സമുദ്രനിരപ്പിൽനിന്ന്‌ 2500 അടിയോളം ഉയരത്തിൽ, കാപ്പാടും വെള്ളിയാങ്കല്ലും ധർമടം തുരുത്തുമെല്ലാം കാണാം; കൂരാച്ചുണ്ടിലെ നമ്പിക്കുളം ഇക്കോ ടൂറിസംപദ്ധതി ജനുവരിയിൽ പൂർത്തീകരിക്കും


കൂരാച്ചുണ്ട്: വിനോദ സഞ്ചാരികളുടെ ആകർഷണമായി മാറിയ ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ കൂരാച്ചുണ്ട് പഞ്ചായത്തിലെ കാറ്റുള്ളമല നമ്പികുളം പദ്ധതിക്ക് ശാപമോക്ഷമാകുന്നു. കഴിഞ്ഞ നാല് വർഷമായി ഇഴഞ്ഞു നീങ്ങുകയായിരുന്ന ഒന്നരക്കോടി രൂപയുടെ പ്രവൃത്തി 2023 ജനുവരി ആദ്യവാരത്തിൽ പൂർത്തീകരിച്ച് ഉദ്ഘാടനം ചെയ്യുന്നതിന് കെ.എം.സച്ചിൻദേവ് എം.എൽ.എ കലക്ടറേറ്റിൽ വിളിച്ചു ചേർത്ത യോഗത്തിൽ തീരുമാനമായി.

കൂരാച്ചുണ്ട്, പനങ്ങാട് കോട്ടൂർ പഞ്ചായത്തുകൾ അതിർത്തിപങ്കിടുന്ന പ്രദേശമാണിത്. സമുദ്രനിരപ്പിൽനിന്ന്‌ 2500 അടിയോളം ഉയരത്തിലുള്ള നമ്പികുളത്തെത്തിയാൽ താഴ്‌വാരത്തിന്റെ മനോഹരമായ കാഴ്ചകൾ ആസ്വദിക്കാനാകും. കാപ്പാട് ബീച്ച്, വെള്ളിയാങ്കല്ല്, ധർമടം തുരുത്ത്, വയനാടൻ മലനിരകൾ, പെരുവണ്ണാമൂഴി ഡാം എന്നിവയുടെ പ്രകൃതിഭംഗി ആസ്വദിക്കാനാവും.

2016-ലാണ് നമ്പിക്കുളത്ത് ടൂറിസം വികസന പദ്ധതി നടപ്പാക്കാൻ ശ്രമങ്ങൾ തുടങ്ങിയത്. നാട്ടുകാർ സൗജന്യമായി വിട്ടുനൽകിയ 2.56 ഏക്കർ സ്ഥലത്ത് നാലുവർഷംമുമ്പ് പ്രവൃത്തികൾ ആരംഭിച്ചു. സർക്കാർ ഒന്നര കോടി രൂപയാണ് ആദ്യഘട്ട വികസനത്തിനായി അനുവദിച്ചത്. കേരള ഇലക്ട്രിക്കൽ ആൻഡ്‌ അലൈഡ് എൻജിനിയറിങ്‌ ലിമിറ്റഡിനാണ് നിർമാണ ചുമതല. പ്രകൃതിയെസംരക്ഷിച്ചുള്ള ഇക്കോ ടൂറിസവും സാഹസികടൂറിസവും സമന്വയിപ്പിച്ച് പദ്ധതി നടപ്പാക്കാനായിരുന്നു ഉദ്ദേശ്യം.

പാർക്കിങ്‌ ഏരിയ, ശൗചാലയം, മരത്തിന് ചുറ്റുമുള്ള ഇരിപ്പിടങ്ങൾ, വ്യൂ ടവർ, കുടിവെള്ളം സൗകര്യം, വൈദ്യുതീകരണം, പെയിന്റിങ്‌, ടൈൽ പ്രവൃത്തികൾ തുടങ്ങിയവ പൂർത്തീകരിക്കാനുണ്ട്. കുത്തനെയുള്ള കയറ്റം കയറിയാണ് ടൂറിസം കേന്ദ്രത്തിലേക്ക് എത്തേണ്ടത്. ഇവിടേക്ക് നല്ല റോഡ് സൗകര്യവും ഒരുക്കിയാലേ യാത്രക്കാർക്ക് എത്തിപ്പെടാൻ പറ്റൂ. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി റോഡ് നവീകരണം നടത്തുന്നതും പരിഗണനയിലാണ്. എരപ്പാൻ തോട് റോഡിൽനിന്ന് നമ്പിക്കുളത്തേക്ക് എത്താൻ അഞ്ചുകിലോമീറ്ററോളം ദൂരമുണ്ട്. 1.8 കിലോമീറ്റർ പഞ്ചായത്ത് റോഡുണ്ട്. 500 മീറ്റർ തൊഴിലുറപ്പ് പദ്ധതിയിൽ നേരത്തെ നവീകരിച്ചിട്ടുണ്ട്. ശേഷിക്കുന്ന ദൂരത്തെ പാതയാണ് നന്നാക്കാനുള്ളത്.

അവലോകനയോഗത്തിൽ കളക്ടർ എൻ. തേജ് ലോഹിത് റെഡ്ഡി, ഡി.ടി.പി.സി. സെക്രട്ടറി നിഖിൽ ദാസ്, ടൂറിസം കമ്മിറ്റി കൺവീനർ സോണി പുന്നമറ്റത്തിൽ കെൽ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. പ്രവൃത്തിയുടെ കാര്യങ്ങൾ വിലയിരുത്താൻ എം.എൽ.എ., കളക്ടർ, ജനപ്രതിനിധികൾ എന്നിവർ അടുത്തുതന്നെ സ്ഥലം സന്ദർശിക്കും.


Summary: you can see kappad beach, velliyakallu, and dharmadam turuthu; The Nambikulam eco-tourism project in Koorachund will be completed in January