വിദ്യാര്‍ഥികളടക്കമുള്ളവര്‍ക്ക് അപകട ഭീഷണിയുയര്‍ത്തിയ സ്റ്റേഡിയത്തിലെ ഗേറ്റുകള്‍ സുരക്ഷിതമാക്കുന്നു, മറ്റ് അറ്റകുറ്റപ്പണികളും ഉടന്‍ തന്നെ നടത്തുമെന്ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍
കൊയിലാണ്ടി: കൊയിലാണ്ടി സ്റ്റേഡിയത്തിന് അപകട ഭീഷണിയുയര്‍ത്തിയ ഗേറ്റുകള്‍ക്ക് പരിഹാരമാകുന്നു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഇടപെട്ട് ഗേറ്റുകളുടെ അറ്റകുറ്റപ്പണി നടത്തി സുരക്ഷിതത്വം ഉറപ്പാക്കുകയാണ്. സ്റ്റേഡിയത്തിലെ ചുറ്റുമതിലും ഗേറ്റും അപകട ഭീഷണി സൃഷ്ടിക്കുന്നത് സംബന്ധിച്ച് ജനുവരി രണ്ടിന് കൊയിലാണ്ടി ന്യൂസ് ഡോട് കോം വാര്‍ത്ത നല്‍കിയിരുന്നു. വാര്‍ത്ത ചര്‍ച്ചയായതിന് പിന്നാലെയാണ് ഗേറ്റിന്റെ അറ്റകുറ്റപ്പണി തുടങ്ങിയിരിക്കുന്നത്.
സ്റ്റേഡിയത്തിന് ചുറ്റുമായുള്ള നാല് ഗേറ്റുകളാണ് തുരുമ്പ് പിടിച്ച് ഏതുനിമിഷവും വീഴാവുന്ന നിലയിലുള്ളത്. വിദ്യാര്‍ത്ഥികളടക്കം ദിവസേന നൂറുകണക്കിനാളുകള്‍ എത്തുന്ന സ്റ്റേഡിയത്തിന്റെ പ്രധാന ഗേറ്റ് കയറിട്ട് കെട്ടി വച്ച നിലയിലും ചാരിവെച്ച നിലയിലുമായിരുന്നു.
സ്റ്റേഡിയത്തിന്റെ സുരക്ഷിതത്വും സൗകര്യവും ഉറപ്പാക്കുന്നതിന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നേതൃത്വത്തില്‍ നടപടി തുടങ്ങിയെന്ന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് രാജഗോപാലന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ഇതിന്റെ ആദ്യപടിയായാണ് ഗേറ്റിന്റെ പ്രവൃത്തി നടത്തിയത്. സ്റ്റേഡിയത്തില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് ഒഴിവാക്കാന്‍ ഡ്രൈനേജ് സംവിധാനം കാര്യക്ഷമമാക്കുന്നതിനാണ് അടുത്തതായി ഊന്നല്‍ നല്‍കുക. ഇതിന് പുറമേ സ്റ്റേഡിയത്തില്‍ കായിക താരങ്ങള്‍ക്ക് ബാത്ത്‌റൂം സൗകര്യവും ഡ്രസിങ് റൂം സൗകര്യവും ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ വര്‍ഷങ്ങളായുള്ള കൊയിലാണ്ടി സ്റ്റേഡിയത്തിന്റെ ശോചനീയാവസ്ഥയ്ക്ക് കുറേയെങ്കിലും പരിഹാരം കാണാന്‍ ഇതിലൂടെ കഴിയും. അഞ്ച് വര്‍ഷത്തിലേറെയായി സ്റ്റേഡിയത്തിലെ ഗേറ്റുകള്‍ നശിച്ച നിലയിലായിരുന്നു. സ്റ്റേഡിയത്തില്‍ പരിപാടി നടക്കുമ്പോള്‍ ഗേറ്റുകള്‍ സൈഡിലേയ്ക്ക് മാറ്റിവെയ്ക്കുകയും വീണ്ടും പഴപടി മറിച്ചുവെയ്ക്കുകയാണ് ചെയ്തിരുന്നത്. ഏത് നിമിഷവും വീണേക്കാവുന്ന ഗേറ്റുകള്‍ക്ക് സമീപത്തുകൂടി വിദ്യാര്‍ഥികളടക്കം കടന്നുപോകുന്നത് വലിയ തോതിലുള്ള ആശങ്കകള്‍ക്ക് ഇടയാക്കിയിരുന്നു. കൂടാതെ സുരക്ഷിതമായ ഗേറ്റുകളില്ലാത്തതിനാല്‍ സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമായി രാത്രി സമയങ്ങളില്‍ ഇവിടം മാറാറുണ്ടായിരുന്നു.
കേരളോത്സവം, സബ്ജില്ലാ മത്സരം, ഫുട്ബോള്‍ മത്സരങ്ങള്‍ ഉള്‍പ്പെടെ നടക്കുന്ന നിരവധി മത്സരങ്ങള്‍ക്ക് വേദിയായ സ്ഥലമായതിനാല്‍ സുരക്ഷാഭീഷണി വലിയ പ്രശ്‌നമാണ്. പാട്ടക്കരാര്‍ കഴിഞ്ഞ സ്റ്റേഡിയം നഗരസഭ ഏറ്റെടുക്കണമെന്നും സ്‌കൂളിന് വിട്ടുനല്‍കണമെന്നുമുള്ള ആവശ്യങ്ങളും ശക്തമായിരുന്നു.
Summary: The Sports Council said that the gates of the stadium, which posed a danger to students and others, will be secured and other repairs will be carried out soon