സിനിമ മേഖലയിൽ സ്ത്രീക്കും പുരുഷനും തുല്യവേതനം നടപ്പാക്കുക അസാധ്യം; പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി


തിരുവനന്തപുരം: സിനിമ മേഖലയിൽ സ്ത്രീക്കും പുരുഷനും തുല്യവേതനം ഉറപ്പാക്കണമെന്ന നിർദേശം അപ്രായോഗികവും അസാധ്യവുമാണെന്ന് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. ഓരോ സിനിമയിലും വിപണിമൂല്യവും സർഗാത്മക മികവും കണക്കാക്കിയാണ് അഭിനേതാക്കൾക്ക് പ്രതിഫലം നിശ്ചയിക്കുന്നത്.

സ്ത്രീക്കും പുരുഷനും തുല്യവേതനമെന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശ ബാലിശമാണ്. വേതനം തീരുമാനിക്കുന്നത് നിർമാതാവിൻറ വിവേചനാധികാരമാണ്. ഇക്കാര്യങ്ങൾ ചൂണ്ടികാണിച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി.

പുരുഷുന്മാരേക്കാൾ പ്രതിഫലം വാങ്ങുന്ന സ്ത്രീകൾ സിനിമയിൽ ഉണ്ടെന്നും കത്തിലുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ട് പഠിച്ചശേഷമാണ് കത്ത് നൽകിയതെന്ന് അസോസിയേഷൻ അറിയിച്ചു. കഥയിലും കഥാപാത്രത്തിലും സ്ത്രീകൾക്ക് സംവരണം വേണമെന്ന ശുപാർശ പരിഹാസ്യമാണെന്നും ഇത്തരം നിർദേശങ്ങളിൽ വ്യക്തത വേണം എന്നും കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ കത്തിൽ ആവശ്യപ്പെട്ടു.

ഹേമ കമ്മിറ്റിയിൽ സിനിമയിൽ സജീവ സാന്നിധ്യം ഉള്ളവരെ കൂടി ഉൾപ്പെടുത്തണമായിരുന്നുവെന്നും കത്തിൽ അസോസിയേഷൻ വിമർശനം ഉന്നയിക്കുന്നുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം ഇതാദ്യമായാണ് ഒരു സിനിമ സംഘടന സർക്കാരിനോട് പ്രതികരിക്കുന്നത്.

Summary: The Producers Association has given a letter to the Chief Minister.