിച്ച് പൊലീസ് നടത്തിയ അന്വേഷണത്തില്‍ മുക്കത്ത് താമസിക്കുന്ന കോണ്‍ട്രാക്ടറാണ് അച്ഛനെന്ന് സൂചന ലഭിച്ചു. ഇതുപ്രകാരം അയാളെ കണ്ടപ്പോള്‍ കുഞ്ഞുമായി ബന്ധപ്പെട്ട വിശദാംശങ്ങളും പൊലീസിന് ലഭിച്ചു. എന്നാല്‍ കുട്ടിയെക്കുറിച്ച് ഇയാളെ അറിയിച്ചിരുന്നില്ല.

അന്വേഷണത്തിന്റെ ഭാഗമായി കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ ഈ കോണ്ട്രാക്ടറെ അധികൃതര്‍ ഓഫീസിലേക്ക് വിളിച്ചുവരുത്തി. ഇതേ സമയത്ത് ബന്ധുവീട് വിട്ടിറങ്ങിയ കുട്ടിയെ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കണ്ടെത്തിയപൊലീസ് സി.ഡബ്ല്യു.സി ഓഫീസിലെത്തിച്ചു. ഓഫീസില്‍ തൊട്ടടുത്ത ഇരിപ്പിടങ്ങളിലായി അച്ഛനും മകനും ഇരുന്നു. പരസ്പരം തിരിച്ചറിയാതെ.

സി.ഡബ്ല്യു.സി അധികൃതര്‍ കുട്ടിയോട് കാര്യങ്ങള്‍ ചോദിക്കുന്നതിനിടെയാണ് അച്ഛന്‍ മകനെ തിരിച്ചറിഞ്ഞത്. അതോടെ ഒരു അപൂര്‍വ്വ കൂടിച്ചേരലിന് സാക്ഷിയായി ആ ഓഫീസ് പരിസരം.