മഴ പെയ്തതോടെ മണ്ണ് ഒലിച്ചിറങ്ങി, റോഡ് ചെളിക്കുളമായി; ദുരിതത്തിലായി പുളിയഞ്ചേരി എം.ജി.എൻ കലാസമിതിക്ക് സമീപത്തെ 15- ഓളം വീട്ടുകാർ


കൊയിലാണ്ടി: മഴ പെയ്തതോടെ നിലവിലുണ്ടായിരുന്ന വഴിയുമടഞ്ഞ് ദുരിതത്തിലായി പുളിയഞ്ചേരി എം.ജി.എൻ. കലാസമിതിക്ക് സമീപത്തെ വീട്ടുകാർ. നന്തി – ചെങ്ങോട്ടു കാവ് ബൈപ്പാസ് നിർമ്മാണത്തിനിന്റെ ഭാ​ഗമായി ഇറക്കിയ മണ്ണ് ഇന്നലെയുണ്ടായ ശക്തമായ മഴയിൽ ഒലിച്ചിറങ്ങിയതാണ് ഇപ്പോഴത്തെ യാത്രാദുരിതത്തിന് കാരണം. പാതയിൽ ചെളി നിറഞ്ഞ് നിൽക്കുന്നതിനാൽ കാൽനടപോലും പ്രയാസമാണെന്ന് പ്രദേശവാസിയായ നാഗത്ത് ബാലൻ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

പ്രശ്നം ഹെെവേ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ചെളിമാറ്റുന്നതിനായി അവർ ജെസിബിയും വിട്ടു, എന്നാൽ ചെളിയിൽ വണ്ടി താഴ്ന്ന് പോയതിനാൽ പാതയിലെ ചെളി നീക്കാതെ ജെസിബി തിരികെ പോവുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പ്രദേശത്തെ 15 ഓളം വീട്ടുകാരാണ് ഇതേ തുടർന്ന് ദുരിതത്തിലായത്. യാത്രാ പ്രശ്നത്തിന് ശാശ്വതമായ പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മെയിൻ കനാലിന് കുറുകെ പാലം നിർമ്മിക്കുന്നതിന്റെ ഭാഗമായി ബൈപ്പാസിനിരുഭാഗത്തും കൂറ്റൻ കോൺക്രീറ്റ് ഭിത്തി നിർമ്മിച്ചതോടെയാണ് ഇവരുടെ വീടുകളിലേക്കുള്ള വഴി തടസപ്പെട്ടത്. വഴി ഉറപ്പാക്കണമെന്നാവശ്യപ്പട്ട് നാട്ടുകാർ നേരത്തെ നിർമ്മാണ പ്രവൃത്തി തടഞ്ഞിരുന്നു. ഇവർ ഉപയോഗിച്ചു വന്ന റോഡിൻ്റെ ഭാഗം ഒഴിവാക്കിയായിരുന്നു ഭിത്തി നിർമ്മിച്ചത്. നാട്ടുകാർക്ക് ബൈപ്പാസിൽ കയറി യാത്ര ചെയ്യാനും കഴിഞ്ഞിരുന്നു. കൂടാതെ ബദൽ റോഡിനുള്ള സ്ഥലം പ്രദേശവാസികൾ ചേർന്ന് വില കാെടുത്ത് വാങ്ങിയെങ്കിലും വൈദ്യുതി തൂൺ മാറ്റാത്തതിനാൽ വാഹനഗതാഗതം സാധ്യമാവില്ലെന്ന സ്ഥിതിയായി.

എന്നാൽ ഒഴിച്ചിട്ട ഭാഗത്ത് കൂടി ഭിത്തി നിർമ്മിക്കാൻ തുടങ്ങിയതോടെയാണ് നാട്ടുകാർ പ്രതിഷേധിച്ചത്. പ്രതിഷേധത്തെ തുടർന്ന് കരാർ കമ്പനി അധികൃതർ സ്ഥലത്തെത്തി ചർച്ച നടത്തി. യാത്രാ പ്രശ്നം പരിഹരിച്ചശേഷമേ ഭിത്തി നിർമ്മാണം നടത്തുകയുള്ളുവെന്ന് നാട്ടുകാർക്ക് ഉറപ്പ് നൽകിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. എന്നാൽ വേനൽമഴയിൽ തന്നെ രണ്ട് വഴിയിലും ചെളി നിറഞ്ഞ് നടന്ന് പാേകാൻ പാേലും പറ്റാത്ത സ്ഥിതിയിലായി.