ഒരാഴ്ച മുന്‍പ് കോഴിക്കോട് നിന്നും സ്‌കൂട്ടര്‍ മോഷ്ടിച്ചു; നഗരത്തിലെ വിവിധയിടങ്ങളില്‍ മോഷ്ടിച്ച സ്‌കൂട്ടറുമായി കറങ്ങി നടന്നു, ഒടുവില്‍ പ്രതിയെ ചേവായൂരില്‍ വെച്ച് പിടികൂടി പോലീസ്


കോഴിക്കോട്: കോഴിക്കോട് നിന്നും മോഷ്ടിച്ച സ്‌കൂട്ടറുമായി നഗരത്തിലെ വിവിധയിടങ്ങളില്‍ യാത്ര നടത്തിയ പ്രതിയെ ചേവായൂരില്‍വെച്ച് പിടികൂടി പോലീസ്. കുമാരസ്വാമി സ്വദേശി ഡാനിസണ്‍ (40) എന്നയാളെയാണ് പോലീസ് പിടികൂടിയത്. ബീച്ച് റോഡില്‍വെച്ച് 10.10.24 ന് കാണാതായ കോഴിക്കോട് സ്വദേശിയുടെ KL11 BJ 5049 നമ്പര്‍ സ്‌കൂട്ടറുമായാണ് പോലീസ് ഇയാളെ പിടികൂടിയത്.

ഈ സ്‌കൂട്ടറുമായി നഗരത്തിലെ വിവിധയിടങ്ങളില്‍ ഓടിച്ചുവരുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഇന്ന് കക്കോടി ഭാഗത്തുനിന്നും സിറ്റി ഭാഗത്തേക്ക് ഓടിച്ചു വരുന്നതായ വിവരം ക്യാമറകള്‍ പരിശോധിച്ച് കണ്ടെത്തുകയായിരുന്നു. ഉടന്‍തന്നെ സിറ്റി പോലീസ് കണ്‍ട്രോള്‍ റൂമില്‍ നിന്നുള്ള വിവരമനുസരിച്ച് കണ്‍ട്രോള്‍ റൂം വാഹനത്തിലെ ഡ്യൂട്ടിക്കാരായ എസ്.ഐ ആറോണ്‍ റോണി, സി.പി.ഓ ഇമ്പിച്ചിക്കോയ, ഡ്രൈവര്‍ എ.എസ്.ഐ ബൈജു എന്നിവര്‍ ചേര്‍ന്ന് വാഹനത്തെ പിന്തുടര്‍ന്ന് ചേവായൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ തടമ്പാട്ട് താഴത്ത് വെച്ച് ഇന്ന് വൈകീട്ട് 4.30 യോടെ പിടികൂടുകയായിരുന്നു.

ഇയാള്‍ നേരത്തെയും മറ്റ് കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. പ്രതിയെ മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കിയ ശേഷം കോടതിയില്‍ ഹാജരാക്കും.

Summary:The police arrested the accused in Chevayur who traveled to different parts of the city with a scooter stolen from Kozhikode.