‘പേഴ്‌സില്‍ പണവും രേഖകളും ഉണ്ടെന്ന് തോന്നിയതോടെ മഴയത്ത് ഇട്ട് പോകാനും തോന്നിയില്ല’; കൊയിലാണ്ടി മാര്‍ക്കറ്റ് പരിസരത്ത് വെച്ച് കളഞ്ഞ്കിട്ടിയ പേഴ്‌സ് ഉടമയെ ഭദ്രമായി തിരിച്ചേല്‍പ്പിച്ച് ഹോട്ടല്‍ ഉടമ പറവക്കൊടി കുഞ്ഞിരാമന്‍


കൊയിലാണ്ടി: കളഞ്ഞുകിട്ടിയ പണവും വിലപ്പെട്ട രേഖകളും അടങ്ങിയ പേഴ്‌സ് ഉടമസ്ഥനെ ഭദ്രമായി തിരിച്ചേല്‍പ്പിച്ച് ഹോട്ടല്‍ ഉടമ. കൊയിലാണ്ടി രംഭ ഹോട്ടല്‍ ഉടമ പുളിയഞ്ചേരി പറവക്കൊടി കുഞ്ഞിരാമനാണ് മാതൃകകാട്ടിയത്.

ഇന്നലെ രാവിലെ മാര്‍ക്കറ്റ് പരിസരത്ത് വെച്ചാണ് കുഞ്ഞിരാമന് പേഴ്‌സ് കളഞ്ഞ്കിട്ടുന്നത്. ഉടനെ തന്നെ സമീപത്തെ കടകളിലും മറ്റും ആരുടെതാണെന്ന് തിരക്കുകയും ചെയ്തു. എന്നാല്‍ ആര്‍ക്കും വിവരമൊന്നും അറിയില്ലായിരുന്നു. തുടര്‍ന്ന് വലിയ മഴ പെയ്തതിനാല്‍ പേഴ്‌സ് ഭദ്രമായി ഹോട്ടലില്‍ കൊണ്ടുവെച്ചു. എനിയ്ക്ക് കണ്ണ് അത്രകാണാത്തത് കാരണം ഐഡിരേഖകളും ഒന്നും അത്ര വ്യക്തമായില്ല, പേഴ്‌സില്‍ പണവും രേഖകളും ഉണ്ടെന്ന് തോന്നിയത് കൊണ്ട് മഴയത്ത് ഇട്ട് പോകാനും തോന്നിയില്ലെന്ന് കുഞ്ഞിരാമന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

പേഴ്‌സിലെ ഫോട്ടോ നോക്കി ഇന്ന് രാവിലെ മാര്‍ക്കറ്റ് പരിസരത്ത് കൂടി ഒന്നുകൂടി ആരെങ്കിലും പേഴ്‌സ് തപ്പുന്നുണ്ടോ നോക്കി ഇറങ്ങിയതായിരുന്നു കുഞ്ഞിരാമന്‍. തേടിയ വള്ളി കാലില്‍ചുറ്റി എന്നും പറയുംപോലെ അവിടെ വെച്ച് പേഴ്‌സിലെ ഫോട്ടോയിലുളള ആള്‍ പേഴ്‌സ് തപ്പി നടക്കുകയായിരുന്നു. ഉടനെ ഇയാളെ കുഞ്ഞിരാമന്‍ തിരിച്ചറിയുകയും കാര്യം ചോദിച്ചപ്പോള്‍ പേഴ്‌സ് കാണാതായ വിവരം പറഞ്ഞതോടെ താന്‍ ഭദ്രമായി ഹോട്ടലില്‍ സൂക്ഷിച്ചുണ്ടെന്ന മറുപടിയും നല്‍കിയെന്ന് കുഞ്ഞിരാമന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

പുളിയഞ്ചേരി സ്വദേശിയായ കണ്ണി കുളത്തില്‍ സാദിഖിന്റെ പേഴ്‌സായിരുന്നു ഇന്നലെ നഷ്ടപ്പെട്ടത്. പേഴ്‌സ് കണ്ടുകിട്ടിയെന്നഅറിഞ്ഞതോടെ കുടുംബസമേതം സാദിഖ് ഹോട്ടലില്‍ വന്ന് പേഴ്‌സ് കൈപ്പറ്റി കുഞ്ഞിരാമനോടുളള നന്ദിയും കടപ്പാടും അറിയിച്ചാണ് മടങ്ങിയത്. പേഴ്‌സ് കണ്ടുകിട്ടിയിട്ടുണ്ടെന്ന് പറഞ്ഞപ്പോള്‍ അയാള്‍ക്ക് വലിയ സന്തോഷമായെന്ന് കുഞ്ഞിരാമന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.