മേലൂര്‍ ‘പാത്തിക്കലപ്പന്‍’ പ്രതിമയെ സുരക്ഷിതമായി ഒരിടത്തേയ്ക്ക് സ്ഥാപിക്കാന്‍ ഇനിയും കഴിഞ്ഞില്ല; നടപടി വേണമന്നെ് അധികൃതര്‍


കൊയിലാണ്ടി: മേലൂര്‍ ശിവക്ഷേത്രത്തിന് പടിഞ്ഞാറുള്ള കുളത്തില്‍നിന്ന് പുറത്തെടുത്ത ‘പാത്തിക്കലപ്പന്‍’ എന്ന് നാട്ടുകാര്‍ പറയുന്ന കല്‍പ്രതിമയുടെ സംരക്ഷണത്തിനുള്ള നടപടികള്‍ നീളുന്നു. നിലവില്‍ കുളത്തില്‍ നിന്നും പ്രതിമ പുറത്തെടുത്ത ശേഷം ക്ഷേത്രത്തിന് സമീപത്ത് തന്നെ സൂക്ഷിച്ചിരുന്ന പ്രതിമയെ കൃത്യമായ ഒരിടത്തേയ്ക്ക് സ്ഥാപിക്കാന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ല.

ക്ഷേത്രത്തിന് സമീപത്തെ ഇടവഴിയോരത്താണ് പ്രതിയുള്ളത്. കുളത്തില്‍ നിന്നും പ്രതിമ എടുത്ത ശേഷം നാട്ടുകാരുടെ അഭ്യര്‍ത്ഥന മാനിച്ചാണ് പുരാവസ്തു ഗവേഷകര്‍ അവിടെ തന്നെ സൂക്ഷിക്കാന്‍ വാക്കാല്‍ അനുമതി നല്‍കിയത്. ഇതോടൊപ്പം നാട്ടുകാരുടെ നേതൃത്വത്തില്‍ പ്രതിമ സംരക്ഷണ സമിതിയും ഉണ്ടാക്കി.

എന്നാല്‍ പ്രതിമ കൃത്യമായി സ്ഥാപിക്കാന്‍ ഒരിടം ഇതുവരെയും കണ്ടെത്താനായിട്ടില്ല.

ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും ഔദ്യോഗികമായി പ്രതിമ സ്ഥാപിക്കാന്‍ ഒരിടം കണ്ടെത്താനായിട്ടില്ലെന്നും  പ്രതിമ സംരക്ഷണ സമിതി കണ്‍വീനര്‍ പറഞ്ഞു. സംരക്ഷണ സമിതി നിരവധി തവണ പരിശ്രമിച്ചുവെന്നും കുറേ സ്ഥലങ്ങള്‍ കണ്ടെത്തി അധികാരികളുമായി സംസാരിച്ചിരുന്നു. എന്നാല്‍ ആരും സ്ഥലം വിട്ടുതരാന്‍ തയ്യാറിയില്ലെന്ന് പ്രതിമ സംരക്ഷണ സമിതി കണ്‍വീനര്‍ കരുണാകരന്‍ കലമംഗലത്ത് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

പ്രതിമയ്ക്ക് അറുനുറുമുതല്‍ ആയിരംവര്‍ഷംവരെ പഴക്കമുണ്ടാകുമെന്നാണ് ചരിത്രഗവേഷകര്‍ സൂചിപ്പിക്കുന്നത്. നിലവില്‍ ക്ഷത്രത്തിന് സമീപം സൂക്ഷിച്ചിരിക്കുന്ന പ്രതിമയുടെ ഒരുഭാഗം പൊട്ടി അടര്‍ന്ന് വീണിട്ടുണ്ട്. പൊട്ടിവീണ ഭാഗത്ത് നേരത്തെ തന്നെ വിള്ളല്‍ രൂപപ്പെട്ടിരുന്നെന്നും പ്രതിമ മാറ്റി സ്ഥാപിക്കുമ്പോള്‍ പൊട്ടിവീഴുകയായിരുന്നെന്നും കണ്‍വീനര്‍ പറഞ്ഞു. എത്രയും പെട്ടെന്ന് പ്രതിമ സുരക്ഷിതമായ സ്ഥലത്ത് സ്ഥാപിക്കാന്‍ അധികൃതരുടെ ഭാഗത്ത് നിന്നും ഇടപെടല്‍ ഉണ്ടാകണമെന്നും പറഞ്ഞു.