അപകട മേഖലയായി കൊയിലാണ്ടി താലൂക്ക് ആശുപത്രിയ്ക്ക് മുന്‍വശത്തുള്ള ദേശീയപാത; ഗതാഗത നിയന്ത്രണത്തിന് സ്ഥിരം ട്രാഫിക് പൊലീസ് സംവിധാനം ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു
കൊയിലാണ്ടി: അപകടങ്ങള്‍ തുടര്‍ക്കഥയാകുന്ന ദേശീയപാതയില്‍ താലൂക്ക് ആശുപത്രിക്ക് മുന്‍വശം സ്ഥിരമായി ട്രാഫിക് പോലീസ് സംവിധാനം വേണമെന്നാവശ്യം ശക്തമാകുന്നു. അടുത്തിടെ ആശുപത്രിയില്‍ എത്തിയ രണ്ടുപേരാണ് റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനം ഇടിച്ച് ഇവിടെ മരണപ്പെട്ടത്. കഴിഞ്ഞ മാര്‍ച്ചില്‍ റോഡ് ക്രോസ് ചെയ്യുന്നതിനിടെ ലോറിയിടിച്ച് ആശുപത്രിയില്‍ ഡയാലിസിസ് ചെയ്യാനെത്തിയ രോഗി മരിച്ചിരുന്നു. ഇതിന് പിന്നാലെയും ഇവിടെ ചെറിയ ചെറിയ അപകടങ്ങളുണ്ടായിരുന്നു.
താലൂക്ക് ആശുപത്രിയുടെ തൊട്ടടുത്താണ് ട്രാഫിക് പോലീസ് സ്റ്റേഷന്‍ യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. താലൂക്ക് ആശ്യപത്രിയുടെ മുന്‍വശം ദേശീയ പാതയില്‍ സ്ഥിരം പോലിസ് സംവിധാനം ഏര്‍പ്പെടുത്തുകയും കാല്‍ നടയാത്രികര്‍ റോഡ് സുരക്ഷാ നിയമം കൃത്യമായി പാലിക്കുകയും ചെയ്താല്‍ മാത്രമേ അപകടരഹിത ഇടമായി ആശുപത്രിയുടെ മുന്‍വശത്തുളള ദേശീയ പാത മാറുകയുള്ളൂവെന്നാണ് ഇവിടെയുള്ള ഡ്രൈവര്‍മാരടക്കം പറയുന്നു.
ആശുപത്രിയുടെ മുന്‍വശം ദേശീയ പാതയില്‍ വലിയ യാത്രാദുരിതമാണ്. തെക്ക് ഭാഗം ഓട്ടോ പാര്‍ക്കിംഗ് ഏരിയയും വടക്ക് ഭാഗം അനധികൃതമായ ഇരുചക്ര വാഹനങ്ങളും പാര്‍ക്ക് ചെയ്യുന്നുണ്ട്. നേരെ കിഴക്ക് ഭാഗത്ത് ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മുതല്‍ റജിസ്ട്രാര്‍ ഓഫീസ് വരെ ആംബുലന്‍സുകള്‍ ജിപ്പ്, ടാക്‌സി എന്നിവയും കയ്യടക്കിവെച്ചിരിക്കയാണ്. ഇതിനിടയില്‍ ലോക്കല്‍ ബസ്സുകള്‍ ആശുപത്രിക്ക് മുന്‍വശത്ത് നിര്‍ത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുക്കയും ചെയ്യുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ അപകട സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.
ഫുട്പാത്തുണ്ടായിട്ടും കാല്‍നടയാത്രക്കാര്‍ റോഡിലൂടെ നിരന്ന് നടക്കുന്നതും അപകടസാധ്യത വര്‍ധിപ്പിക്കുകയാണ്. ദേശീയപാതയിലേക്ക് രണ്ട് റോഡുകള്‍ വന്നു ചേരുന്നുണ്ട്. പഴയപോലീസ് സ്റ്റേഷന്‍ റോഡും കിഴക്ക് ഭാഗത്ത് നിന്ന് നടേലക്കണ്ടി റോഡുമാണ് ആശ്യപത്രിയുടെ മുന്‍വശത്തേക്ക് വന്ന് ചേരുന്നത്. ഈ ജംഗ്ഷനില്‍ താലൂക്ക് ആശുപത്രിയെ സൂചിപ്പിക്കുന്ന സൂചനാ ബോര്‍ഡ് ഇല്ലാത്തതിനാല്‍ ദീര്‍ഘദൂര വാഹനങ്ങള്‍ അതിവേഗതയിലാണ് പാഞ്ഞ് പോകുന്നത്. താലൂക്ക് ആശുപത്രിയുടെ മുന്‍വശത്ത് ദേശീയ പാതയില്‍ മൂന്നിടത്തുണ്ടായിരുന്ന സീബ്രാ ലൈനുകള്‍ മാഞ്ഞിട്ട് മാസങ്ങളായി. ഗതാഗത പ്രശ്‌നം പരിഹരിക്കാന്‍ താലൂക്ക് തല ട്രാഫിക് അഡൈ്വസറി ബോര്‍ഡ് ഉണ്ടെങ്കിലും ഇത്തരം വിഷയങ്ങളൊന്നും അവരുടെ അജണ്ടയില്‍ വരുന്നില്ലന്നാണ് മറ്റൊര് ആക്ഷേപം.