രാത്രിയുടെ മറവില്‍ ഊരള്ളൂര്‍ ടൗണിലെ നെല്‍വയല്‍ മണ്ണിട്ട് നികത്തി; ഉടനടി ഇടപെട്ട് വയല്‍ സംരക്ഷണസമിതി, നികത്തിയ മണ്ണ് നീക്കം ചെയ്യിച്ച് അരിക്കുളം വില്ലേജ് ഓഫീസറും നാട്ടുകാരും


ഊരള്ളൂര്‍: രാത്രിയുടെ മറവില്‍ ഊരള്ളൂര്‍ ടൗണിലെ നെല്‍വയല്‍ നികത്തിയത് നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞു. കലക്ടര്‍, വില്ലേജ് ഓഫീസര്‍ എന്നിവര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നികത്തിയ മണ്ണ് നീക്കം ചെയ്യാന്‍ നടപടിയെടുക്കുകയായിരുന്നു.

ഇന്നലെ രാത്രിയാണ് ചിറയില്‍ രത്‌നയുടെ ഉടമസ്ഥതയിലുള്ള വയല്‍ മണ്ണിട്ട് നികത്തിയത്. സംഭവം ശ്രദ്ധയില്‍പ്പെട്ട വയല്‍ സംരക്ഷണ സമിതിയാണ് കലക്ടര്‍ക്കും വില്ലേജ് ഓഫീസര്‍ക്കും ഇതുസംബന്ധിച്ച് പരാതി നല്‍കിയത്. രാവിലെ വില്ലേജ് ഓഫീസര്‍ സ്ഥലത്തെത്തുകയും മണ്ണ് നീക്കം ചെയ്യാന്‍ നിര്‍ദേശം നല്‍കുകയും ചെയ്‌തെങ്കിലും ഉടമ നീക്കം ചെയ്യാന്‍ തയ്യാറായില്ല. തുടര്‍ന്ന് അരിക്കുളം വില്ലേജിന്റെയും വയല്‍ സംരക്ഷണ സമിതിയുടെയും നേതൃത്വത്തില്‍ മണ്ണ് എടുത്തുമാറ്റാന്‍ നടപടിയെടുക്കുകയായിരുന്നു.

വയല്‍ നികത്തിയതിനെതിരെ നിയപരമായ നടപടികളുമായി മുന്നോട്ടുപോകുമെന്ന് അരിക്കുളം വില്ലേജ് ഓഫീസര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ രാജന്‍.ടി.എം, ശ്രീജിത്ത്.എം.ടി, ശശി ഊട്ടേരി, ശങ്കരന്‍നായര്‍ ടി.ടി, എ.കെ.എന്‍.അടിയോടി, റിയാസ് ഊട്ടേരി, രഞ്ജിത്ത് ടി.പി, രാഗീഷ്.എം.കെ, പി.ദാമോദരന്‍, സുമേഷ് സുധര്‍മ്മന്‍, രവി ചാലയില്‍ എന്നിവര്‍ മണ്ണ് നീക്കം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.