45 ലക്ഷത്തിലധികം ചിലവഴിച്ച് സ്ഥാപിച്ചത് 12 പ്ലാന്റുകൾ, ഇപ്പോൾ പ്രവർത്തിക്കുന്നത് മൂന്നെണ്ണം മാത്രം; കൊയിലാണ്ടി ന​ഗരസഭയിലെ തുമ്പൂര്‍ മുഴി പ്ലാന്റുകളുടെ പ്രവർത്തനം അവതാളത്തിൽ


കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയില്‍ ജൈവ മാലിന്യ സംസ്‌ക്കരണത്തിനായി സ്ഥാപിച്ച തുമ്പൂര്‍ മുഴി പ്ലാന്റുകളുടെ പ്രവർത്തനം ശോചനീയാവസ്ഥയിൽ. ആകെ സ്ഥാപിച്ച 12 പ്ലാന്റുകളിൽ നിലവിൽ പ്രവർത്തിക്കുന്നത് നാലെണ്ണം മാത്രം. 2017-18 വര്‍ഷം മുതലാരംഭിച്ച പദ്ധതിക്കായി നിലവിൽ 45,18,931 രൂപയാണ് ചിലവാക്കിയത്.

ജെെവ മാലിന്യ സംസ്ക്കരണത്തിനായി 2017 മുതൽ 2023 വരെയുള്ള സാമ്പത്തിക വർഷങ്ങളിലായാണ് 12 തുമ്പൂര്‍ മുഴി പ്ലാന്റുകൾ സ്ഥാപിച്ചത്. ആകെ 45,18,931 രൂപയാണ് തുമ്പൂര്‍മുഴി പ്ലാന്റുകള്‍ സ്ഥാപിക്കാന്നായി നഗരസഭ ചെലവഴിച്ചത്. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 15,13,600 രൂപയും, 2018-19 വര്‍ഷത്തില്‍ 20,60,170 രൂപയും, 2019-20 വര്‍ഷത്തില്‍ 7,46,960 രൂപയും, 2022-23 വര്‍ഷത്തില്‍ 1,98,201 രൂപയുമാണ് നഗരസഭ ചെലഴിച്ചത്.

പുതിയ ബസ് സ്റ്റാന്റിന് വടക്ക് ഭാഗത്തും കിഴക്കു വശത്തും, കൊല്ലം മത്സ്യമാര്‍ക്കറ്റ് കെട്ടിടത്തിന് മുകളില്‍, കോതമംഗലം ഗവ എല്‍ പി സ്‌കൂള്‍, കൊയിലാണ്ടി ഗവ. ജി.വി.എച്ച്.എസ്.എസ്, ഗവ മാപ്പിള വി.എച്ച്.എസ്.എസ്, പന്തലായനി ഗവ: എച്ച്.എസ്.എസ്, താലൂക് ആശുപത്രി കോമ്പൗണ്ട്, ടൗണ്‍ഹാളിന്റെ കിഴക്ക് ഭാഗം, മിനി സിവില്‍ സ്റ്റേഷന്‍ പരിസരം, മാര്‍ക്കറ്റ് കെട്ടിടത്തിന് മുകള്‍ ഭാഗം, ഹോമീയോ ആശുപത്രി എന്നിവിടങ്ങളിലാണ് പ്ലാന്റ് സ്ഥാപിച്ചത്. എന്നാൽ ഇത് മുഴുവനും ഇപ്പോൾ പ്രവർത്തിക്കുന്നില്ല.  കൊല്ലം മത്സ്യമാര്‍ക്കറ്റിലെയും, മിനി സിവില്‍ സ്റ്റേഷനിലേയും പ്ലാന്റുകളും മാത്രമാണ് ഇപ്പോൾ പ്രവര്‍ത്തിക്കുന്നത്.

കോതമംഗലം ​ഗവ. എല്‍ പി സ്‌കൂളില്‍ 1,08,430 രൂപ ചെലവില്‍ നിര്‍മ്മിച്ച തുമ്പൂര്‍ മുഴി പ്ലാന്റ് ഇപ്പോൾ നിലവിലില്ല. നഗരസഭയറിയാതെ ആണ് പ്ലാന്റ് പൊളിച്ചു നീക്കിയത്. നഗരസഭ സ്ഥാപിച്ച തുമ്പൂര്‍ മുഴി പ്ലാന്റ് പൊളിച്ചു മാറ്റുന്നതിന് ആരും അപേക്ഷ നല്‍കിയിട്ടില്ലെന്ന് നഗരസഭാ അധികൃതർ പറയുന്നു.

നരസഭയിലെ മാലിന്യ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന് പറഞ്ഞാണ് തുമ്പൂര്‍ മുഴി പ്ലാന്റ് കൊയിലാണ്ടിയിൽ നടപ്പിലാക്കിയത്. എന്നാൽ ഇതൊന്നും പ്രാവർത്തികമാക്കാൻ ന​ഗരസഭയ്ക്ക് സാധിച്ചിട്ടില്ലെന്ന് നഗരസഭ കൗണ്‍സിലര്‍ കേളോത്ത് വത്സരാജ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. തുമ്പൂര്‍ മുഴി പ്ലാന്റിലൂടെ ജെെവ വളം നിർമ്മിക്കാൻ സാധിക്കുമെന്നും ഇത് കുറഞ്ഞ വിലയ്ക്ക് കർഷകർക്ക് ലഭ്യമാക്കുമെന്നാണ് പറഞ്ഞത്. എന്നാൽ ഇതൊന്നും നടപ്പിലായിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. അനുവാദമില്ലാതെ കോതമംഗലം ​ഗവ. എല്‍ പി സ്‌കൂളിലെ പ്ലാന്റ് പൊളിച്ച് മാറ്റിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പ്ലാന്റിന്റെ നിർമ്മാണത്തിലും പരിചരണത്തിലും ചില ആപാകതകൾ സംഭവിച്ചിട്ടുണ്ടെന്നും ഇത് പരിഹരിച്ച് മുന്നോട്ട് പോകുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ച് വരികയാണെന്ന് ന​ഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ന​ഗരസഭയുടെ അനുമതിയില്ലാതെയാണ് കോതമംഗലം ​ഗവ. എല്‍ പി സ്‌കൂളിലെ പ്ലാന്റ് പൊളിച്ച് നീക്കിയത്. ഈ സംഭവത്തിൽ സ്കൂളിനോട് വിശദീകരണം ആവശ്യപ്പെടാൻ സെക്രട്ടറിക്ക് നിർദേശം നൽകുമെന്നും ചെയർപേഴ്സൺ പറഞ്ഞു.

Summary: The operation of Thumbur Muzhi plants in Koyilandi Municipal Corporation is in decline